അയര്‍ക്കുന്നം: റോഡിന്റെ വീതികുറവും അനധികൃത കയ്യേറ്റവുംമൂലം പാറേവളവില്‍ അപകടം പതിവായതില്‍ പ്രതിഷേധമേറുന്നു. കൊങ്ങാണ്ടൂര്‍ പൂവേലിക്കയറ്റം മുതല്‍ കല്ലിട്ടുനട വരെയുള്ള ഭാഗത്താണ് അപകടം പതിവായിട്ടുള്ളത്. ഈ ഭാഗത്ത് റോഡിന് വീതിയുണ്ടെങ്കിലും ഇവിടെ പുറമ്പോക്ക് കയ്യേറ്റം വ്യാപകമാണ്. സ്വകാര്യ വ്യക്തികള്‍ മതില്‍കെട്ടിയും കൃഷി ചെയ്തും പുറമ്പോക്കുകള്‍ കയ്യേറിയിരിക്കുന്നതിനാല്‍ റോഡിന് മറ്റുള്ളിടത്തുള്ള വീ തി ഇവിടെയില്ല.
അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിരോധന ഉത്തരവ് നല്‍കിയിട്ടും കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. കാല്‍നടയാത്രക്കാര്‍ ഇവിടെ ഒട്ടും സുരക്ഷിതരല്ലാത്ത സാഹചര്യമാണ്. അപകടങ്ങള്‍ പെരുകിയതിനെ തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ പലതവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം അപകടം നടന്നതും ഈ ഭാഗത്താണ്. അപകടം നടന്നതോടെ നാട്ടുകാര്‍ അയര്‍ക്കുന്നം-കിടങ്ങൂര്‍ റോഡ് ഉപരോധിച്ചിരുന്നു. കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. പൂവേലികയറ്റം മുതല്‍ കല്ലിട്ടനട വരെയുള്ള ഭാഗത്തെ സ്ഥലം ഉടമകള്‍ക്കു നോട്ടിസ് നല്‍കി റോഡ് പുറമ്പോക്കുകള്‍ ഒഴിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളില്‍ വില്ലേജ് ഓഫിസറോടു സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.
അയര്‍ക്കുന്നം–കിടങ്ങൂര്‍ റോഡില്‍ വിവിധ ഇടങ്ങളില്‍ അപകടസാധ്യതകള്‍ ഏറെയുണ്ട്. ഇതും പരിഹാരം കാണാ ന്‍ കഴിയാതെ കിടക്കുകയാണ്. ഒറവയ്‌ക്കല്‍ കവലയ്‌ക്കു സമീപമുള്ള പാലത്തിന്റെ കൈവരി തകര്‍ന്നു കിടന്നിട്ട് മാസങ്ങളായി. വാഹനമിടിച്ച് തകര്‍ത്ത ഈ കൈവരി പുനഃസ്ഥാപിക്കാന്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറായില്ല.
















