കോഴിക്കോട്: രാഷ്‌ട്രത്തിനു വേണ്ടി സ്വയംസമര്‍പ്പിച്ച് യുവസമൂഹത്തിന്റെ കൂട്ടയോട്ടം. റണ്‍ ഫോര്‍ ദി നാഷന്‍ എന്ന മുദ്രാവാക്യവുമായി ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ നൂറുകണക്കിന് യുവതീയുവാക്കള്‍ പങ്കെടുത്തു. ഏപ്രില്‍ 6 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാഭാരതം ദേശരക്ഷാ സംഗമത്തിന്റെ മുന്നോടിയായിട്ടായിരുന്നു കൂട്ടയോട്ടം. ദേശസ്‌നേഹം അശ്ലീലമല്ലെന്നും തങ്ങളുടെ ഹൃദയത്തില്‍ അലിഞ്ഞ വികാരമാണെന്നുമുള്ള സന്ദേശവുമായി യുവാക്കള്‍ കൂട്ടയോട്ടത്തില്‍ അണിനിരന്നു. ചുംബനസമര വൈകൃതങ്ങള്‍ അരങ്ങേറിയ നഗരവീഥികളില്‍ ദേശീയതയുടെ മന്ത്രമേറ്റു വിളിച്ചുകൊണ്ട് നവയുവസമൂഹം അണിനിരന്നത് നഗരത്തിലെ പുതിയകാഴ്ചയായി. ആധ്യാത്മികാചാര്യന്മാരുടെ സാന്നിധ്യവും നേതൃത്വവും കൂടിയായപ്പോള്‍ കൂട്ടയോട്ടം പുതിയവഴിത്തിരിവിന് നാന്ദി കുറിക്കുന്നതായി. റണ്‍ഫോര്‍ ദി നാഷന്‍ എന്നെഴുതിയ ടീഷര്‍ട്ട് അണിഞ്ഞും, വിവിധക്ലബ്ബുകളുടെ യൂണിഫോമണിഞ്ഞും എത്തിയവരും, കൂടാതെ എന്‍സിസി കാഡറ്റുകളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ അച്ഛന്‍ കേണല്‍ പി.കെ.പി.വിശ്വനാഥ പണിക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സൗത്ത് ഏഷ്യന്‍ കിക്ക് ബോക്‌സിംഗ് ഗോള്‍ഡ് മെഡലിസ്റ്റ് ഒ. മിഥുന്‍ രാജ് ദീപശിഖയേന്തി.സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുത്ത ഓട്ടത്തില്‍ വെള്ളയില്‍ എന്‍.പി. രൂപേഷിന്റെ രണ്ടര വയസ്സുകാരനായ മകന്‍ ഷൈലേന്ത് മുതല്‍ സപ്തതിപിന്നിട്ട ഇ.കരുണാകരന്‍ വരെ പങ്കെടുത്തു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത കൂട്ടയോട്ടം മാനാഞ്ചിറ പ്രദിക്ഷണം വെച്ച് മുതലക്കുളം മൈതാനിയില്‍ സമാപിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളായ സൈനികര്‍ക്ക് സമാപന ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
















