ശുദ്ധസംഗീതത്തിന്റെ തേന്‍ പുരട്ടിയ ഈണങ്ങളുമായി മലയാളിയുടെ മനസ്സില്‍ കുടിയേറിയ സംഗീത സംവിധായകന് എം.കെ.അര്ജ്ജുനന് എണ്‍പതിന്റെ നിറവിലാണ്. പ്രായത്തിന്റെ അവശതകള്‍ അര്ജ്ജുനന് മാഷിന്റെ ശരീരത്തിനാണ.് ഹൃദയത്തില്‍നിന്നൂറിവരുന്ന ഈണങ്ങള്‍ക്ക് ഇപ്പോഴും ചെറുപ്പം… ഇന്നും മാഷിന്റെ ലോകം പാട്ടുകളാണ്. കഴിഞ്ഞ ആറരപ്പതിറ്റാണ്ടായി ഈണങ്ങളുടെ ലോകത്ത് ജീവിക്കുന്ന അര്ജ്ജുനന് മാഷ്, പുതിയ ഈണങ്ങള്ക്കായുള്ള പണിപ്പുരയിലാണിപ്പോഴും. ഇതുവരെ കേള്‍ക്കാത്ത മധുരമുള്ള പുതിയ ഈണങ്ങള്‍ ആ മനസ്സില്‍ ഇനിയും ബാക്കിയുണ്ടെന്ന് ആ മുഖത്തുനിന്നും വായിച്ചെടുക്കാം… പഴയ തന്റെ ഹാര്‍മ്മോണിയം പെട്ടിയില്‍ വിരലുകളമര്‍ത്തി പുതിയ ഈണങ്ങള്‍ തേടുകയാണ് അദ്ദേഹം. നാല്‍പ്പതുവര്‍ഷം മുമ്പ് അര്ജ്ജുനന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കസ്തൂരി മണക്കുന്നല്ലോ… എന്ന പാട്ട് ന്യൂജെന്‍ സംഘങ്ങള്‍ ഇപ്പോള്‍ പാടി നടക്കുകയാണ്.
ഒരു ഈണം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും പുതിയ സിനിമയിലെത്തുന്നതും ആ ഗാനം പുതുതലമുറ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതും മലയാള സിനിമയില്‍ ചരിത്രമായി. ഇങ്ങനെ കസ്തൂരിമണമുള്ള എത്രയെത്ര പാട്ടുകള്‍… ഇനി വരുന്ന തലമുറകളുടെയും മനസ്സ് കീഴടക്കുന്ന പാട്ടുകള്‍… കാലത്തെ അതിജീവിക്കുന്ന ഈരടികള്‍. കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെ അറുപതുകളുടെ അവസാനത്തിലാണ് അര്ജ്ജുനന് മാസ്റ്റര്‍ ചലച്ചിത്ര ലോകത്ത് എത്തുന്നത്…
മലയാള സിനിമയുടെ എഴുപതുകള്‍ അര്‍ജ്ജുനന്‍മാസ്റ്ററുടെ സുവര്‍ണകാലമായിരുന്നു. മലയാളത്തിന്റെ ഏറ്റവും നല്ല പാട്ടുകള്‍ പിറന്ന കാലം. വയലാര്‍-ദേവരാജന്‍ ടീമില്‍നിന്നും ശ്രീകുമാരന്‍ തമ്പി-അര്ജ്ജുനന് മാസ്റ്റര്‍ ടീമിലേക്ക് ചലച്ചിത്ര സംഗീതം വഴിമാറിയ കാലം, തേന്മഴപോലെ പെയ്തിറങ്ങി മലയാളിയുടെ ഹൃദയം കുളിര്‍പ്പിച്ച പാട്ടുകള്‍… പാടാത്ത വീണയും പാടും, പൗര്‍ണമി ചന്ദ്രികതൊട്ടുവിളിച്ചു…, നിന്മണിയറയിലെ നിര്‍മലശയ്യയിലെ…ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം, കുയിലിന്റെ മണിനാദം കേട്ടു…., പാലരുവിക്കരയില്‍…, സ്വയംവരകന്യകേ…, നീലനിശീഥിനി…., തിരുവോണ പുലരിതന്‍..,. തളിര്‍വലയോ…, ഒരു പ്രേമലേഖനം എഴുതിമായ്ക്കാന്‍…., ആയിരം കാതമകലെയാണെങ്കിലും…., വാല്‍ക്കണ്ണെഴുതി…..പാട്ടുകളുടെ നിരനീളുന്നു… 800 ഓളം ചലച്ചിത്രഗാനങ്ങളാണ് അര്ജ്ജുനന് മാഷ് ചിട്ടപ്പെടുത്തിയത്. നാടകഗാനങ്ങള്‍ 1600 ലേറെയാണ്.
