ഗുരു അപ്രമേയനാണ്. അതിനാല്‍ ഒരു ഗുരുവിനെ താത്വികമായി മനസ്സിലാക്കുക എന്നത് പ്രയാസമാണ്. ശങ്കരാചാര്യര്‍ തന്റെ ഗുരുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് ‘സര്‍വ വേദാന്തസിദ്ധാന്തമഗോചരം തമഗോചരം’ എന്ന് പറഞ്ഞുകൊണ്ടാണ്. വെറും ലൗകികമായ വ്യവഹാരങ്ങള്‍ക്ക് അടിപ്പെട്ടു ജീവിക്കുന്ന മനുഷ്യര്‍ക്ക് ഗുരുവിന്റെ യഥാര്‍ത്ഥ സ്വരൂപം വളരെ അകലെയായിരിക്കും. ലൗകിക ചിന്തകളെ നിരസിച്ച സത്യജിജ്ഞാസുക്കള്‍ക്ക് ആകെയുള്ള ഒരേയൊരു വഴി ഗുരുക്കന്മാരുടെ വാക്കുകളെ ശബ്ദപ്രമാണമായി സ്വീകരിക്കുക എന്നതാണ്.
വാക്കുകൊണ്ട് ഗുരുവിനെയൊ ഗുരു പ്രതിനിധാനം ചെയ്യുന്ന സത്യത്തെയൊ, വെളിപ്പെടുത്താനാവാത്തതുകൊണ്ടാണ് വാക്കുകള്‍ കൊണ്ട് വര്ണ്ണിക്കാവുന്ന ‘തവോ’ തവോ അല്ല എന്ന് ചീനത്തുകാര്‍ പറയുന്നത്. എങ്കിലും തവോയെ വിശദീകരിക്കുന്നതിനു വേണ്ടി നൂറുക്കണക്കിനു പുസ്തകങ്ങള്‍ അവര്‍ എഴുതി. സത്യത്തെ വാങ്മയമാക്കുവാന്‍ ശ്രമിക്കുമ്പോഴൊക്കെ അത് അസത്യപങ്കിലമായിത്തീരുന്നുവെന്ന് ശങ്കരാചാര്യര്‍ പറയുമ്പോഴും അദ്ദേഹവും പ്രസ്ഥാനത്രയത്തിന് ഭാഷ്യങ്ങളെഴുതി, വേദാന്ത ചിന്ത വാക്കുകളെകൊണ്ട് സാഗരമാക്കിയത് എന്തിനാണെന്ന് ആരാഞ്ഞപ്പോള്‍ നടരാജഗുരു പറഞ്ഞത്, ”അല്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ അസത്യം മറ്റാരെങ്കിലും പറയും” എന്നാണ്.
തികച്ചും സാഹസികമായ ഒരുമ്പെടലാണ് ഗുരുമഹിമയ്ക്ക് ഉത്തമദൃഷ്ടാന്തമായ നടരാജഗുരുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുക എന്നത്. ആരാണ് നടരാജഗുരു? യുവതലമുറയില്‍ ഇന്നും അപരിചിതമാണ് ഈ പേര്; എന്നാല്‍ ദാര്‍ശനിക വ്യഥയ്ക്ക് പരിഹാരം തേടാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ള ഏതൊരു ആധുനികനും ഗുരുവിന്റെ ദര്‍ശനഗരിമയുടെ മുമ്പില്‍ തലകുനിക്കേണ്ടിവരുമെന്നത് സ്വാഭാവികം. ഗുരുവിനെത്തന്നെ അവലംബമാക്കി ഗുരുവിന്റെ ബാഹ്യതലങ്ങളില്ക്കൂടി കടന്നുപോകാം എന്നല്ലാതെ അവിടുത്തെ ആഴങ്ങളെ മുങ്ങിത്തപ്പുവാന്‍ കെല്‍പ്പില്ല എന്നറിയിക്കട്ടെ.
