യുധിഷ്ഠിരന്റെ നിര്‍ദ്ദേശമനുശരിച്ച് പുരോഹിതനായ ധൗമ്യനും വിദുരരും സഞ്ജയനും കൂടി, പോരില്‍ മരിച്ച വീരന്മാരെയെല്ലാം യഥോചിതം സംസ്‌കരിച്ചു. സംസ്‌കാരക്രിയകളെല്ലാം കഴിഞ്ഞശേഷം ധൃതരാഷ്‌ട്രനെ മുന്‍നിര്‍ത്തി എല്ലാവരും ഗംഗയിലേക്ക് പോയി. ഗംഗാസ്‌നാനം കഴിഞ്ഞ് ഓരോരുത്തരും തങ്ങളുടെ പിതാക്കന്മാരും ഭ്രാതാക്കന്മാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും പുത്രന്മാര്‍ക്കും പൗത്രന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും കണ്ണുനീരോടെ ഉദകദാനം ചെയ്തു. ആ സമയത്ത് കുന്തി പെട്ടെന്നു വീണ്ടും ശോകകര്‍ശിതയായി. കരഞ്ഞുകൊണ്ട്, മക്കളോടു മെല്ലെ പറഞ്ഞു.
‘വില്ലാളി വീരനും മഹാരഥനും പാര്‍ത്ഥനാല്‍ പരാജിതനും വീരലക്ഷണയുക്തനും സൂതപുത്രനായ രാധേയനെന്ന് നിങ്ങള്‍ കരുതുന്നവനും സൂര്യനെപ്പോല പ്രകാശിച്ചിരുന്നവനും നിങ്ങളെയെല്ലാം എതിര്‍ത്തുപൊരുതിയവനും. സുയോധനബലത്തെ മുഴുവന്‍ നയിച്ചിരുന്നവനും നിസ്തുലവീര്യനും പ്രാണനേക്കാള്‍ യശസ്സിനെ വരിച്ചിരുന്നവനും സത്യസന്ധനും പോരില്‍ പിന്തിരിയാത്തവനും മഹാപരാക്രമിയും നിങ്ങളുടെ സോദരനുമായ കര്‍ണനുവേണ്ടിയും സലിലം സമര്‍പ്പിച്ചാലും. അവന്‍ നിങ്ങളുടെ പൂര്‍വജനാണ്.
ആദിത്യനില്‍നിന്നും എനിക്കുണ്ടായ പുത്രനാണ് കര്‍ണന്‍. അമ്മയുടെ ആ അപ്രിയവാക്കുകള്‍ കേട്ട് പാണ്ഡവന്മാര്‍ വീണ്ടും ശോകവ്യാകുലരായി. യുധിഷ്ഠിരന്‍ ഒരു പാമ്പിനെപ്പോലെ നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മയോടു പറഞ്ഞു: ‘ആരുടെ ബാഹുപ്രതാപംകൊണ്ട് ഞങ്ങളൊക്കെ വിറച്ചിരുന്നുവോ, ആരുടെ അസ്ത്രപ്രയോഗം അര്‍ജ്ജുനനൊഴിച്ച് സകലര്‍ക്കും അസഹ്യമായിരുന്നുവോ, ആരുടെ കരബലം കൗരവന്മാര്‍ ആശ്രയിച്ചിരുന്നുവോ, സര്‍വശസ്ത്രവിശാരദനായ ആ മഹാരഥന്‍ കര്‍ണന്‍ ഞങ്ങളുടെ ജ്യേഷ്ഠഭ്രാതാവായിരുന്നുവെന്നോ? അഹോ! ഭവതി ഇക്കാര്യം ഗുഹനം ചെയ്തുവെച്ചിരുന്നതുകൊണ്ട് ഞങ്ങള്‍ നശിച്ചല്ലൊ!
അഭിമന്യുവിന്റേയും ദ്രൗപദേയന്മാരുടേയും പാഞ്ചാലന്മാരുടെയും കൗരവന്മാരുടെയും നാശം കൊണ്ടുണ്ടായതില്‍ നൂറുമടങ്ങ് വ്യസനം ഇതുമൂലം എന്നെ ബാധിച്ചിരിക്കുന്നു. എന്നെ എരിതീയില്‍ എറിഞ്ഞതുപോലെ തോന്നുന്നു. ഈ കുലനാശകമായ കൂട്ടക്കൊല ഉണ്ടായില്ലെങ്കില്‍ നമുക്ക് നേടാന്‍ കഴിയാത്തത് ഒന്നുമുണ്ടായിരുന്നില്ല’ എന്നിങ്ങനെ കരഞ്ഞുകൊണ്ട് യുധിഷ്ഠിരന്‍ തന്റെ ജ്യേഷ്ഠന് ഉദകദാനം ചെയ്തു. കര്‍ണപത്‌നിമാരേയും വരുത്തിച്ചു. യുധിഷ്ഠിരന്‍ അവരോടൊപ്പം ജ്യേഷ്ഠന്റെ പ്രേതകൃത്യങ്ങളെല്ലാം ചെയ്തു. ‘അഹോ, പാപിയായ ഞാന്‍ എന്റെ ജ്യേഷ്ഠനെ കൊന്നുവല്ലോ!
ഇതുകാരണം സ്ത്രീകളുടെ മനസ്സില്‍ ഗുഹ്യമായതൊന്നും ഇരിക്കാതെ പോകട്ടെ’ എന്നിങ്ങനെ അമ്മ ചെയ്ത അപരാധത്തിന് സ്ത്രീവര്‍ഗത്തിന് മുഴുവന്‍ ഒരു ശാപവും പൊഴിച്ചുകൊണ്ട് ധര്‍മജാദികള്‍ ഗംഗയില്‍നിന്നും കരയ്‌ക്കുകയറി.
സദ്ധിനാഥാനന്ദ സ്വാമിജി
















