വിദുരന്‍ ഉപദേശിച്ചതനുസരിച്ച് ധര്‍മ്മപുത്രര്‍ ഉദകത്തിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ തീരുമാനിച്ച് സഭ വിളിച്ചു കൂട്ടി. ജ്യേഷ്ഠന്റെ ഉദ്ദേശ്യം അറിഞ്ഞ ഭീമന്‍ കുപിതനായിപ്പറഞ്ഞു. ‘ഇവിടെയീ അന്ധന്‍ സുഖമായി കഴിയുന്നത് കൂടാതെ ദുര്യോധനന് ഹിതം ചെയ്യാന്‍ നാം ധനവും നല്‍കണോ? അങ്ങയുടെ ദുഷ്ടതകൊണ്ടാണ് ഞങ്ങള്‍ കാട്ടില്‍ അലഞ്ഞതും ദ്രൌപദി സഭയില്‍ മാനംകെട്ടു നില്‍ക്കാനിടയായതും. വിരാട ഭവനത്തില്‍ ഞങ്ങള്‍ വിടുപണിചെയ്തതും മത്സ്യരാജാവിന് അടിമപ്പണിചെയ്തതും നീ കാരണമാണ്.
ജ്യേഷ്ഠന്റെ ചൂതിലുള്ള ഭ്രമമാണ് നമ്മെ ആ ദുരിതത്തില്‍ എത്തിച്ചത്. വിരാടന്റെ വലലനായി ഞാന്‍ പണിചെയ്യേണ്ടിവന്നു. നമ്മുടെ അര്‍ജ്ജുനന്‍ പെണ്‍വേഷം കെട്ടി. ആണായിപ്പിറന്നവന് അതില്‍പ്പരം ഒരു നാണക്കേടുണ്ടോ? ഗാണ്ഡീവം കുലയ്‌ക്കേണ്ട കൈകളില്‍ വളയണിഞ്ഞു ബ്രഹന്നളയായി നൃത്തം പഠിപ്പിക്കേണ്ടി വരിക കഷ്ടം പാര്‍ഥന്റെ ആ വേഷം ഓര്‍ത്താല്‍ ഈ കിഴവന്റെ തലയറുക്കാനാണ് തോന്നുക. കീചകന്‍ മുതലായ പലരെയും ഞാന്‍ കൊന്നു. എന്നാല്‍ ഈ ധാര്‍ത്തരാഷ്‌ട്രന്മാരെ ഞാന്‍ വെറുതെവിട്ടു. രാജാവായ അങ്ങ് പണ്ട് ദുര്യോധനാദികളെ ഗന്ധര്‍വ്വന്‍മാരില്‍ നിന്നും മോചിപ്പിച്ചത് വിഡ്ഢിത്തമാണ്. ഇപ്പോള്‍ കര്‍മ്മം ചെയ്യാന്‍ ധനം ചോദിക്കുന്നതും അങ്ങനെതന്നെ. എന്തുപറഞ്ഞാലും ഞാന്‍ ധനം കൊടുക്കുവാന്‍ സമ്മതിക്കില്ല.’
ഭീമന്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. ഏതായാലും യുധിഷ്ഠിരനും നകുലനും സഹദേവനും ധനമേകിയതിനാല്‍ ധൃതരാഷ്‌ട്രര്‍ക്ക് മക്കള്‍ക്കായുള്ള ഉദകക്രിയകള്‍ വേണ്ടരീതിയില്‍ ചെയ്യാന്‍ സാധിച്ചു. ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്ത് വിപ്രദക്ഷിണകളും കഴിഞ്ഞ് ഗാന്ധാരിയോടോപ്പം ധൃതരാഷ്‌ട്രര്‍ വാനപ്രസ്ഥം തുടങ്ങി. അന്ധരായ അവര്‍ക്കൊരു തുണയായി കുന്തിയും അവരെ അനുഗമിച്ചു. കഠിനഹൃദയനായ മാരുതപുത്രന്‍ ഭീമനുപോലും അപ്പോള്‍ കണ്ണ് നിറഞ്ഞു.
ഗംഗാതീരം വരെ അവരെ കൊണ്ടാക്കി സഹോദരന്മാര്‍ തിരിച്ചു വന്നു. ശതയുപാശ്രമത്തില്‍ ഒരു പുല്‍ക്കുടില്‍ കെട്ടി രണ്ടമ്മാരും അംബികാസുതനൊപ്പം താമസിച്ചു. മാസം ആറുകഴിഞ്ഞു. യുധിഷ്ഠിരന് അമ്മയെ കാണാന്‍ മോഹമായി. അദ്ദേഹം സഹോദരന്മാരോട് പറഞ്ഞ് വിദുരര്‍, സഞ്ജയന്‍ എന്നിവരോടുകൂടെ വനത്തില്‍ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ക്ഷണത്തില്‍ അവിടെക്കൂടിയ സുഭദ്ര, ദ്രൗപതി, ഉത്തര മറ്റു നഗരവാസികള്‍ എന്നിവര അവരോട് കൂടി വാനപ്രസ്ഥരെ കാണാന്‍ കാട്ടിലെ ആശ്രമത്തിലെത്തി. വിദുരര്‍ വന്നിട്ടില്ലെന്നറിഞ്ഞു ധൃതരാഷ്‌ട്രര്‍ ആ മഹാന്‍ എവിടെയെന്നു തിരക്കി. ‘അദ്ദേഹം എവിടെയോ ബ്രഹ്മധ്യാനനിരതനായി അലയുന്നുണ്ടാവും’ എന്നവര്‍ മറുപടിയും പറഞ്ഞു.
