നടരാജഗുരു ജനിച്ചത് 1895-ല്‍ ഫെബ്രുവരി മാസത്തിലാണ്. അച്ഛന് മൈസൂര്‍ സര്‍ക്കാരിന്റെ മെഡിക്കല്‍ ഡോക്ടര്‍ ആയിരുന്നു. ഇതിനിടയില്‍ ബോംബെ, മൈസൂര്‍ എന്നീ പ്രദേശങ്ങളില്‍ പ്ലേഗ് ബാധയെത്തുടര്‍ന്നു ധാരാളം ആളുകള്‍ മരിച്ചുകൊണ്ടിരുന്നതിനാല് സ്വന്തം ജീവനെ അവഗണിച്ചുകൊണ്ട് അദ്ദേഹം അവിടേയ്ക്ക് സേവനത്തിനായി പോകാന്‍ തയ്യാറായി. ഇത്ര ധീരമായ സേവനത്തിന്റെ ഫലമായി അദ്ദേഹത്തെ ഉഷ്ണമേഖലയിലെ രോഗങ്ങളെക്കുറിച്ചും അതിനുപുറമേ ബാക്ടീരിയോളജിയെക്കുറിച്ചും ഗവേഷണപഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു.
കേംബ്രിഡ്ജിലും പാരീസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും ലീലിയിലും റോമിലുമായി രണ്ടു വര്‍ഷം തന്റെ പഠനങ്ങളില്‍ വ്യാപൃതനായി വേണ്ടവണ്ണം പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്പോഴും പ്ലേഗ് ബാധ ശമിച്ചിരുന്നില്ല. വളരെ ഭയാനകമായിരുന്നു സ്ഥിതിവിശേഷം. ഒരു ഇംഗ്ലീഷ്കാരന് ഡോക്ടര്‍ പ്ലേഗിനു കുത്തിവെപ്പ് നടത്തികൊണ്ടിരിക്കുന്നതിനിടയില്‍ മരിച്ചു വീണത് ചികിത്സാകാര്യങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരുടെയിടയില് ഭീതിവളര്ത്തുകയുണ്ടായി. ഇതെല്ലാം നടരാജഗുരുവിന്റെ അച്ഛനെ സംബന്ധിച്ചുള്ള വിവരങ്ങള്‍…….
നടരാജഗുരുവിന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത് കുടിപ്പള്ളിക്കൂടത്തിലാണ്. ഓലകെട്ടിയ ഒരു ചെറിയ കുടിലിനകത്ത് ഒരാശാന്‍ ഒറ്റയ്ക്ക് നടത്തുന്ന വിദ്യാലയമായിരുന്നു അത്. അവിടെ കുട്ടികള്‍ ചൂണ്ടുവിരല്‍കൊണ്ട് മണ്ണിലെഴുതും. അതുപിന്നെ ഉറക്കെ ചൊല്ലും. പിന്നീട് പഠിക്കേണ്ട പാഠഭാഗങ്ങള്‍ നാരായം കൊണ്ട് താളിയോലയില്‍ എഴുതിക്കിട്ടി.
ഓലയിലെ എഴുത്ത് തെളിഞ്ഞു കാണുവാന്‍ ഏതോ ഒരു പച്ചില കശക്കി നീരെടുത്ത് കരിയും ചേര്‍ത്ത് തേയ്ക്കണം. അങ്ങനെ വളരെ പ്രാചീനമായ രീതിയിലാണ് നടരാജഗുരുവിന്റെ വിദ്യാഭ്യാസാരംഭം. പ്രായം കൂടിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബഞ്ചിലാണിരിക്കുക. അവര്‍ക്ക് വായിക്കാന്‍ അച്ചടിച്ച പുസ്തകമുണ്ട്. അക്കാലത്ത് പുസ്തകമൊരു അസുലഭ വസ്തുവാണ്.
തുടരും…….
സ്വാമി തത്ത്വതീര്‍ത്ഥ
നാരായണഗുരുകുലം, തൃപ്പൂണിത്തുറ.
ഫോണ്‍: 9447608724
















