സംഘപ്രസ്ഥാനങ്ങളുടെ പതാകാവാഹകരായി ദശകങ്ങളായി അശ്രാന്തം പ്രവര്‍ത്തിച്ചുവന്ന ഏതാനും തലമുതിര്‍ന്ന സ്വയംസേവകര്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ നമ്മെ വിട്ടുപിരിഞ്ഞ് സ്വധാമങ്ങളിലേക്കു മടങ്ങിയതിന്റെ കദനഭാരത്തിലാണ് തൃശ്ശിവപേരൂരിലെയും വാഴൂരിലെയും ചെങ്ങന്നൂരിലെയും സ്വയംസേവകര്‍. അവിസ്മരണീയരായ ജി. മഹാദേവനും മുരളിസാറും പ്രൊഫ. രാജശേഖരന്‍സാറും സ്വയംസേവകരില്‍ മാത്രമല്ല പൊതുസമൂഹത്തിലും തങ്ങളുടെ അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ജിഎം എന്നറിയപ്പെട്ടിരുന്ന മഹാദേവനെപ്പറ്റി ഈ പംക്തികളില്‍ ഏറെ കുറിച്ചിട്ടുമുണ്ട്. ഇവരുമായി സംഘത്തിന്റെ പ്രാന്തീയ പരിപാടികളിലാണ് സംസര്ഗത്തിനവസരം ലഭിക്കാറ്. ഇനി ആ അവസരം ഉണ്ടാവില്ലല്ലോ എന്ന വിഷാദം ബാക്കിയാവുന്നു. മൂന്നുപേരുമായും ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലത്തെ ബന്ധം പുലര്‍ത്താന്‍ സാധിച്ചത് ഭാഗ്യംതന്നെ.
ഹിന്ദി അധ്യാപകനായിരുന്ന മുരളിസാര്‍ അസാമാന്യ വ്യക്തിയായിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതി അന്തരിച്ചപ്പോള്‍ അദ്ദേഹം അവശേഷിപ്പിച്ചത് ഒട്ടേറെ സുവര്ണസ്മരണകളാണ്. സംഘത്തിന്റെ കോട്ടയം ജില്ലാ കാര്യവാഹ് ആയിരുന്ന അദ്ദേഹം നല്കിയ സ്ഥലത്താണ് കേരള പ്രസിദ്ധമായ ശ്രീ അരവിന്ദ വിദ്യാമന്ദിരം തലയുയര്ത്തിനില്ക്കുന്നത്. ‘അരവിന്ദ’യുടെ രജതജയന്തി ആഘോഷങ്ങള്‍ക്കായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ലാല്‍കൃഷ്ണ അദ്വാനി വന്ന അവസരത്തില്‍ മുരളിസാറിന്റെ പ്രയത്നത്തിന്റെ പ്രഭാവം അവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞു. പതിനായിരത്തോളം പേര് പങ്കെടുത്ത ആ മഹോത്സവത്തിന്റെ സംഘാടനവും നിര്‍വഹണവും ഭംഗിയാക്കാന്‍ പറ്റിയ ഒരു പ്രവര്‍ത്തകസംഘത്തിന്റെ മര്‍മ്മസ്ഥാനം വഹിച്ച അദ്ദേഹം ബാഹ്യമായി ഇതൊന്നുംതന്നെ ബാധിക്കുന്നതല്ല എന്ന മട്ടിലാണ് എല്ലാവരോടും ഇടപഴകിയത്. മഹത്തുക്കള്‍ പ്രാരംഭംകുറിച്ച മഹാപ്രസ്ഥാനങ്ങള്‍ വ്യക്തിനിരപേക്ഷമായി അതിന്റെ തന്നെ ആന്തരിക ശക്തിയും കരുത്തും സ്വയം ആര്‍ജിച്ചു മുന്നോട്ടുപോകുമെന്നു തീര്‍ച്ചയാണ്.
പ്രൊഫ. എന്‍. രാജശേഖരന്‍നായര്‍ ശബരിഗിരി വിഭാഗ് സംഘചാലകായിരുന്നു. അദ്ദേഹവുമായും അന്പതുവര്ഷത്തെ പരിചയത്തിന്റെ മധുരസ്മരണകള് നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. വിസ്തൃതമായ ശബരിഗിരി വിഭാഗില്‍ സംഘപ്രസ്ഥാനങ്ങളുടെ നെടുംതൂണായിരുന്നു രാജശേഖരന്‍സാര്‍. അന്പതുവര്ഷങ്ങള്ക്ക് മുമ്പ് ഞാന്‍ ചങ്ങനാശ്ശേരി കേന്ദ്രമാക്കി കോട്ടയം ജില്ലാ പ്രചാരകനായിരുന്ന കാലത്തെ വിദ്യാര്ത്ഥിശാഖയിലെ സജീവാംഗമായിരുന്നു, പെരുന്ന ഹിന്ദു കോളേജിലെ ബിരുദവിദ്യാര്‍ത്ഥി രാജശേഖരന്. കോളേജിനെതിര്‍വശത്ത് എംസി റോഡരുകിലെ ഒരു മുറിയായിരുന്നു കാര്യാലയം. മധ്യതിരുവിതാംകൂറിലെ അനേകം ഗ്രാമ, നഗരങ്ങളില്‍നിന്നുള്ള അധ്യേതാക്കള്‍ക്ക് സൗകര്യപ്രദമായ സ്ഥാനത്ത് പ്രവര്‍ത്തിച്ച എന്‍എസ്എസ് ഹിന്ദു കോളേജ് മന്നത്ത് പത്മനാഭന്റെ ഉന്നതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തി കണ്ടതിന്റെ ആദ്യമാതൃകയായിരുന്നല്ലൊ. അവിടത്തെ കാര്യാലയമുറി വിദ്യാര്‍ത്ഥികള്‍ക്ക് വന്നിരിക്കാന്‍ തികച്ചും സൗകര്യപ്രദമായിരുന്നു.
ചന്ദ്രശേഖര്‍ജിയും ഭാസ്കര്ജിയുമായിരുന്നു എനിക്കുമുമ്പ് അവിടെ താമസിച്ചവര്‍. അവരുടെ സമ്പര്‍ക്കത്തിന്റെ ഫലമായി കാര്യാലയം ധാരാളം വിദ്യാര്‍ത്ഥി സ്വയംസേവകരുടെ പോക്കുവരവിനും വിശ്രമസംവാദങ്ങള്ക്കും ഇടമായി. കോളേജില്‍ ഒരു പീര്യഡ് ഒഴിവുകിട്ടിയാല്‍ അങ്ങോട്ട് സ്വയംസേവകരുടെ വരവായി. അക്കൂട്ടത്തിലെ പ്രമുഖരില്‍ ഓതറക്കാരന്‍ രാജശേഖരനുമുണ്ടായിരുന്നു. തിരുവല്ലാക്കാരന് സദാശിവന്, കിടങ്ങറക്കാരന്‍ ഉണ്ണിക്കുട്ടന്, വാലടിയിലെ ദിവാകരന്, വാഴപ്പിള്ളിയിലെ ഗോപാലകൃഷ്ണപണിക്കര്‍, എം.ജി. രാമചന്ദ്രന്, ഇഴിഞ്ഞില്ലത്തെ ജഗന്നാഥന്, ജഗദീശന്, പുഴവാതിലിലെ മുരളി തുടങ്ങി സംവാദരംഗത്തെ കൊഴുപ്പിച്ചവര്‍ ഏറെയുണ്ടായിരുന്നു. ട്രെയിനിംഗ് കോളേജില്‍ അധ്യാപക വിദ്യാര്‍ത്ഥിയും പിന്നെ ഹൈസ്കൂള്‍ അധ്യാപകനുമായിരുന്ന എം.ജി. സോമനാഥന്‍സാര്‍ നിത്യസന്ദര്‍ശകനായിരുന്നു.
അവിടത്തെ ചര്‍ച്ചകള്‍ ഒട്ടനവധി വിഷയങ്ങളെ ഉള്‍ക്കൊണ്ടതായിരുന്നു. രാജശേഖരനും സദാശിവനും രാജ്യതന്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഗഹനതകള്‍ തേടുന്നവരായിരുന്നു. ഇരുവരുടെയും അക്കാദമിക വിഷയങ്ങള്‍ രാഷ്ട്രീയത്തിന് പുറത്തുള്ളതായിരുന്നു. രാജശേഖരന് ഫിസിക്സും സദാശിവന് കോമേഴ്സും കോളേജിലെ ഇംഗ്ലീഷ് അധ്യാപകന് ആയിരുന്ന പുത്തേഴത്ത് രാമചന്ദ്രനും ചിലപ്പോള്‍ സംവാദത്തില്‍ പങ്കുചേര്‍ന്നിരുന്നു.
