ചാരുംമൂട്: ഈസ്റ്ററുള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ പ്രമാണിച്ച് പച്ചക്കറിയും മത്സ്യങ്ങളും വ്യാപകമായി വിറ്റഴിക്കപ്പെടുമ്പോള്‍ വിഷമയമായവ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ മേഖലയില്‍ ഫലപ്രദമല്ലെന്നും പരാതി.
ആരോഗ്യ വകുപ്പ് സംവിധാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പരിശോധനയ്‌ക്കുള്ളത്. എന്നാല്‍ മായം കണ്ടെത്താനോ നിയമപരമായി നടപടി സ്വീകരിക്കാനോ സംവിധാനങ്ങളില്ല. വിപണികള്‍ക്കു പുറമെ വാഹനങ്ങളിലും വഴിയോരങ്ങളിലും പഴവര്‍ഗങ്ങള്‍, പച്ചക്കറി, മത്സ്യ വ്യാപാരം സജീവമാണ്.
പൊതു വിപണിയെക്കാളും വിലക്കുറവില്‍ വാഹനങ്ങളിലെത്തിക്കുന്ന പച്ചക്കറി വഴിയോരങ്ങളില്‍ വില്‍ക്കുമ്പോള്‍ ആവശ്യക്കാരുമേറെയെത്തുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കറിവേപ്പിലയടക്കം വിഷം കലരുന്നതായി കണ്ടെത്തിയിരുന്നു. ഉത്പാദന കേന്ദ്രങ്ങളില്‍ തന്നെ പലപ്പോഴും കീടനാശിനികള്‍ തളിക്കാറുണ്ട്. ഇതുകൂടാതെ ഇവ ദിവസങ്ങളോളം കേടുകൂടാതിരിക്കുന്നതിനായി പച്ചക്കറിയില്‍ രാസവസ്തുക്കള്‍ തളിച്ചുമാണ് കേരളത്തിലേക്ക് കയറ്റി വിടുന്നത്.
ടണ്‍ കണക്കിന് പച്ചക്കറികളാണ് വിവിധ വിപണികളിലായെത്തുന്നത്. തിരുനെല്‍വേലി, പുളിയംകുടി, ആലംകുളം, ഊട്ടി, മേട്ടുപ്പാളയം, കമ്പം, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പച്ചക്കറി എത്തുന്നത്.
പഞ്ചായത്തുകള്‍ ജൈവ പച്ചക്കറി കൃഷി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഇതിനാല്‍ ആവശ്യാനുസരണം വിപണിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഓണക്കാലത്ത് ജൈവ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ചാരുംമൂട് മേഖലയില്‍ സജീവമായിരുന്നു. എന്നാല്‍ അന്യസംസ്ഥാന പച്ചക്കറികളും വിറ്റിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. പൊതുമാര്‍ക്കറ്റിലെക്കാള്‍ വില കൂടുതലുമായിരുന്നു.
അന്യനാടുകളില്‍ നിന്നെത്തിയ മത്സ്യമാണ് വിപണികളിലെത്തുന്നത്. ഇവയിലേറെയും ദിവസങ്ങള്‍ പഴക്കമുള്ള താണെങ്കിലും പുതുമ നഷ്ടപ്പെടാതിരിക്കാനായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. പഴവര്‍ഗ വിപണിയിലും രാസവസ്തുക്കള്‍ കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നത്.
മുന്തിരി, മാമ്പഴം, കൈതച്ചക്ക, ആപ്പിള്‍, ഓറഞ്ച് എന്നിവയിലാണ് മാരകമായ വിഷാംശമുള്ളത്. ഇവ ഒരു പോലെ പഴുപ്പിക്കുന്നതിനും ആകര്‍ഷകമായ നിറം വരുന്നതിനും കേടാകാതിരിക്കുന്നതിനുമാണ് രാസവസ്തുക്കള്‍ കലര്‍ത്തുന്നത്. ഇവ കണ്ടെത്തി നശിപ്പിക്കുന്നതിനോ വില്‍പ്പന നിരോധിക്കുന്നതിനോ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ ആരോഗ്യവകുപ്പ് അധികൃതരുള്‍പ്പെടെയുള്ളവര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
















