ഒരു മഹാബ്രാഹ്മണന്‍ സന്തതികളില്ലാതെ വല്ലാതെ വിഷമിക്കുന്ന വേളയില്‍ തപസ്സിനു നിശ്ചയിച്ച് പുറപ്പെട്ടു. മഹാദേവനെയാണ് തപസ്സുചെയ്തത്. തപസ്സിനൊടുവില്‍ ശിവപെരുമാള്‍ ദര്‍ശനം നല്‍കി. എന്താണ് വരം വേണ്ടത് എന്നുചോദിച്ചു സന്താനം ഒന്നുമില്ലാത്ത എനിയ്‌ക്ക് ഒരു സന്താനത്തെ തന്നാല്‍ മാത്രം മതി എന്നു പറഞ്ഞു. ”നീണ്ട ആയുസ്സുള്ള ദുഷ്പ്രവര്‍ത്തിചെയ്യുന്നവനെ വേണോ അതോ അല്‍പ്പായുസ്സായ(പതിനാറു വയസ്സുള്ള) സല്‍സന്താനത്തിനെ വേണോ” ? ”എനിയ്‌ക്ക് ആല്‍പ്പായുസ്സുള്ള മാതാപിതാക്കളെ നോക്കുന്ന ഭഗവല്‍ഭക്തിയുള്ള സല്‍സന്താനത്തിനെ മതി” അതുപോലെ ഇച്ഛിച്ച വരത്തെകൊടുത്ത് മഹാദേവന്‍ മറഞ്ഞു.
കാട്ടില്‍നിന്നും തപസ്സുകഴിഞ്ഞെത്തിയ ഭര്‍ത്താവിനെ യഥോചിതം പത്‌നി സ്വീകരിച്ചു ഭഗവല്‍ദര്‍ശനത്തെ വിസ്തരിച്ചു ഭാര്യയോടു പറഞ്ഞു. താമസിയാതെ ഈദമ്പദികള്‍ക്ക് ഒരു ആണ്‍കുഞ്ഞു പിറന്നു. അവര്‍ കുഞ്ഞിനു മാര്‍ക്കാണ്ഡേയന്‍ എന്നു പേരു വിളിച്ചു. യഥാവിധി ഉപനയനം, വേദപഠനം എന്നിവ പൂര്‍ത്തിയാക്കി. പതിനാറു വയസ്സുതികയുന്ന ദിനത്തില്‍ യമധര്‍മ്മപുരിയില്‍ ചിത്രഗുപ്തന്റെ പുസ്തകത്തില്‍ പറഞ്ഞ പ്രകാരം യമധര്‍മ്മന്‍ കിങ്കരന്മാരോട് മാര്‍ക്കാണ്ഡേയനെ കൊണ്ടു വരുവന്‍ പറഞ്ഞയച്ചു.
ആ ദിവസം മാര്‍ക്കാണ്ഡേയന്റെ മാതാപിതാക്കള്‍ വല്ലാത്ത ആലസ്യത്തിലായി. കാര്യങ്ങളെല്ലാം പുത്രന്‍ മാതാപിതാക്കളില്‍നിന്നു മനസ്സിലാക്കി. അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. മാതാപിതാക്കള്‍ എന്നെ പതിനാറു വയസ്സു വരെ നോക്കിയില്ലേ ഇനി എല്ലാം ശിവപ്പെരുമാള്‍ നോക്കിക്കോളും. ആയുസ്സ് നീട്ടികിട്ടുവാനായി അടുത്തുളള ശിവക്ഷേത്രത്തില്‍ ശരണം പ്രാപിച്ചു.
മാര്‍ക്കാണ്ഡേയനെ കണ്ടപ്പോള്‍ കിങ്കരന്മാര്‍ വിറച്ചു. യമധര്‍മ്മനോടു വിവരം പറഞ്ഞു. ഉഗ്രകോപിയായ യമധര്‍മ്മന്‍തന്നെ വന്ന് ശിവലംഗത്തെ പുണര്‍ന്നിരിക്കുന്ന മാര്‍ക്കാണ്ഡേയനുനേരെ കാലപാശം വീശി. കയറില്‍ മാര്‍ക്കാണ്ഡേയനൊപ്പം ശിവലിംഗവും കുടുങ്ങി. പിടിവലി മൂത്തപ്പോള്‍ രൗദ്ര മൂര്‍ത്തിയായി മഹാദേവന്‍ യമധര്‍മ്മനെ പിടിച്ചു തള്ളി. കൂടെ നെഞ്ചില്‍ ആഞ്ഞു ചവുട്ടി. മാര്‍ക്കാണ്ഡേയന്‍ എന്റെ പ്രിയ ഭക്തനാണ്. ഇവനെ തൊടാന്‍ നിങ്ങള്‍ക്കാര്‍ക്കും അധികാരമില്ല. തന്നെയുമല്ല ശിവന്‍ എന്നും പതിനാറു വയസ്സുതന്നെയായി ഇരിക്കട്ടേ. എന്നനുഗ്രഹിക്കുകയും ചെയ്ത് ശിവപെരുമാള്‍ മറഞ്ഞു.
















