കുട്ടനാട്: കുട്ടനാടിന്റെ ആരോഗ്യമേഖലയെ സ്വകാര്യആശുപത്രി മുതലാളിമാര്‍ക്ക് തീറെഴുതുകയാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ. സോമന്. പുളിങ്കുന്ന് താലൂക്കാശുപത്രിയില്‍ ഇസിജി, എക്സ്റേ അടക്കമുളള പരിശോധനാ സംവിധാനങ്ങള്‍ തകരാറിലാക്കി രോഗികളെ കൊള്ളയടിക്കുന്ന ആശുപത്രി അധികൃതരുടെ ജനവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് ആശുപത്രിയ്ക്ക് മുന്നില്‍ നടന്ന ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പുളിങ്കുന്ന് താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയുടെ പദവിയില്‍ എത്തിയ്ക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുക, ആവശ്യത്തിന് ഡോക്ടമാരെ നിയമിക്കുക, എക്സേറേ, ഇസിജി തുടങ്ങിയവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുക, ലബോറട്ടറി പ്രവര്‍ത്തനം 24 മണിക്കൂറും കാര്യക്ഷമമാക്കുക, മോര്‍ച്ചറി സൗകര്യം ഏര്‍പ്പെടുത്തുക, ഭരണാധികാരികളുടെ ആശുപത്രിയോടുളള അവഗണന അവസാനിപ്പിക്കുക, കുട്ടനാട്ടില്‍ ജലജന്യരോഗത്താല്‍ വലയുന്ന സാധാരണക്കാരന് ആശ്രയമാകേണ്ട താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചത്.
ബിജെപി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എം ആര് സജീവ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിധുപ്രസാദ്, ഹിന്ദു ഐക്യവേദി മണ്ഡലം പ്രസിഡന്റ് കെ. സുകുമാരന്‍, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ആര് രമേശ് പൊറ്റംപറമ്പ്, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ആര് രജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















