അരൂര്‍: മാത്യകാ ഓട്ടോ ടാക്‌സി സ്റ്റാന്റ് ആക്കുന്നതിന്റെ ഭാഗമായി അരൂരില്‍ ഡ്രൈവര്‍മാര്‍ക്കായി പെരുമാറ്റചട്ടം. പള്ളി സ്റ്റാന്റിലെ ഓട്ടോ ടാക്‌സികള്‍ക്കാണ് പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടത്തക്ക രീതിയില്‍ പെരുമാറ്റചട്ടത്തിന് രൂപം കൊടുത്തത്. സ്റ്റാന്റിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍ മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ചാണ് പെരുമാറ്റചട്ടം പ്രഖ്യാപിച്ചത്. സ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ ഉണ്ടാകണം. യൂണിഫോമും ഐഡി കാര്‍ഡും ക്യത്യമായും ധരിച്ചിരിക്കണം. യാത്രക്കാര്‍ ഏതു സ്ഥലത്തേക്ക് വിളിച്ചാലും ഓട്ടം പോകണം. സ്റ്റാന്‍ഡിലും വാഹനം ഓടിക്കുമ്പോള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. യാത്രക്കാരോട് മോശമായി പെരുമാറരുത്. അത്യാഹിത ഘട്ടങ്ങളില്‍ അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മടി കാണിക്കരുത്. യാത്രക്കാരില്‍ നിന്ന് നിശ്ചിത തുക മാത്രം വാങ്ങുക. എന്നീ നിര്‍ദ്ദേശങ്ങളാണ് പെരുമാറ്റചട്ടത്തില്‍ ഉള്‍പ്പെടുന്നത്. ഇതിനു വിരുദ്ധമായി പെരുമാറുന്ന ഡ്രൈവര്‍മാരുടെ വിവരം കണ്‍വീനറേയോ ജോയിന്റ് കണ്‍വീനറേയോ അറിയിക്കുന്നതിന് ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട.് ഐഡി കാര്‍ഡ് വിതരണം സ്റ്റാന്റിലെ മുതിര്‍ന്ന ഡ്രൈവര്‍ ബാലചന്ദ്രപൈയ്‌ക്ക് നല്‍കി പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ.ജെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഇ.ബി. കൃഷ്ണപ്രസാദ്, ഷൈജു, ബിജു എന്നിവര്‍ സംസാരിച്ചു.
















