ചേര്‍ത്തല: ഓര്‍മ്മകളില്‍ അച്ഛനെ നിറച്ച് ധനലക്ഷ്മി വേദനയുള്ളിലൊതുക്കി പരീക്ഷയെഴുതിയത് പഠിച്ചു വലിയവളാകണമെന്ന അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍. അച്ഛന്റെ മൃതദേഹത്തിനു സമീപത്തുനിന്നാണ് പരീക്ഷാഹാളിലേക്കു പോയത്.
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് നിഴലാംപറമ്പില്‍ ധനഞ്ജയന്‍(63) തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. ഇളയമകള്‍ ധനലക്ഷ്മി എസ്എസ്എല്‍സി പരീക്ഷക്കിറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
അപ്രതീക്ഷിത മരണത്തില്‍ ധനലക്ഷ്മി തളര്‍ന്നുപോയെങ്കിലും പരീക്ഷ മുടക്കേണ്ടെന്ന നിലപാടിലായിരുന്നു ബന്ധുക്കളും അദ്ധ്യാപകരും. മകള്‍ പഠിച്ച് ഉന്നത നിലയിലെത്തണമെന്നത് ധനഞ്ജയന്റെയും ആഗ്രഹമായിരുന്നു. അങ്ങനെയാണ് മനസ്സില്ലാ മനസ്സോടെ ധനലക്ഷ്മി പരീക്ഷാഹാളിലെത്തിയത്. തണ്ണീര്‍മുക്കം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സോഷ്യല്‍സയന്‍സ് പരീക്ഷ.
നിര്‍മ്മാണ തൊഴിലാളിയായിരുന്ന ധനഞ്ജയന്‍ കഴിഞ്ഞ ആഴ്ച വീണു പരിക്കേറ്റിരുന്നു. തലക്കു മുറിവു പറ്റിയെങ്കിലും ചികിത്സയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വീണ്ടും കുഴഞ്ഞുവീണതിനെ തുടര്ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. എന്നാല്‍ യാത്രക്കിടെ തന്നെ മരണം സംഭവിച്ചു.
ഭാര്യ: രാജേശ്വരി. ധന്യയാണ് മറ്റൊരുമകള്‍. പരീക്ഷക്കുശേഷം ധനലക്ഷ്മി എത്തിയതിനു ശേഷം സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു.
















