ആലപ്പുഴ: കേരളത്തില്‍ പ്രമേഹ രോഗികളില്‍ ക്ഷയരോഗബാധ കൂടുന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും യഥാസമയം ചികിത്സ ലഭ്യമാക്കിയാല്‍ ഇത് പൂര്‍ണമായി ഭേദമാക്കാമെന്നും ജനറല്‍ ആശുപത്രിയിലെ ശ്വാസകോശ വിഭാഗം മേധാവി ഡോ.കെ. വേണുഗോപാല്‍ വ്യക്തമാക്കി.
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 1614 ക്ഷയരോഗികളില്‍ 348 പേര്‍ക്ക് പ്രമേഹബാധ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അധികം പേരിലും പ്രമേഹനിയന്ത്രണം അപര്യാപ്തമാണെന്നും ഡോക്ടര്‍ പറഞ്ഞു. പ്രമേഹബാധ, എച്ച്ഐവി അണുബാധ, മണല്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ബാധിക്കുന്ന സിലിക്കോസിസ്, പുകവലിക്കാര്‍, മറ്റ് രോഗങ്ങള്‍ക്കായി സ്റ്റീറോയിഡ് ഉപയോഗിക്കുന്നവര്‍, കാന്‍സര്‍ ബാധിതര്‍ എന്നിവരില്‍ ക്ഷയരോഗബാധയുടെ തോത് വളരെ കൂടുതലാണ്.
ഇവരില്‍ ക്ഷയരോഗ ലക്ഷണങ്ങളും കുറവായിരിക്കും. ക്ഷയരോഗ ലക്ഷണങ്ങളായ ചുമ, വൈകുന്നേരങ്ങളില്‍ ഉണ്ടാകുന്ന പനി, ഭാരം കുറയല്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുടെ നേരിയ സാന്നിദ്ധ്യത്തിലും ഇവരില്‍ ക്ഷയരോഗബാധ സംശയിക്കണം. ഉടനടി തന്നെ കഫ പരിശോധനയും വേണ്ടി വന്നാല്‍ എക്സ്റേ പരിശോധനയും നിര്‍ബന്ധമായും നടത്തണം.
ഡോട്ട്സ് മൂലം ക്ഷയരോഗ ചികിത്സ എടുത്താല്‍ രോഗം പൂര്‍ണ്ണമായും സുഖപ്പെടും. കഴിഞ്ഞ വര്‍ഷം 1618 ക്ഷയരോഗികളെ കണ്ടെത്തി ചികിത്സിച്ച് 90 ശതമാനത്തോളം ആളുകളെ ഭേദപ്പെടുത്തി. ഇതില്‍ 729 പേര് കഫത്തില്‍ അണുക്കളുള്ള ഗുരുതര ക്ഷയരോഗമുള്ളവരും രോഗം മറ്റുള്ളവരിലേക്ക്പരത്തുന്ന തരത്തിലുള്ളതുമായ ക്ഷയരോഗം ഉള്ളവരും ആയിരുന്നു. പ്രമേഹബാധിതരിലും 89 ശതമാനത്തോളം ആളുകള്‍ രോഗവിമുക്തി നേടി.
