നാടകലോകത്തേക്കാണ് മാഷ് ആദ്യം ചുവടുവെച്ചത്. സിനിമയില്‍ കത്തിനിന്ന കാലത്തും നാടകത്തെ മാഷ് കൈവിട്ടില്ല. സമയം കിട്ടുമ്പോഴൊക്കെ നാടകങ്ങള്‍ക്ക് വേണ്ടി പാട്ടൊരുക്കി. ഇപ്പോഴും നാടകങ്ങളോടാണ് കൂട്ട്. നാടകങ്ങള്‍ക്കുവേണ്ടി അര്ജ്ജുനന് മാഷ് ഒരുക്കിയ പാട്ടുകള്‍ക്ക് കണക്കില്ല… കൊച്ചിയിലെ അമച്വര്‍ സംഘങ്ങള്‍ക്ക് പാട്ടൊരുക്കിയാണ് നാടകലോകത്തേക്ക് മാഷിന്റെ വരവ്. ഒടുവില്‍ കൊല്ലം കാളിദാസയിലെത്തി. അവിടെ സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററുടെ അടുത്താണ് എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ ഹാര്‍മോണിസ്റ്റായി. ദേവരാജന്‍ മാസ്റ്ററുമായുള്ള അടുപ്പവും ബന്ധവും തന്റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതായി മാഷ് പറയാറുണ്ട്. കര്‍ക്കശക്കാരനായിരുന്നു ദേവരാജന്‍ മാഷ്. ശാന്തശീലനായ അര്ജ്ജുനന്, ദേവരാജന്‍ മാസ്റ്ററുടെ ഇഷ്ടക്കാരനായി മാറി. പിന്നീട് നാടകങ്ങള്‍ക്കായി സ്വന്തമായി പാട്ടുകളൊരുക്കി. ഒടുവില്‍ ദേവരാജന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക്. കയ്പേറിയതായിരുന്നു മാഷിന്റെ ജീവിതാനുഭവങ്ങള്‍. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്തും. സങ്കടങ്ങളുടെ ലോകത്തുനിന്നും മനസ്സുമാറ്റുവാന്‍ അദ്ദേഹം സംഗീതത്തിന്റെ വഴികളിലേക്ക് എത്തുകയായിരുന്നു.
കുട്ടിക്കാലത്ത് ദാരിദ്ര്യമായിരുന്നു കൂട്ട്. ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം സ്വദേശി കൊച്ചുകുഞ്ഞിന്റെയും പാര്‍വ്വതിയുടെയും പതിനാല് മക്കളില്‍ ഇളയവനായാണ് അര്‍ജ്ജുനന്റെ ജനനം. തന്റെ ജനനത്തോടെ ഒന്‍പത് സഹോദരങ്ങളും മരണമടഞ്ഞ കഥയും അദ്ദേഹം അയവിറക്കുന്നു. മക്കള്‍ക്ക് ഒരുനേരത്തെ ഭക്ഷണത്തിനുപോലും അര്‍ജ്ജുനന്റെ അമ്മ നന്നേ പാടുപെട്ടു. അര്ജ്ജുനന് ആറ്മാസം പ്രായമുള്ളപ്പോള്‍ അച്ഛനും അവരില്‍നിന്നും വേര്‍പിരിഞ്ഞു. ദാരിദ്ര്യത്തില്‍നിന്നും കരകേറാന്‍ അയല്‍വാസിയായ രാമന്‍വൈദ്യര്‍ ഒരുപദേശവുമായി വീട്ടില്‍ വന്നു. പഴനിയിലെ ഒരാശ്രമത്തിലേക്ക് അര്‍ജ്ജുനനെയും പതിമൂന്നാമനായ പ്രഭാകരനെയും അന്തേവാസികളായി വിടുക. മനസ്സിടറിയാണെങ്കിലും അമ്മയ്ക്ക് ആ നിര്‍ദ്ദേശം സ്വീകരിക്കേണ്ടിവന്നു. വൈദ്യരുടെ സഹായി നാരായണഗുരുവിന്റെകൂടെ പഴനി ജീവകാരുണ്യ ആനന്ദാശ്രമത്തിലേക്ക് യാത്രയായി. യാത്രക്കിടയില്‍ പാലക്കാട്ടുവെച്ച് സഹോദരന് പ്രഭാകരന് ചിക്കന്‍പോക്സ് പിടിപെട്ടു. നാരായണഗുരു തന്റെ പരിചയക്കാരന്റെ വീട്ടില്‍ പ്രഭാകരനെയും അര്‍ജ്ജുനനെയും ആക്കി പഴനിയിലേക്ക് തിരിച്ചു. ഏഴുവയസ്സുകാരന് അര്ജ്ജുനന് രോഗബാധിതനായ സഹോദരനെ ശുശ്രൂഷിച്ചു, പരിചരിച്ചു, അവിടെക്കൂടി. അസുഖം മാറി ദിവസങ്ങള്‍ക്കുശേഷം പഴനിയിലെത്തി.
