വടശ്ശേരിക്കര: ചിറ്റാര്‍ പഞ്ചായത്തിലെ ശബരിമല ഇടത്താവളം ഘട്ടം ഘട്ടമായി ഇല്ലാതാക്കാന്‍ പഞ്ചായത്ത് ഭരണ സമതി ശ്രമിക്കുന്നതായി ആക്ഷേപം. നിലവിലെ പഞ്ചായത്ത് വില്ലേജ് ഓഫീസുകളോട് ചേര്‍ന്ന് പണി കഴിപ്പിച്ച ഇരുനില കെട്ടിടമാണ് ശബരിമല ഇടത്താവളം. ഇപ്പോള്‍ ഇവിടെ ഹോമിയോ ആശുപത്രി പ്രവര്‍ത്തിച്ചു വരികയാണ്.
ഇടത്താവളത്തിനു തൊട്ടടുത്തായി പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ആശുപത്രി താല്‍കാലികാടിസ്ഥാനത്തിലാണ് ഫെബ്രുവരി മുതല്‍ ഇവിടേക്ക് മാറ്റിയത്. നിലവിലെ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായാണ് ആശുപത്രി ഇടത്താവള ത്തിലേക്ക് മാറ്റുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 2013 മാര്‍ച്ചിലാണ് ഹോമിയോ ആശുപത്രിക്കായി സര്‍ക്കാര്‍ പ്രത്യേകം കെട്ടിടം അനുവദിച്ചത്. ആശുപത്രി പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. എന്നാല്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായിട്ടും ഇടത്താവളത്തില്‍ നിന്നും ആശുപത്രി മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെതിരെ വിവിധ സംഘടനകള്‍ പരാതി ഉന്നയിച്ചിട്ടും പഞ്ചായത്ത് കേട്ട ഭാവം നടിക്കുന്നില്ല. ഇതുമായി ബന്ധപെട്ട് ഇക്കഴിഞ്ഞ ദിവസം ഡി എം ഒ പഞ്ചായത്തു ഭരണ സമിതിയുമായി നടത്തിയ ചര്‍ച്ചയിലും പഞ്ചായത്ത് ധാര്‍ഷ്ട്യത്തോടെയുള്ള തീരുമാനമാണെടുത്തതെന്ന് ഹൈന്ദവ സംഘടനകള്‍ പറയുന്നു.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇടത്താവളങ്ങളിലൊന്നാണ് ചിറ്റാറിലേത്. കുളിമുറിയും കക്കൂസും ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ഒന്നും പ്രവര്‍ത്തന ക്ഷമമല്ല. ഇടത്താവളത്തിലേക്ക് അയ്യപ്പന് മാര്‍ എത്തേണ്ടത് വടശേരിക്കരയില്‍ നിന്നോ ആങ്ങമൂഴിയില്‍ നിന്നോ ആണ്. എന്നാല്‍ ഇടത്താവളത്തിലേക്ക് എത്താന്‍ ദിശാ ബോര്‍ഡുകള്‍ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. അറിഞ്ഞു കേട്ട് സ്വാമിമാര്‍ വന്നാല്‍ ഇവിടെ ഒരു സൗകര്യങ്ങളും ഉണ്ടാവാറില്ല. എന്നാല്‍ വര്‍ഷാ വര്‍ഷം ഇടത്താവളങ്ങള്ക്കനുവദിക്കാറുള്ള പ്രത്യേക ഫണ്ട് പഞ്ചായത്ത് സ്ഥിരമായി വാങ്ങിയെടുക്കുകയും ചെയ്യുന്നു. ഇടത്താവളത്തെ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരങ്ങള്‍ നടത്തുമെന്നും ബി ജെ പി ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: