മോനപ്പന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന എന്റെ അയല്‍വാസിയെ ഞാന്‍ മോനപ്പന്‍ ചേട്ടന് എന്നുവിളിച്ചുപോന്നു. മെറ്റല്‍, ഇഷ്ടിക തുടങ്ങിയ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന കോണ്ട്രാക്ടര് ആയിരുന്നു മോനപ്പന്‍ ചേട്ടന്. നല്ല വരുമാനം. ഭാര്യയും രണ്ട് കുട്ടികളും സന്തോഷപൂര്‍ണമായ ജീവിതം.
പക്ഷേ, കുറച്ചുകാലം ചെന്നപ്പോള്‍ ബിസിനസ് തകര്‍ന്നു. അതുകഴിഞ്ഞു കുറച്ചുകാലം കൂടി ജീവിതത്തെ ആഢംബരമാക്കി. അതോടെ സാമ്പത്തിക ബാധ്യതകളായി. അന്നത്തെക്കാലത്ത് സെല്‍ഫ് എപ്ലോയ്മെന്റ് ലോണ്‍ എടുത്തു, 25000 രൂപ. മുഴുവനും കിട്ടിയോ എന്നു സംശയം. വെല്‍ഡിംഗ് സെറ്റുവാങ്ങി ജീവിതം മറ്റൊരു കൈവഴിയിലേക്ക് തിരിച്ചുവിടാന്‍ നോക്കി. അവിടേയും പരാജയം. വെല്‍ഡിംഗ് സെറ്റ് വിറ്റു. വിറ്റുകിട്ടിയ തുകയും വീട്ടാവശ്യങ്ങള്‍ക്ക് ചിലവഴിച്ചുപോയി.
എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് വീട്ടില്‍ ചിന്തിച്ച് ഇരിപ്പായി. മോനപ്പന്‍ ചേട്ടന് വീട്ടില്‍ത്തന്നെ എന്നറിഞ്ഞ കുറച്ചുപേര്‍ക്ക് സന്തോഷമായി.
കാരണം, മോനപ്പന്‍ ചേട്ടന് ചെസ് കളിക്കാനറിയാം. ചെസ്സ് ബോര്‍ഡും കോയിന്‍സും ഉണ്ട്. കളിക്കാന്‍ ആളായല്ലോ. കാര്യം ഭേഷ്. രാവിലെ തന്നെ ഒരാള്‍ മോനപ്പന്‍ ചേട്ടന്റെ വീട്ടിലെത്തും. മുട്ടിവിളിക്കും. മോനപ്പന്‍ ചേട്ടന് ഉറക്കമുണര്‍ന്ന് നേരെ ചെസ്സ് ബോര്‍ഡുമായി അയാളുടെ അടുത്തെത്തും. കളി തുടങ്ങും. ഒന്നോ രണ്ടോ കളി കഴിയുമ്പോഴേക്കും വന്നയാള്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കേണ്ട സമയമാകും. അയാള്‍ പോകും. അപ്പോഴേക്കും അടുത്ത വീട്ടിലെ വിദ്യാര്‍ത്ഥി കളിക്കാനായി എത്തും. എതിരാളി മോനപ്പന്‍ ചേട്ടന്.
അവന് ക്ലാസില്‍ പോകേണ്ട സമയമാകുമ്പോഴേക്കും അവന്റെ ജ്യേഷ്ഠന് ആന്റണി അവിടെത്തി അനുജനെ ശാസിക്കും. ‘എന്താടാ ക്ലാസില്‍ പോകണ്ടേ, കളിച്ചാല്‍ മതിയോ’. വിദ്യാര്‍ത്ഥി കളി തീര്‍ന്ന് എഴുന്നേല്‍ക്കുമ്പോഴേക്കും-‘ എന്നാ നമുക്ക് ഒരു കളിയാകാം അല്ലെ…” അവന്റെ ജ്യേഷ്ഠന് ആന്റണി പറയും. ആന്റണിയാകും മോനപ്പന്‍ ചേട്ടന്റെ എതിര് കളിക്കാരന്.
ആന്റണിയും അപ്പച്ചനും കൂടി ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണ്. പണി തുടങ്ങാനുള്ള സമയമാകുമ്പോഴേക്കും അപ്പച്ചന് നീട്ടിവിളിക്കും. ആന്റണി..ടാ…വന്നേ…
ദേ അപ്പച്ചന് തുടങ്ങിക്കോ ഞാനെത്തിപ്പോയ. തുടര്‍ന്ന് ഒരുവട്ടം കൂടി കളിച്ചശേഷം ആന്റണി സ്ഥലം വിടും. അപ്പോഴേക്കും പ്രഭാതഭക്ഷണം കഴിക്കാന്‍ പോയ ആള് കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് വീണ്ടും വീറോടെ കളിക്കാനെത്തിയിട്ടുണ്ടാകും. അങ്ങനെ കളിയോടു കളി. അരായാലും എതിരെ കളിക്കിരിക്കുന്നത് മോനപ്പന്‍ ചേട്ടന്. ഏതാണ്ട് ഉച്ചയാകുമ്പോഴേക്കും ആളുകള്‍ ഒഴിയും. അപ്പോളാണ് മോനപ്പന്‍ ചേട്ടന് വിശ്രമം. പല്ലുതേക്കണം, കുളിക്കണം, ചായകഴിക്കണം.
നേരം വൈകിയതുകൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കി ഊണിലേക്ക് തന്നെ കടക്കും മോനപ്പന്‍ ചേട്ടന്. ഊണ് പകുതിയാകുമ്പോഴേക്കും തന്നെ മറ്റ് കളിക്കാര്‍ എത്തിയിട്ടുണ്ടാകും. മോനപ്പന്‍ ചേട്ടനോട് ഏറ്റുമുട്ടാന്‍.
ദിവസം മുഴുവനും പലര്‍ക്കും കളിക്ക് എതിരാളിയായി മോനപ്പന്‍ ചേട്ടന് ഇരുന്നുകൊടുത്തു. ഇതാണെനിക്കിപ്പോള് ആശ്വാസം. എന്നോട് മോനപ്പന്‍ ചേട്ടന് പറയും. ന്റെ ചേട്ടാ, ചേട്ടന്റടുത്തു കളിക്കാന്‍ വരുന്നവരൊക്കെ കളിക്കുക മാത്രമല്ല. അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ചേട്ടന് മാത്രം കളിയുമായി ഇരുന്നാല്‍…ഞാന്‍ പറയും.
അതായിരുന്നു കാര്യം. മോനപ്പന്ചേട്ടന് മാത്രം മറ്റുള്ളവരുടെ കളിക്ക് ഒരു ആളായി ദിവസം മുഴുവനും ഇരുന്നുകൊടുത്തു. മറ്റുള്ളവരാകട്ടെ അവരുടെ ജോലികള്‍ കൃത്യമായി ചെയ്യുകയും ഇടവേളകളില്‍ ഒരു രസത്തിനുവേണ്ടി കളിക്കുകയും ചെയ്തു!
വേണ്ടതു ചെയ്യാതെ വേണ്ടാത്തതൊക്കെ ആശ്വാസമായി കരുതിയ മോനപ്പന്‍ ചേട്ടന് ദാരിദ്ര്യത്തിലേക്ക് നീങ്ങാന്‍ തുടങ്ങി. കുടുംബത്ത് സങ്കടത്തിന്റെ നീര്‍ച്ചാലുകള്‍ വീണു. പിന്നീടെപ്പോഴോ മോനപ്പന്‍ ചേട്ടന് കാര്യം തിരിച്ചറിഞ്ഞു. കളിക്കളത്തില്‍ നിന്നും എഴുന്നേറ്റു. ഓട്ടോ ഡ്രൈവിംങ് പഠിച്ച് ഓട്ടോ ഡ്രൈവറായി ഇപ്പോള്‍ സസുഖം ജീവിക്കുന്നു. സാമ്പത്തിക ബാധ്യത നീക്കാന്‍ വീട് വിറ്റുവെങ്കിലും മറ്റൊന്ന് സ്വന്തമായി വാങ്ങി. മകളുടെ വിവാഹം നടത്തി. മകന് വിദ്യാഭ്യാസം ചെയ്യുന്നു. ഇടയ്ക്കെപ്പോഴെങ്കിലും കാണുമ്പോള്‍ അന്ന് വെറുതെ കാലം കളഞ്ഞതിനെക്കുറിച്ച് ഓര്‍മിക്കും. നെടുശ്വസമുതിര്ക്കും. നിയന്ത്രണത്തില്‍ നിന്നും വിട്ടുപോയ ജീവിത കാലം.
പക്ഷേ, ജോസഫിന്റെ കാര്യത്തില്‍ മറ്റൊന്നാണ് സംഭവിച്ചത്. അല്പം സര്ഗാത്മകതയൊക്കെയുള്ള ആളായിരുന്നു ജോസഫ്. ജോസഫിന് ജോലി തൃശൂരില്‍. ദിവസവും എറണാകുളത്തുനിന്നും തൃശൂര്‍ക്ക് പോയിവരികയാണ് പതിവ്. ചില ദിവസങ്ങളില്‍ അവിടെ തങ്ങേണ്ടതായും വരും. സ്വന്തമായി എന്തെങ്കിലും ചെയ്ത് ജീവിക്കുക. അതായി ജോസഫേട്ടന്റെ ചിന്ത. ജോലി ഉപേക്ഷിച്ചു. ഒരു കാമറ വാങ്ങി. ഫോട്ടോ എടുക്കാന്‍. വീടിനകത്തു സെറ്റു ചെയ്ത ഡാര്‍ക് റൂമില്‍ ഡെവലപ് ചെയ്യല്‍. ടൗണിലെ വല്യ സ്റ്റുഡിയോയില്‍ കൊടുത്ത് പ്രിന്റ് അടിപ്പിക്കല്‍. കാര്യം തുടങ്ങി. വ്യത്യസ്തമായും കലാപരമായും ഫോട്ടോ എടുക്കുന്ന ജോസഫിന് ഓഡറുകള്‍ ഏറെ. അപ്പോഴാണ് സൗഹൃദത്തെ വിലമതിക്കുന്ന ജോസഫ് ജോലി വിട്ടുപോന്നു എന്ന് സുഹൃത്തുക്കള്‍(?) അറിഞ്ഞത്.
ഓരോ ദിവസങ്ങളിലായി അവരുടെ അവധി അനുസരിച്ച് ജോസഫിനെ കാണാന്‍ വരും. ബാറിലേക്കുപോക്കും ലഹരിയും ജോസഫിന്റെ കവിതാലാപനവും ദിവസത്തെ ഉന്മാദത്തിലാക്കും. ഒരു ദിവസം ഒരാള്‍ എങ്കില്‍ മറ്റൊരു ദിവസം മറ്റൊരാള്‍. അങ്ങനെ ആഴ്ച മുഴുവന്‍ കവിതാ ലഹരി പൂരിതം. സൗഹൃദത്തേക്കാള്‍ വലുത് മറ്റെന്ത്?. ജോസഫ് ജോലി ചെയ്യല്‍ കുറച്ചു. ഒടുവില്‍ ജോസഫ് മുഴുക്കുടിയനായി. ജോലി ഇല്ലാതായി. സൗഹൃദം ലഹരിയില്‍ പങ്കുവയ്ക്കാനെത്തിയവര്‍ അവരുടെ കര്‍മങ്ങള്‍ കൃത്യമായിക്കൊണ്ടുനടന്നു. മുഴുക്കുടിയന് എന്നുകണ്ടപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി. ജോസഫ് മനോരോഗാശുപത്രിയിലേക്കെത്തി.
ഒരു എഴുത്തുകാരന്റെ നോവല്‍, ഒരു സാധാരണക്കാരന്റെ നോവല്‍, ഒരു വിമര്‍ശകന്റെ നോവല്‍ എന്നൊക്കെ ഡിസ്ട്രോയിറ്റ് ഫ്രീപ്രസ് എന്ന പത്രം പുകഴ്ത്തിയ നോവലാണ് അമേരിക്കന്‍ എഴുത്തുകാരനായ ജൂഡിറ്റ് ഗസ്റ്റിന്റെ ഓഡിനറി പീപ്പിള്‍. ബെസ്റ്റ് സെല്ലറായിരുന്നു ഈ കൃതി. 1976 ലാണ് പുറത്തിറങ്ങിയത്. പിന്നീട് ഇത് ഹോളിവുഡ് ചലച്ചിത്രമാകുകയും ആ ദൃശ്യാവിഷ്കാരം വിജയിക്കുകയും ചെയ്തു.
കോണ്‍റാഡ്, ബക്ക് എന്നീ സഹോദരങ്ങള്‍ ഒരുമിച്ച് ഒരു ബോട്ടില്‍ യാത്ര ചെയ്തു. ബോട്ട് അപകടത്തില്‍പ്പെട്ടു. ബക്ക് മരണമടഞ്ഞു. അതോടെ കോണ്‍റാഡ് തകര്‍ന്നു. എന്തുകൊണ്ടും പഴയതുപോലെയാകാതിരുന്ന കോണ്‍റാഡിനെ പിതാവ് കാല്വിന് ഒരു മാനസികരോഗവിദദ്ധനെ കാണാന്‍ ഉപദേശിച്ചു. പിതാവിന്റെ ഉപദേശപ്രകാരം കോണ്‍റാഡ് ഒരു മാനസികരോഗ വിദഗ്ദ്ധനെ സമീപിച്ചു. ഡോക്ടര്‍ പലകാര്യങ്ങളും ചോദിച്ചു. എന്താണ് കോണ്റാഡിന് വേണ്ടതെന്നും. വിതുമ്പിക്കൊണ്ട് ഇടറിയ ശബ്ദത്തോടെ കോണ്‍റാഡ് പറഞ്ഞു ഡോക്ടര്‍…എനിക്കെന്റെ ജീവിതത്തെ കൂടുതല്‍ നിയന്ത്രണ വിധേയമാക്കണം. അതുമാത്രം…അത്രമാത്രം മതി ഡോക്ടര്‍…
ഓഡിനറി പീപ്പിളിലെ ഒരു പ്രധാന മുഹൂര്‍ത്തമാണിത്. ഏവര്‍ക്കും വേണ്ടതാണ് ആ കഥാപാത്രം പറയുന്നത്.
ജീവിതത്തിന്റെ നിയന്ത്രണം, കരുതല്‍ നഷ്ടപ്പെട്ടുപോയ എത്രകലാകാരന്മാര്, നടീനടന്മാര് ആയുസറ്റുപോകുന്നത്, ജീവിതം നഷ്ടപ്പെടുത്തുന്നത് വാര്‍ത്തയ്ക്കപ്പുറം വേദനയായി നിലകൊള്ളുന്നില്ലേ?
സൗഹൃദത്തിന്റെ പെരുമഴയില്‍ ജീവിതത്തിന്റെ കരുതല്‍ നഷ്ടപ്പെട്ടു ഒലിച്ചുപോയവര്‍. എത്രയെത്ര! സുരാസുവും മെഹബൂബും അവരില്‍ ചിലര്‍ മാത്രം. ജീവിതം ആഘോഷിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് ജീവിതം കളഞ്ഞവരും എത്രയെത്ര!.
സൗഹൃദത്തിനുവേണ്ടി നീക്കിവച്ച ജീവിതമായിരുന്നു സുധാകരന്റേതും(ശരിയായ പേരല്ല). എന്ത് ജോലിയുണ്ടെങ്കിലും അത് മാറ്റിവച്ച് സുഹൃത് സന്ദര്‍ശനം!. സുഹൃത്തുക്കളുടെ ഒരു വിളിക്കുവേണ്ടി കാത്തുനിന്ന്, വിളിയെത്തുമ്പോള്‍ ഓടിയെത്തി അവരോടൊപ്പം.
ഭംഗിയായി, സരസമായി സംസാരിക്കുന്ന അയാളെ സുഹൃത്തുക്കളും ഏറെയിഷ്ടപ്പെട്ടു. അയാളെ അവര്‍ എപ്പോഴും കാണാന്‍ ആഗ്രഹിച്ചു. അവര്‍ ആഗ്രഹിച്ചപ്പോഴൊക്കെ അയാള്‍ എത്തി. അവരെ സന്തോഷിപ്പിച്ചു. അതിലയാളും സന്തോഷം കണ്ടെത്തി. എനിക്ക് സുഹൃത്തുക്കളാണ് ഏറ്റവും വലിയആസ്തി. അയാള്‍ അഭിമാനത്തോടെ പറഞ്ഞു. അവരുടെ ആവശ്യങ്ങള്‍ക്കൊക്കെ അയാളുണ്ടായിരുന്നു.
