പത്തനംതിട്ട: നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്ന് സിപിഎമ്മിലുണ്ടായ വിഭാഗീയതയെതുടര്‍ന്ന് പന്ത്രണ്ടോളം പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലോക്കല്‍ കമ്മിറ്റിയംഗങ്ങളടക്കമുള്ളവരെയാണ് പുറത്താക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരേ പ്രതിഷേധിച്ച് ഓമല്ലൂരില്‍ പ്രകടനം നടത്തിയതിനാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ഏരിയാ കമ്മിറ്റി നടപടിയെടുക്കുകയും ജില്ലാ കമ്മിറ്റി ശരിവെച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്തത്. ന്യൂനപക്ഷ പ്രീണത്തിനും കോണ്‍ഗ്രസ്-സിപിഎം ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരേ കോന്നി , ആറന്മുള നിയോജകമണ്ഡലങ്ങളില്‍ സിപിഎം നേതൃത്വത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളുമായി വിവിധ ഇടങ്ങളില്‍ വ്യാപിച്ചു. ആറന്മുള നിയോജകമണ്ഡലത്തില്‍ ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ ഭാര്യയെ സിപിഎം സ്ഥാനാര്ത്ഥിയാക്കുന്നതിനെതിരേ പ്രതിഷേധ പ്രകടനവും നടന്നു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിയുമടക്കം അറുപതിലേറെപേര്‍ പ്രകടനത്തിലും പ്രതിഷേധത്തിലും പങ്കെടുത്തെങ്കിലും പന്ത്രണ്ടോളം പേര്‍ക്കെതിരേ മാത്രമാണ് നടപടിയുണ്ടായത്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയാണ് പന്ത്രണ്ടുപേരെ തെരഞ്ഞ് പിടിച്ച് പാര്‍ട്ടി നടപടിക്ക് വിധേയരാക്കിയെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
സിപിഎം ജില്ലാ നേതാക്കന്മാരുടെ തൊഴുത്തില്‍കുത്തും പടലപിണക്കങ്ങളുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകള്‍ക്ക് ഇടയാക്കിയതെന്നും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഓരോരുത്തരും അവരവര്ക്ക്സ്ഥാനാര്ത്ഥിയാകണമെന്ന പിടിവാശി ഉയര്‍ത്തിയതുമാണ് യഥാര്‍ത്ഥ പ്രശ്നമെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ഇത്തരത്തിലുള്ള വിഭാഗീയതകളും ഉള്‍പ്പോരുകളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നതായി പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ നേതാക്കന്മാരുടെ അവിഹിത ഇടപെടലുകളുടെ നേര്‍ക്കാഴ്ചകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പുറത്തുവരുമെന്നാണ് സൂചന.
ഇതിനിടെ ആറന്മുള നിയോജകമണ്ഡലത്തില്‍ സിപിഎം രംഗത്തിറക്കുന്ന സ്ഥാനാര്‍ത്ഥിയും സംഘവും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓമല്ലൂരില്‍ തമ്പടിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
കോന്നിയില്‍ കോണ്‍ഗ്രസുമായി സിപിഎം ജില്ലാ നേതൃത്വം ഒത്തുകളിക്കുന്നതിന്റെ ഉദാഹരണമാണ് മണ്ഡലത്തിനുള്ളില്‍ വേരുകളില്ലാത്ത സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. പ്രതിഷേധക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കോന്നി ലോക്കല്‍ കമ്മിറ്റി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പരസ്യ പ്രകടനത്തിന് പ്രതിഷേധക്കാര്‍ തയ്യാറായില്ലെങ്കിലും മറ്റ്തരത്തില്‍ നിലപാട് വ്യക്തമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന നിയോജകമണ്ഡലം പാര്‍ട്ടി കമ്മിറ്റിയിലെ അംഗസംഖ്യ വളരെ കുറഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിഘടകങ്ങളുടെ പത്തോളം പ്രതിനിധികളും ജില്ലാ സംസ്ഥാന ഭാരവാഹികളും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവര്‍ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടിംഗാണ് നടത്തിയത്. അന്‍പതോളം പേര് പങ്കെടുക്കേണ്ട യോഗത്തിലാണ് പത്തുപേര്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: