തിരുവനന്തപുരം: പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും വളരെ വലുതായി രേഖപ്പെടുത്തിയിട്ടുള്ള പേരുവിവരങ്ങള്‍ നീക്കം ചെയ്യുമെന്നു ചീഫ് ഇലക്ടറല്‍ ഓഫീസര്‍. അതിനായുള്ള നടപടി ഇതിനകം തുടങ്ങിയതായും അറിയിച്ചു. വികസന ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മിതികളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടിആര്‍എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
എംഎല്‍എമാരുടെയും എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിലെ തുക കൂടി ഉപയോഗിച്ചു നിര്‍മിക്കുകയും പുതുക്കുകയും സംഭാവന ചെയ്യുകയും ചെയ്യുന്ന കെട്ടിടങ്ങളിലും നിര്‍മിതികളിലും വസ്തുക്കളിലും അത് അവരുടെ വ്യക്തിഗതവും സ്വകാര്യവുമായ സ്വത്തുപയോഗിച്ചുള്ളതാണെന്നു ദ്യോതിപ്പിക്കും വിധം ഒരു മാനദണ്ഡവുമില്ലാതെ പേരു വലിയ അക്ഷരങ്ങളില്‍ എഴുതിവെക്കുന്നത് കേരളത്തിലുടനീളം വര്‍ഷങ്ങളായി കാണുന്ന പ്രവണതയാണെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യഥാര്‍ഥത്തില്‍ ആ തുക പൊതുജനങ്ങളുടെ നികുതി ശേഖരിച്ചുള്ള പൊതുഖജനാവില്‍ നിന്നു നാടിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ വീതിച്ചു നല്‍കുന്നതാണ്. അല്ലാതെ ജനപ്രതിനിധികളുടെ സ്വകാര്യ സമ്പത്തിന്റെയോ വരുമാനത്തിന്റെയോ വീതമല്ല. യഥാര്‍ഥത്തില്‍ ജനങ്ങളുടേതു തന്നെയാണ്. അതിനാല്‍ വളരെ വലുപ്പത്തില്‍ ജനപ്രതിനിധിയുടെ പേര് പ്രദര്‍ശിപ്പിക്കേണ്ടതില്ല.
തെരഞ്ഞെടുപ്പു വേളയില്‍ ഇത് ചുമരെഴുത്തു പോലെ ഒരു പ്രചാരണമാര്‍ഗമായി ഉപയോഗിക്കുന്നുണ്ടെന്നും എടുത്തുകാട്ടിയിരുന്നു. പലയിടങ്ങളിലും തെരഞ്ഞെടുപ്പു കാലമാകുമ്പോള്‍ ഇത്തരത്തിലുള്ളവ പുതുക്കി തെളിച്ച് എഴുതിക്കുന്നതും കാണാം. പോളിംഗ് ബൂത്തായി ഉപയോഗിക്കുന്ന പല കെട്ടിടങ്ങളും സമീപ കെട്ടിടങ്ങളും പോകുന്ന വഴിയിലുള്ള സ്ഥാപനങ്ങളും ഇങ്ങനെ വലിയ ഭിത്തി നിറയെ ജനപ്രതിനിധിയുടെ പേര് വലിയ അക്ഷരങ്ങളില്‍ പേറി നില്‍ക്കുന്നവയാണ്. ഇങ്ങനെ പേരെഴുതാന്‍ തന്നെ വന്‍ തുക ചെലവാക്കാറുമുണ്ട്.
പ്രത്യേക സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പു കാലത്ത് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഇവ നീക്കം ചെയ്യുകയോ മറയ്‌ക്കുകയോ ചെയ്യാറില്ലായിരുന്നു.
ഒരിക്കല്‍ ജയിച്ചിട്ടുള്ളവര്‍ക്കു തെരഞ്ഞെടുപ്പില്‍ നേരത്തേ പരാജയപ്പെട്ടവര്‍ക്കും പുതുതായി നില്‍ക്കുന്നവര്‍ക്കും എതിരെയുള്ള അനുകൂലവും മുന്‍ഗണന നല്‍കുന്നതുമായ സാഹചര്യമാണ് സര്‍ക്കാരിന്റെ ചെലവിലുള്ള ഈ പരസ്യമാര്‍ഗം ഉളവാക്കുന്നതെന്നും ടിആര്‍എ സൂചിപ്പിച്ചിരുന്നു.
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും ആകര്‍ഷിക്കാനും ലക്ഷ്യമാക്കിയുള്ള ഇത്തരം എഴുത്തുകള്‍ മായ്‌ക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് നിര്‍ദേശിക്കണമെന്നും കൂടാതെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടങ്ങളിലും മറ്റും പേരുവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ എത്രയും വേഗം പ്രഖ്യാപിക്കണമെന്നുമാണ് അഭ്യര്‍ഥിച്ചിരുന്നത്.
സാമൂഹ്യ, സ്ഥാനാര്‍ഥി സമത്വം ലക്ഷ്യമാക്കി നടപടിയെടുക്കണമെന്ന ഈ ആവശ്യം മുമ്പും ചീഫ് സെക്രട്ടറിക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിരുന്നില്ല.
















