ആലപ്പുഴ: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഭക്ഷണ വിപണനം നടത്തുന്നതിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍ഡ് അസോസിയേഷന്‍ രംഗത്ത്. യാത്രാ ആവശ്യങ്ങള്‍ക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഭക്ഷണ വില്പന നടത്തുന്നത് തടയാന്‍ ജില്ലാ ഭരണ കൂടം കര്‍ശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി ഹാജി ആവശ്യപ്പെട്ടു.
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതു നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് സംഘടിതമായി നേരിടുകയേ മാര്‍ഗമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി. പ്രസാദ് ആനന്ദ ഭവനം, മൂലയില്‍ സി. ദിലീപ്, എസ്.കെ. നസീര്‍, സുനു തുരുത്തിക്കാട്, ജോര്‍ജ് ചെറിയാന്‍, കുമാര്‍ ആര്യാട്, എം.എ. കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
















