ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് വാഹന പരിശോധന നടത്തിയിരുന്ന എക്‌സൈസ് സംഘത്തെ കണ്ട് നിര്‍ത്താതെ പോയ ഓട്ടോ ടാക്‌സി എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടി. ഓട്ടോ ടാക്‌സി പാലത്തിന്റെ കലുങ്കില്‍ ഇടിച്ചുനിര്‍ത്തി തോട്ടിലേക്ക് ചാടിയ മൂന്നുപേരില്‍ ഒരാളെ എക്‌സൈസ് പിടികൂടി. രണ്ടുപേര്‍ രക്ഷപ്പെട്ടു.
ടാക്‌സിയില്‍ നിന്നും ഒരു ലിറ്ററിന്റെ മുപ്പതു കുപ്പികളിലായി 30 ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി പുതുപ്പള്ളി തെക്കുമുറിയില്‍ പെരിങ്ങാട്ടുശേരി വീട്ടില്‍ സുദീപ് (28) ആണ് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. ഓടി രക്ഷപെട്ട വിനോദിനെ രണ്ടാം പ്രതിയാക്കിയും ബിനുവിനെ മൂന്നാം പ്രതിയാക്കിയും കേസെടുത്തു.
എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ടി. പ്രിയലാല്‍, എസ്. അക്ബര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.അജീബ്, എം. റെനി, പി. അനിലാല്‍, എസ്.ആര്‍. റഹിം എന്നിവരാണ് പ്രതിയെ പിടികൂടിയത്. +കായംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റു ചെയ്തു.
















