ആലപ്പുഴ: ഓരോ പൗരനും സമ്മതിദാനം വിനിയോഗിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവാനായിരിക്കണമെന്നും അയല്‍ക്കൂട്ടതലം മുതല്‍ ഇതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദ്ദേശിച്ചു.
ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സമ്മതിദാനാവകാശ വിനിയോഗ ക്യാമ്പയിനും വേനല്‍ക്കാല രോഗങ്ങള്‍ സംബന്ധിച്ച് സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഐ.എം. മുഹ്‌സിന്‍കോയ അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ (സ്വീപ്പ്) നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ വി. സുദേശന്‍ തെരഞ്ഞെടുപ്പ് സമ്മതിദാന അവകാശ വിനിയോഗത്തെക്കുറിച്ച് ക്ലാസ് എടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീക്ക് വേനല്‍ക്കാല രോഗങ്ങളെക്കുറിച്ചും ശാരീരികപ്രശ്‌നങ്ങളെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിച്ചു.
















