കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ജില്ലയില്‍ സിപിഐ മത്സരിക്കുന്ന വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തിലായി. വൈക്കത്ത് നിലവിലുള്ള എംഎല്‍എ കെ. അജിത്തിന് മൂന്നാമത് മത്സരിക്കാനവസരം നല്‍കേണ്ടതില്ലെന്നാണ് മണ്ഡലം കമ്മറ്റി തീരുമാനിച്ചത്. പകരം എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രദീപ്കുമാര്‍, ജോയിന്റ് സെക്രട്ടറി ആശാ ചെല്ലപ്പന്‍, ടിവി പുരത്തിനുള്ള പ്രാദേശിക നേതാവ് അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മറ്റി ജില്ലാ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. ഇതില്‍ പ്രദീപ് കുമാറിനെയാണ് സംസ്ഥാന കൗണ്‍സില്‍ അംഗം റ്റി.എന്‍. രമേശന്‍ നേതൃത്വം നല്‍കുന്ന പ്രബല വിഭാഗം പിന്തുണയ്‌ക്കുന്നത്. കെ. അജിത്തിന് ഒരവസരംകൂടി നല്‍കണമെന്ന അഭിപ്രായക്കാരുടെ ശബ്ദം ദുര്‍ബലമാണ്. മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗവുമായ പി. നാരായണനും സീറ്റിനുവേണ്ടി കരുനീക്കവുമായി രംഗത്തുണ്ട്. തന്നോട് താല്‍പര്യമുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളെ സ്വാധീനിക്കുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്നും ജില്ലാ കൗണ്‍സിലിന് നല്‍കി. ലിസ്റ്റില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.ബി. ബിനുവിനായിരുന്നു പ്രഥമ പരിഗണന. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ്, പ്രാദേശിക നേതാവ് മോഹനന്‍ ചേന്നംകുളം എന്നിവരുടേയും പേരുകള്‍ ലിസ്റ്റിലുണ്ടായിരുന്നു. അഡ്വ. വി.ബി. ബിനുവിനെ മത്സരിപ്പിക്കണമെന്ന് ജില്ലാ കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നുവന്നുവെങ്കിലും റ്റി.എന്‍. രമേശന്‍, കിസാന്‍ സഭാ നേതാവ് അഡ്വ. പി.കെ. ചിത്രഭാനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സംഘം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതോടെ ലിസ്റ്റ് തിരിച്ചയക്കുകയായിരുന്നു. കൂടുതല്‍ ജയസാധ്യതയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.
അതോടെ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും അവതാളത്തിലായി. സംഘടനയ്‌ക്കകത്തുയര്‍ന്നുവന്ന പ്രശ്‌നം പരിഹരിക്കുന്നതിന് മുന്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക്, ജോര്‍ജ്കുട്ടി അഗസ്റ്റിന്‍ എന്നിവരിലാരെയെങ്കിലും സ്വതന്ത്ര്യരായി മത്സരിപ്പിക്കുവാനും നീക്കമാരംഭിച്ചിട്ടുള്ളതായറിയുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും ഇന്ന് യോഗം ചേരും.
