പന്നീട് ഒരിക്കല്‍-ജീവിതത്തിന്റെ പാദം തകര്‍ച്ചയുടെ പടിവാതില്‍ കടക്കുന്നു എന്നറിഞ്ഞപ്പോഴാണ് അയാള്‍ മുങ്ങിച്ചാകുന്നവന് ഒരു വൈക്കോല്തുമ്പെന്ന നിലയില്‍ സുഹൃത്തുക്കളെ വിളിച്ചത്. പലരും വഴുതിമാറിക്കളഞ്ഞു. അവര്‍ക്കറിയാം-ഇനി സരസമായ അയാളുടെ സംഭാഷണമാവില്ല, പരിദേവനങ്ങളായിരിക്കും കേള്‍ക്കേണ്ടിവരിക എന്ന്. അവരുടെയെല്ലാം ആവശ്യങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ചുസഹായിച്ച അയാളെ അവര്‍ ഒഴിവുകഴിവു പറഞ്ഞ് അകറ്റി. സ്ഥിരം വിളിച്ചിരുന്നവര്‍ വിളിക്കാതായി. വിളിച്ചാല്‍ത്തന്നെ തിരക്കുപറയുകയായി. മനസ്സുതുറക്കാതായി.
അയാള്‍ തിരിച്ചറിയുകയായിരുന്നു.
സുധാകരന് ഓര്‍മ്മവയ്ക്കും മുമ്പേ അ്മ്മ മരിച്ചുപോയിരുന്നു. വാത്സല്യവും സ്നേഹവും അതോടെ പട്ടടയിലായി. അച്ഛന് വേറെ വിവാഹം കഴിച്ചു. അതില്‍ സഹോദരരും ഉണ്ടായി. സുധാകരന്റെ വിദ്യാഭ്യാസകാലത്ത് അച്ഛനും മരിച്ചു. പിന്നീട് രണ്ടാനമ്മ അവര്‍ക്ക് താല്പര്യം നൊന്തുപെറ്റ കുട്ടികളോടായി. അനാഥത്വം ശീലമായി തുടങ്ങി.
പ്രണയം ദാമ്പത്യത്തിലെങ്കിലും പ്രതീക്ഷിച്ച സുധാകരന് അതും ലഭിച്ചില്ല. തന്നോട് അടുപ്പം കാട്ടുന്നവരൊക്കെ സുഹൃത്തുക്കളാണെന്ന് ധരിച്ചു. അവരില്‍ ആശ്രിതത്വവും സ്നേഹവും കണ്ടെത്താന്‍ തുനിഞ്ഞു.
എന്നാല്‍, അവര്‍ സൗഹൃദമെന്ന് പേരുപറഞ്ഞ് തന്നെ ചട്ടുകമാക്കുകയാണെന്നു മനസ്സിലായപ്പോഴേക്കും ജീവിത ഗതിയില്‍ ഒരു യുടേണ്‍ എടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിക്കഴിഞ്ഞു. താന്‍ എവിടേയും തിരസ്കൃതനാണെന്നു തോന്നിയ അയാള്‍ നാടും വീടും വിട്ടു. ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഇന്നലെവരെ കൂടെയുണ്ടായിരുന്നവര്‍ക്കും അത് അറിയണമെന്നില്ല!. അവര്‍ക്കൊക്കെ അവരുടെ കാര്യങ്ങള്‍ എത്രയെത്ര…
ഇതൊന്നും സൗഹൃദങ്ങളേ ആയിരുന്നില്ല. സൗഹൃദത്തിന്റെ പേരിലുള്ള കാപട്യങ്ങള്‍!. സൗഹൃദം ഒന്നേ ആഗ്രഹിക്കു, സൗഹൃദം മാത്രം. തമ്മില്‍ തമ്മില്‍ പറയാതെ തന്നെ ഉല്ക്കര്ഷതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കും. എന്തുവന്നാലും തള്ളിപ്പറയാതെ നേര്‍വഴിക്കുനടത്താന്‍ പരസ്പരം ശഠിച്ചും സ്നേഹിച്ചും നീങ്ങും. സൗഹൃദം അങ്ങനെയാണ്. സൗഹൃദമില്ലെങ്കില്‍ ജീവിതം ശൂന്യമാകുകയും ചെയ്യും.
പക്ഷേ,മറ്റൊരാള്‍ക്ക് എന്തായാലും സ്വയം ആനന്ദിക്കാന്‍ തന്റെ ലക്ഷ്യങ്ങള്‍ക്ക് ചട്ടുകമാക്കാന്‍ സൗഹൃദത്തെ പറയുന്നവര്‍ സുഹൃത്തുക്കളല്ലെന്ന് തിരിച്ചറിയാം. അങ്ങനെയല്ലേ സുഹൃത്തേ…
പുതുചൊല്ല്:
ആദ്യം ചാറ്റിങ്: പിന്നെ ചീറ്റിങ്…
ജീവിതം എത്ര രസം… അല്ലെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: