ഹരിപ്പാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനില്‍ കുമാറിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഏവൂര്‍ വടക്ക് കൊട്ടാര കിഴക്കതില്‍ വീല്‍ബാര്‍ എന്ന് വിളിക്കുന്ന അനൂപ് കൃഷ്ണന്‍ (കണ്ണന്‍ 25), മുട്ടം ശ്രീശൈലത്തില്‍ രാഖില്‍ (24) എന്നിവരെയാണ് കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അനൂപിനെ അറന്മുളയിലുള്ള ബന്ധുവീട്ടില്‍ നിന്നും രാഖിലിനെ കുണ്ടറയിലുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹരിപ്പാട് ജ്യുഡീഷ്യല്‍ ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ഇവരുള്‍പ്പടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏവൂര്‍ വടക്ക് പുളിത്തറ വടക്കതില്‍ പ്രകാശ് (44), കണിച്ചനെല്ലൂര്‍ പുതമണ്ണേല്‍ വീട്ടില്‍ ശരത്ത് (30), ഏവൂര്‍ വടക്ക് താഴ്‌ച്ചേല്‍ വടക്കതില്‍ സുനില്‍ (സുദേവന്‍ 30), ഏവൂര്‍ വടക്ക് അനീഷ് ഭവനത്തില്‍ അനീഷ് (33) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇരുപതോളം അംഗങ്ങളുള്ള അക്രമിസംഘമാണ് കൊല നടത്തിയത്.
ആക്രമി സംഘത്തെ കണ്ട് അടുക്കള വാതില്‍ വഴി പുറത്തേക്കിറങ്ങി ഓടിയ സുനില്‍ അടുത്ത പറമ്പിലുള്ള മരത്തിന്റെ വേരില്‍ തട്ടി വീഴുകയും ആക്രമികള്‍ തുരുതുരെ വെട്ടുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിഎത്തിയ പിതാവ് രാമചന്ദ്രനേയും, മാതാവ് രുഗ്മിണിയേയും സംഘം വടിവാള്‍ കാട്ടി ഓടിച്ചു. സംഭവുമായ ബന്ധപ്പെട്ട് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.
