അവിടെ ആശ്രമത്തില്‍ ഭക്ഷണം കൃത്യമായി ലഭിച്ചുതുടങ്ങിയതോടെ ഈ മാറ്റം നല്ലതെന്ന് സഹോദരങ്ങള്‍ക്ക് തോന്നി. അമ്മയേയും സഹോദരങ്ങളെയും പിരിയേണ്ടിവന്നത് അര്‍ജ്ജുനനെ തെല്ല് വേദനിപ്പിച്ചുവെങ്കിലും ആശ്രമത്തിലെ അന്തരീക്ഷവുമായി അര്ജുനന് പെട്ടെന്ന് പൊരുത്തപ്പെട്ടു. അന്തേവാസികളുടെ കണ്ണിലുണ്ണിയായി. ആശ്രമത്തിലെ ഭജനയിലും മറ്റും അര്ജ്ജുനന് സജീവമായി. അര്ജ്ജുനന് മൂളിപ്പാട്ട് പാടുന്നത് ശ്രദ്ധിച്ച അവിടത്തെ അന്തേവാസികള്‍ അദ്ദേഹത്തെ അവിടുത്തെ ഭജനസംഘത്തിലെ ഗായകനാക്കിമാറ്റി. അര്‍ജ്ജുനനെയും സഹോദരനെയും സംഗീതം പഠിപ്പിക്കാന്‍ നാരായണഗുരുസ്വാമി അണ്ണാമലൈ സര്‍വ്വകലാശാലയിലെ കുമരയ്യാപിള്ളയെ നിയോഗിച്ചതും സംഗീതജന്മത്തിന്റെ വഴിത്തിരിവായി. അതോടൊപ്പംതന്നെ തമിഴ് മീഡിയം നാലാംക്ലാസുവരെ പഠിപ്പിക്കുകയും ചെയ്തു.
സംഗീതപഠനം ആറുവര്‍ഷം പൂര്‍ത്തിയാക്കി അര്ജുനന്. അപ്പോഴേക്കും ആശ്രമത്തിലെ അന്തേവാസികളുടെ ബാഹുല്യംനിമിത്തം ആശ്രമം പൂട്ടേണ്ടതായിവന്നു. എല്ലാവരേയും അവരവരുടെ വീടുകളിലേക്ക് അയച്ചു. ആശ്രമം പൂട്ടിയതോടെ അര്ജ്ജുനന് വീണ്ടും നാട്ടില്‍ തിരിച്ചെത്തി. അര്ജ്ജുനന് തന്റെ രക്തത്തിലലിഞ്ഞ സംഗീതം തിരഞ്ഞെടുത്തു. കൊച്ചി കേരളാ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ പ്രൊഫ. രാഘവമേനോന്‍, വിജയന്‍മാസ്റ്റര്‍ എന്നിവരുടെ കീഴില്‍ അദ്ദേഹം വീണ്ടും സംഗീതം പഠിക്കാന്‍ ആരംഭിച്ചു. സംഗീതകുലപതിയുടെ യാത്ര അവിടെനിന്നും ആരംഭിക്കുകയായിരുന്നു. ഇന്നത്തെ അര്ജ്ജുനനിലേക്കുള്ള പ്രയാണം…ഇപ്പോഴും അര്‍ജുനന്‍മാഷ് സിനിമയുടെ ലോകത്തുണ്ട്. ജയരാജിന്റെ പുതിയ സിനിമയായ ‘വീര്യ’ത്തില്‍ മാസ്റ്ററുടെ പാട്ടുണ്ട്.
കെപിഎസിയുടെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന നാടകത്തിന് സംഗീതം ചെയ്തു. ഇക്കുറിയും കെപിഎസിയുടെ നാടകത്തിന് പാട്ടൊരുക്കുന്നു. സംഗീതമില്ലാത്ത, സംഗീതവുമായി കൂട്ടുചേരാത്ത ഒറ്റ ദിവസവും അര്‍ജ്ജുനന്‍മാസ്റ്ററുടെ ജീവിതത്തിലില്ല. ഈണങ്ങള്‍ക്ക് ഒപ്പമാണ് അദ്ദേഹത്തിന്റെ ഊണും ഉറക്കവും. മനസ്സുനിറയെ പുതിയ ഈണങ്ങളുമായി…പാവങ്ങളുടെ സംഗീതചക്രവര്‍ത്തിയായി…അര്ജ്ജുനന് മാഷ് നമുക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: