എഴുതാനിരുന്നതാണ്. സമയം പന്ത്രണ്ടര കഴിഞ്ഞു. മൂന്ന് മണിക്കൂറായി. ഈ ഇരുപ്പ് തുടങ്ങിയിട്ട്, വരികളൊന്നും വന്നില്ല, വാക്കുകള്‍ മരിച്ചെന്നുതോന്നി.
താഴത്തെ മുറിയില്‍ ചോര്‍ന്നൊലിക്കുന്ന വെള്ളം താഴെ കിണ്ണത്തില്‍ ചെന്നു വീഴുന്ന ശബ്ദം മാത്രം കേള്‍ക്കാം. മഴ നിന്നിട്ട് മണിക്കൂറുകളായി. എന്നാലും ഓരോ തുള്ളി വീതം കിണ്ണത്തില്‍ വീണ് എന്നെ വിറപ്പിക്കുകയാണ്. അവസാനം പുസ്തകം മടക്കിവച്ചു.
ഞാന്‍ എഴുന്നേറ്റു ചെറിയ മുറിയില്‍ ചെന്നുകിടന്നു. പണ്ട് അച്ഛനുണ്ടാവുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചാണ് കിടക്കുക. അച്ഛനെ കെട്ടിപ്പിടിച്ച്, നെഞ്ചത്തുള്ള രോമങ്ങളില്‍ തിരുപിടിപ്പിച്ചു കിടക്കും. അച്ഛന് വല്ലതും വായിക്കയാവും. ഞാന്‍ വായിക്കണപോലെയുള്ള കവിതയും ബാലസാഹിത്യങ്ങളുമല്ല. മറ്റെന്തൊക്കയോ ആണ് അച്ഛന് വായിക്കുക. പലപ്പോഴും എനിക്കൊന്നും മനസ്സിലാവാറുണ്ടായിരുന്നില്ല.
ഞങ്ങള്‍ക്കിടയില്‍ ഒരു വിടവുണ്ടായിരുന്നില്ല. എപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അച്ഛന് പറയും അമ്മ മരിക്കുമ്പോള്‍ എനിക്ക് ഒന്നര വയസ്സായിരുന്നു. അന്നുതൊട്ടിന്നുവരെ അച്ഛന് എന്നെ താഴെവച്ചിട്ടില്ല. എല്ലാവരും നിര്‍ബന്ധിച്ചിട്ടും അച്ഛന് കല്യാണം കഴിച്ചില്ല. എനിക്ക് അച്ഛനും അച്ഛന് ഞാനുമായിക്കഴിഞ്ഞു. പലരും അച്ഛനോട് ചോദിക്കാറുണ്ടായിരുന്നു.
” മേനോനോ അമ്മു ഒരു പെങ്കുട്ട്യല്ലേ. കുറച്ചു കഴിഞ്ഞാ ഓള്ക്ക് എല്ലാം ചെയ്തുകൊടുക്കാന്‍ നിങ്ങളെക്കൊണ്ടാവോ?”.
” എനിക്ക് ജീവനുള്ളടത്തോളം കാലം ഞാനവളെ പോറ്റും. പിന്നെ എന്നോടൊരു കാര്യം പറയാനും അവള്‍ക്കൊരുമടീല്യ. ഞങ്ങള്‍ തമ്മില്‍ ഒരു ഒളിം മറേം ഇല്യ”. അച്ഛന്റെ മറുപടി ഇത്രകൊണ്ട് ഒതുങ്ങും.
ശരിയാണ് ഞങ്ങള്‍ തമ്മില്‍ ഒരു ഒളിയും മറയും ഉണ്ടായിരുന്നില്ല. എന്നിട്ടും അന്നൊരു വൈകുന്നേരം മഴയത്ത് ഞാന്‍ പനിച്ചുകിടക്കുമ്പോ അച്ഛനെ കൈയാമം വച്ചുകൊണ്ടുപോയതെന്താന്നുമാത്രം എനിക്കിപ്പോഴും അജ്ഞാതം.
ഇപ്പോഴും എനിക്കിന്നലെയെന്നപോലെ ഓര്‍ക്കാം. അച്ഛന് നടന്നകലുമ്പോള്‍ പോലീസുകാരുടെ ഷൂസിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുല്‍മോഹര്‍ പൂക്കള്‍. ഞാനും അച്ഛനും നട്ടുനനച്ചുണ്ടാക്കിയതാണ്. അത്തവണ ആദ്യമായി പൂത്തു. ഇനി കാണാന്‍ അച്ഛന് ഉണ്ടാവില്ലെന്ന് ഏതോ ആറാം ഇന്ദ്രിയം മന്ത്രിച്ചപോലെ.
അച്ഛന് തലയുയര്‍ത്തിപ്പിടിച്ചാണ് പോയത്. എന്തിനാണ് പോവുന്നതെന്നു ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു. പനി പിടിച്ചും വിറയ്ക്കുന്ന കൈകളില്‍ അച്ഛന് മുഖം അമര്‍ത്തി. കരയുമെന്ന് ഞാന്‍ പേടിച്ചു. പക്ഷേ കരഞ്ഞില്ല, എന്നോടു പറഞ്ഞു, ” അമ്മു നന്നായി പഠിക്കണം. ഞാന്‍ വരുമ്പോഴേക്ക് പുതിയ കവിതകള്‍ പഠിച്ചുവയ്ക്കണം. വന്നിട്ട് നമ്മള്‍ക്കൊരുമിച്ച് ചൊല്ലണ, പിന്നെ കൊലുസിനി ഞാന്‍ വന്നിട്ടു വാങ്ങിത്തരാം”.
എന്താണ് മറുപടി പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. ദ്രവിക്കാന്‍ തുടങ്ങിയ കട്ടിളയില്‍ ചാരി ഞാന്‍ കരഞ്ഞു. പോവുമ്പോള്‍ അച്ഛന് തിരിഞ്ഞുനോക്കും എന്നു കരുതി. പക്ഷേ, അതുണ്ടായില്ല. കരഞ്ഞു കരഞ്ഞു ഞാന്‍ തളര്‍ന്നു. അങ്ങനെ പന്ത്രണ്ടുകൊല്ലം കരഞ്ഞു. ഒക്കെ ഇന്നലെ കഴിഞ്ഞപോലെ.
എല്ലാ വെള്ളിയാഴ്ചയും ഞാന്‍ അച്ഛന് എഴുതും. എന്തായിരുന്നു അച്ഛന് ചെയ്ത കുറ്റമെന്ന് എനിക്കിപ്പോഴും അറിയില്ല. അവിടെ അച്ഛന് രാത്രിയും പകലും വെയിലത്തും മഴയത്തും പണിയെടുക്കുകയാവും. വരുമ്പോ എനിക്ക് പുസ്തകവും കൊലുസും വാങ്ങാന്‍. ഒന്നുമില്ലെങ്കിലും വേണ്ട അച്ഛന് പെട്ടന്നുവന്നാല്‍ മതിയായിരുന്നു.
ചിലപ്പോ തോന്നും സന്തോഷം തിരമാലകളെപ്പോലെയാണെന്ന്. അത് വന്നപോലെ തന്നെ തിരിച്ചുപോവും. ഈ പന്ത്രണ്ട് കൊല്ലത്തിനിടയക്ക് ഇവിടെ നടന്നതൊന്നും അച്ഛന് അറിയുന്നുണ്ടാവില്ല. ഞാന്‍ വലിയ കുട്ടി ആയതും. ഒറ്റയ്ക്കീ വീട്ടില്‍ താമസിക്കുമ്പോള്‍ രാത്രി പുറത്തുനിന്നു കേള്‍ക്കുന്ന ചൂളം വിളികളും ഒന്നും…
എന്തുരസമായിരുന്നു, അച്ഛനുള്ള കാലം. ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ഉണ്ണുക. പാചകം അച്ഛന് തന്നെയാണ്. അപ്പോ ഞാനിരുന്ന് കവിത ചൊല്ലിക്കൊടുക്കും. അത് കേള്‍ക്കുമ്പോ അച്ഛന്റെ വിറയ്ക്കുന്ന വിരലുകള്‍ കണ്ടിരിക്കാന്‍ എനിക്ക് വല്യ ഇഷ്ടമായിരുന്നു. പിന്നെ, രാത്രി കുറേ വായിച്ചങ്ങനെ കിടന്നുറങ്ങിപ്പോകും. എന്നെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ചു തരും. ഞങ്ങള്‍ കടലുകാണാന്‍ പോലും കോഫി ഹൗസില്‍ നിന്നും മസാലദോശ കഴിക്കും. ഒക്കെ കഴിഞ്ഞു. ഇപ്പോ എന്റെ ചെവിയില്‍ ആ കടലിരമ്പം മാത്രമാണ്. എന്റെ അച്ഛനെ കൊണ്ടുപോയി, ഈ ലോകത്തെന്നെ തനിച്ചാക്കിയ കടലിന്റെ പ്രതികാര ശബ്ദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: