മുണ്ടക്കയം: പൊലീസ് മഹസ്സറിനു സാക്ഷിയായ യുവാവിന്റെ വീട്ടില്‍ കയറി ഏഴംഗ സംഘം അക്രമിച്ചതായി പരാതി. മുണ്ടക്കയത്തിനടുത്ത് പ്ലാക്കപടി കതിരോലില്‍ ബിനുവിന്റെ (37) വീട്ടിലാണ് ഏഴംഗ സംഘം വടിവാളുമായി എത്തി വധ ഭീഷണി മുഴക്കുകയും വീടിനു നേരെ ചുടുകട്ടകൊണ്ടെറിഞ്ഞു കേടുപാടുകള്‍ വരുത്തുകയും ചെയ്തത്. കഴിഞ്ഞ രാത്രി പത്തുമണിയോടെയാണ് സംഭവം.
സംഭവം സംബന്ധിച്ചു ബിനുവും മാതാവുപൊന്നമ്മയും പറയുന്നതിങ്ങനെയാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു സമീത്തെ വീട്ടില്‍ നിന്നും ആറോളം യുവതി യുവാക്കളെ പിടികൂടിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസ് സമീപവാസികളില്‍ നിന്നും മൊഴിയെടുക്കുകയും പൊലീസ് വന്നതിന്റെ സാക്ഷിയായി ഒപ്പിട്ടു വാങ്ങുകയും ചെയ്തത്രെ. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന സംഘത്തെ പിന്നീട് പൊലീസ് പറഞ്ഞയച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന ചിലര്‍ തിരികെയെത്തി രാത്രി പരിസരവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നരീതിയില്‍ ബഹളം വക്കുകയും രാത്രി പത്തുമണിയോടെ ബിനുവിന്റെ വീടിന്റെ മുന്നിലെത്തി വടിവാള്‍ വീശുകയും വീടിനുനേരം ചുടകട്ടകൊണ്ടു എറിയുകയും ചെയ്തു. ഐ.എ.വൈ.പദ്ധതിപ്രകാരം നിര്‍മാണം പൂര്‍ത്തിയായിവരുന്ന വീടിനു നേരെയായിരുന്നു സംഘത്തിന്റെ അക്രമം. അസഭ്യം പറഞ്ഞെത്തിയ സംഘത്തെ കണ്ടു ഭയന്ന ബിനുവിന്റെ ഭാര്യ രാജി അഞ്ചുവയസ്സുളള മകള്‍ ആര്യ പ്രായമായ മാതാവു പൊന്നമ്മ എന്നിവര്‍ വീടിനുളളില്‍കയറി ഒളിക്കുകയായിരുന്നു. സംഭവം സംബന്ധിച്ചു മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കി.
അനാശാസ്യത്തിനുപിടികൂടിയവരെ പൊലീസ് വെറുതെ വിട്ടതായി വ്യാപകപരാതി ഉയര്‍ന്നിട്ടുണ്ട്.എന്നല്‍ പിടികൂടിയവര്‍ അത്തരക്കാരല്ലന്നും പരീക്ഷപഠനത്തിനായി എത്തിയവരാണന്നും മുണ്ടക്കയം പൊലീസ് പറഞ്ഞു. ബിനുവിന്റെ വീട് അക്രമിച്ച സംഭവം അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു.
















