വസൂനാം സംഭവസൂത കഥിത: ശാപകാരണാത്
ഗാംഗേയസ്യ തഥോത്പത്തി: കഥിതാ ലോമഹര്‍ഷണേ
മാതാ വ്യാസസ്യ ധര്‍മജ്ഞ നാമ്‌നാ സത്യവതീ സതീ
കഥം ശന്തനുനാ പ്രാപ്താ ഭാര്യാ ഗന്ധവതീ ശുഭാ
ഋഷിമാര്‍ പറഞ്ഞു: വസുക്കളുടെ ശാപകഥയും അവരിലൊരാളായിട്ടുള്ള ഗാംഗേയന്റെ ജനനവും എല്ലാം രോമാഞ്ചമുണ്ടാക്കുന്ന വിധത്തില്‍ അങ്ങ് വിവരിച്ചു. വ്യാസമാതാവായ സത്യവതിയെ ശന്തനുരാജാവിന്റെ പത്‌നിയായി വന്നതെങ്ങനെയാണ്? അവര്‍ എങ്ങിനെ വിവാഹംകഴിച്ചു എന്നെല്ലാം വിശദമായി പറഞ്ഞു തന്നാലും.
സൂതന്‍ പറഞ്ഞു: ശന്തനുരാജന്‍ ഗംഗയില്‍ നിന്നും തിരികെ കിട്ടിയ മകനുമായി നാലുകൊല്ലത്തോളം ശിവനും സുബ്രഹ്മണ്യനും എന്നതുപോലെ സുഖമായിക്കഴിഞ്ഞു. രാജാവ് മൃഗയാവിനോദം തുടര്‍ന്നു വന്നു. ഒരിക്കല്‍ വേട്ടയ്‌ക്ക് പോയ രാജാവ് പലതരം മൃഗങ്ങളെ കൊന്നു കൊന്ന് ഒടുവില്‍ കാളിന്ദീ തീരത്തെത്തി. അതിരമണീയമായ ഒരു സുഗന്ധം അദ്ദേഹത്തെ ആകര്‍ഷിച്ചു. മന്ദാരമാണോ, പിച്ചിയാണോ, കസ്തൂരിയാണോ? കൈതയാണോ, മുല്ലയാണോ ഇതെന്നാലോചിച്ചു രാജാവ് കാറ്റില്‍ മണംപിടിച്ചു നിന്നു. അപ്പോള്‍ ഒരതിസുന്ദരി നദീതീരത്ത് നില്‍ക്കുന്നതായി കണ്ടു. അവളുടെ വസ്ത്രമാണെങ്കില്‍ മുഷിഞ്ഞതുമാണ്.
സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അവളുടെ ദേഹത്തുനിന്നാണ് സുഗന്ധം വരുന്നതെന്ന് രാജാവിന് മനസ്സിലായി. ആരാണിവള്‍? നവയൗവനയുക്തയായ ഇവള്‍ നാഗകന്യയാണോ? അതോ ഗന്ധര്‍വ കുമാരിയോ? അല്ലെങ്കില്‍ മനുഷ്യസ്ത്രീയായിരിക്കുമോ? ഏതായാലും അവളോടു ചോദിക്കുക തന്നെ. എന്ന് തീരുമാനിച്ചു രാജാവ് ‘നീയാരാണ്? ആരുടെ പുത്രിയാണ് നീ, എന്താണിവിടെ തനിച്ചു നില്‍ക്കുന്നത്? നീ വിവാഹിതയാണോ? മനസ്സിനെ മോഷ്ടിക്കുന്നവയാണ് നിന്റെ കണ്ണുകള്‍. എന്നെ കാമദേവന്‍ പിടികൂടിയിരിക്കുന്നു. എന്താണ് നിന്റെ ആഗ്രഹം പറയൂ.’ എന്നെല്ലാം ചോദിച്ചു.
















