തുറവൂര്‍: തീരദേശറോഡ് വീണ്ടും ചോരക്കളമാകുന്നു. ചെല്ലാനം മുതല്‍ അര്‍ത്തുങ്കല്‍ വരെയുള്ള ഭാഗങ്ങളിലാണ് അപകടം വര്‍ധിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അഞ്ചുപേരാണു ചെല്ലാനത്തിനും അന്ധകാരനഴിക്കുമിടയ്‌ക്കു വാഹനാപകടത്തില്‍ മരിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിനു കാരണം അമിതവേഗമാണെന്നു നാട്ടുകാര്‍ പറയുന്നു. ഈ റോഡില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്. പള്ളിത്തോട്ടിലുണ്ടായ അപടത്തില്‍ വാഹനമോടിച്ചിരുന്ന യുവാവിന്റെ തലച്ചോറ് പോസ്റ്റിലിടിച്ചു ചിന്നിച്ചിതറുകയും പിന്നിലിരുന്ന യാത്രക്കാരന്റെ ഇരുകാലുകളും പിളരുകയും ചെയ്തു.
ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് ദിവസവും ഈ റോഡില്‍ ഉണ്ടാകുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അഞ്ചിലധികം ചെല്ലാനം – അന്ധകാരനഴി റോഡില്‍ ഉണ്ടാകുന്നത്. ഈ ദിവസങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കുപോലും ഈ റോഡിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്.
ഈ റോഡില്‍ പോലീസ് പരിശോധന ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതാണ് ഇവിടുത്തെ അപകടങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
അടിയന്തരമായി ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുവാനും വാഹന പരിശോധന ശക്തമാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു.
















