ഏറ്റുമാനൂര്‍: ഹിന്ദുക്കള്‍ തങ്ങളുടെ അടിസ്ഥാന പ്രമാണങ്ങള്‍ ഹൃദിസ്ഥമാക്കണമെന്നും അല്ലാതെ വെറുതെ ആര്‍ക്കും ഹിന്ദുക്കള്‍ ആണെന്ന് അഭിമാനിക്കാന്‍ സാധിക്കില്ലന്നും താന്ത്രികാചാര്യനും എന്‍എസ്എസ് തന്ത്ര വിദ്യാപീഠം മുന്‍ ഡയറക്ടറുമായ ഗോപാലകൃഷ്ണ വൈദിക് പറഞ്ഞു. ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ സനാതന ധര്‍മ്മപഠനകേന്ദ്രം നടത്തിയ ആദ്ധ്യാത്മിക സദസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളെ വഴിതെറ്റിക്കാനായി പല തെറ്റായ കാര്യങ്ങളും സെമിറ്റിക്ക് മതങ്ങളില്‍ നിന്ന് ഹിന്ദു സംഹിതകളിലേക്ക് മന:പൂര്‍വം തിരുകിക്കയറ്റിയിട്ടുണ്ട്. അതിനാല്‍ നമ്മള്‍ ജാഗരൂകരായി ജ്ഞാനികളായ ഗുരുക്കന്മാരില്‍ നിന്ന് ഹൈന്ദവാചാരങ്ങളും വിശ്വാസ പ്രമാണങ്ങളും കേട്ടു പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തിലും വസ്തുതകളുടെ ഉഭയദര്‍ശനം കിട്ടണം.ഗീതയില്‍ അര്‍ജ്ജുനന്‍ തേര് യുദ്ധക്കളത്തിന്റെ നടുക്ക് നിര്‍ത്താന്‍ പാര്‍ത്ഥസാരഥിയോട് ആവശ്യപ്പെട്ടത് ഇരു വിഭാഗത്തിന്റെയും കൃത്യമായ ദര്‍ശനം കിട്ടാന്‍ വേണ്ടിയാണ്. തങ്ങള്‍ ഏതു പ്രതിസന്ധിയില്‍ പെടുമ്പോഴും ഹിന്ദുക്കള്‍ കാര്യങ്ങള്‍ സമഗ്രമായി കണ്ടു പഠിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും ആചാര്യന്‍ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
