രാജശേഖരന് മുന്‍പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിന്റെ നയങ്ങളെയും പ്രശ്നസമീപനങ്ങളെയുംകുറിച്ച് സന്തുലിതമായ അഭിപ്രായം ഉണ്ടായിരുന്നില്ല. നെഹ്റു മരിച്ച് രണ്ടുവര്ഷമാകുന്നതെയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെക്കുറിച്ച് നാം വസ്തുനിഷ്ഠമായ വിലയിരുത്തല്‍ നടത്തണമെന്നും ആരാധകരും വിമര്‍ശകരും പറയുന്ന കാര്യങ്ങളെ അപ്പടി വിശ്വസിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്നും അവരെ മനസ്സിലാക്കാന്‍ ശ്രമിച്ചു. നെഹ്റുവിനെക്കുറിച്ച് അദ്ദേഹം തന്നെ എഴുതിയതെന്നു കരുതപ്പെടുന്ന ഒരു പഴയ മോഡേണ്‍ റിവ്യൂ ലേഖനം രാജശേഖരന് വായിക്കാന്‍ കൊടുത്തിരുന്നു.
ഡിസ്ക്കവറി ഓഫ് ഇന്ത്യയുടെയും ആത്മകഥയുടെയും എന്റെ കൈവശമുണ്ടായിരുന്ന കോപ്പികളും അദ്ദേഹത്തിന് നല്കി. പബ്ലിക്കേഷന്‍ ഡിവിഷന് ചുരുങ്ങിയ വിലക്ക് പ്രസിദ്ധീകരിച്ച (മരണശേഷം)വയായിരുന്നു അത്. ഓര്‍ഗനൈസറില്‍ കെ.ആര്. മല്ക്കാനിയും സീതാറാം ഗോയലും എഴുതിവന്ന വജ്രസൂചിപോലത്തെ വിമര്‍ശനങ്ങള്‍ വായിക്കുമ്പോള്‍ സമനില കിട്ടാന്‍ അതു പ്രയോജനപ്പെടുമായിരുന്നുവെന്ന് രണ്ടുമാസം മുമ്പ് നടന്ന പ്രാന്തീയ ബൈഠക്കില്‍ കണ്ടപ്പോള്‍ പ്രൊഫ. രാജശേഖരന് അനുസ്മരിച്ചു. ബിരുദാനന്തരപഠനശേഷം അധ്യാപകവൃത്തി സ്വീകരിച്ച അദ്ദേഹം എന്നും സംഘത്തിന് പ്രഥമഗണന നല്കി. മധ്യതിരുവിതാംകൂര്‍ ഭാഗത്ത് സംഘത്തിന്റെ വേരോട്ടം അത്ര ബലവത്തല്ലാതിരുന്ന അവസ്ഥയില്‍നിന്നും അവിടെ ഉറച്ച അടിത്തറയുണ്ടാക്കാന്‍ യത്നിച്ചവരില്‍ മുമ്പനായിരുന്നു രാജശേഖരന്‍നായര്‍.
അവിടെയെത്തിയ പ്രചാരകര്ക്കൊക്കെ അദ്ദേഹം തണലായി. അടിയന്തരാവസ്ഥയില്‍ ഇന്ദിരാകിങ്കരനായിരുന്ന കെ. കരുണാകരന് സമ്മാനിച്ച മിസയുടെ ആതിഥ്യവും അനുഭവിച്ചു. അക്കാലത്ത് അവിടെ പ്രചാരകനായിചെന്ന വടക്കാഞ്ചേരിക്കാരന്‍ അനന്തന് രാജശേഖരന്സാറിന്റെ അന്ത്യേഷ്ടികര്‍മ്മങ്ങളില്‍ പങ്കെടുത്ത് മടങ്ങിയശേഷം ഫോണ്‍സന്ദേശത്തിലൂടെ അവിടെചേര്‍ന്ന പതിനായിരങ്ങളുടെ സംവേദന വിവരിക്കുകയുണ്ടായി.
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ അരനൂറ്റാണ്ടിലേറെക്കാലം സംഘത്തെ പടുത്തുയര്‍ത്താന്‍ ശ്രമിച്ച മൂന്നുപേരെ അനുസ്മരിക്കയാണിവിടെ ചെയ്തത്. അവര്‍ തീര്‍ച്ചയായും വരുംതലമുറകളുടെ പ്രചോദനകേന്ദ്രമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: