ആലപ്പുഴ: പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും വളരെ വലുതായി രേഖപ്പെടുത്തിയിട്ടുള്ള പേരുവിവരങ്ങള്‍ നീക്കം ചെയ്യുമെന്നു ചീഫ് ഇലക്ടറല്‍ ഓഫീസര്‍. അതിനായുള്ള നടപടി ഇതിനകം തുടങ്ങിയതായും അറിയിച്ചു.
വികസന ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മിതികളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പു വേളയില്‍ ഇത് ചുമരെഴുത്തു പോലെ ഒരു പ്രചാരണമാര്‍ഗമായി ഉപയോഗിക്കുന്നുണ്ടെന്നും എടുത്തുകാട്ടിയിരുന്നു. പലയിടങ്ങളിലും തെരഞ്ഞെടുപ്പു കാലമാകുമ്പോള്‍ ഇത്തരത്തിലുള്ളവ പുതുക്കി തെളിച്ച് എഴുതിക്കുന്നതും കാണാം. പോളിങ് ബൂത്തായി ഉപയോഗിക്കുന്ന പല കെട്ടിടങ്ങളും കൂടാതെ സമീപ കെട്ടിടങ്ങളും അഥവാ പോകുന്ന വഴിയിലുള്ള സ്ഥാപനങ്ങളും ഇങ്ങനെ വലിയ ഭിത്തി നിറയെ ജനപ്രതിനിധിയുടെ പേര് വലിയ അക്ഷരങ്ങളില്‍ പേറി നില്ക്കുന്നവയാണ്.
ഇങ്ങനെ പേരെഴുതാന്‍ തന്നെ വന്‍ തുക ചെലവാക്കാറുമുണ്ട്. പ്രത്യേക സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പു കാലത്ത് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഇവ നീക്കം ചെയ്യുകയോ മറയ്‌ക്കുകയോ ചെയ്യാറില്ലായിരുന്നു.
















