കോഴിക്കോട്: പയ്യോളിയില്‍ പോലീസ് സിപിഎമ്മിന് വിടുപണി ചെയ്യുന്നത് നോക്കി നില്ക്കാനാവില്ലെന്നും ബലിദാനി മനോജിന്റെ ഭാര്യയെ ജയിലിലടയ്‌ക്കാനുള്ള പോലീസിന്റെ നീക്കം അപലപനീയമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പയ്യോളിയിലെ ബലിദാനി സിടി മനോജിന്റെ ഭാര്യ പുഷ്പയെ വധശ്രമക്കേസില്‍പെടുത്തിയ പോലീസ് നടപടി അംഗീകരിക്കാനാവില്ല. അനാരോഗ്യവും ഭര്‍ത്താവ് കൊല്ലപ്പെട്ട ദുരന്തവും പേറി നടക്കുന്ന സ്ത്രീയെ വധശ്രമത്തിന്റെ പേരില്‍ ജയിലിലാക്കാന്‍ സിപിഎം ആഗ്രഹിക്കുന്നത് മനസിലാക്കാം. എന്നാല്‍ പോലീസ് ഇതിന് കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാവില്ല. മനോജ് കൊലപാതകക്കേസിലെ സുപ്രധാന സാക്ഷിയാണ് പുഷ്പ. സാക്ഷികള്‍ ക്രിമനലുകള്‍ ആണെന്ന് വരുത്തിത്തീര്‍ത്ത് കേസ് ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള നീക്കമാണ് ഇതിനു പിന്നില്‍.
കേസ് അട്ടിമറിക്കാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ നിരാശയില്‍ സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയാണ്.
പുഷ്പയെ അക്രമിച്ച പ്രതിയെ മാരാകായുധവുമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നിട്ടും ദുര്‍ബലമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത് എന്നത് സിപിഎമ്മിന്റെ പ്രസ്താവന തന്നെ തെളിവാണ്. മനോജിന്റെ കുടുംബത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ബിജെപി നോക്കി നില്‍ക്കില്ല. തീകൊള്ളിക്കൊണ്ട് തലചൊറിയുന്ന നടപടി പാര്‍ട്ടി അവസാനിപ്പിക്കണം അദ്ദേഹം പറഞ്ഞു.
















