ദേവന്മാരെല്ലാം ഇന്നുരാവില്‍ ദേവസംഗമവേദിയായ ആറാട്ടുപുഴയിലെത്തും. ആഘോഷം എന്നതിലുപരി ഭക്തിയാണിവിടെ പൂര്‍ണ്ണതയിലെത്തുന്നത്. ദേവീദേവന്മാര്‍ ഓരോക്ഷേത്രങ്ങളില്‍നിന്നും ദേശക്കാരുമായി ആറാട്ടുപുഴയിലേയ്‌ക്ക് യാത്രയാവും. തൃശൂര്‍ ജില്ലയിലെ വിവിധക്ഷേത്രക്കാര്‍മാത്രമായി ചുരുങ്ങി എങ്കിലും പൂരത്തിന് രാജകീയമുഖംതന്നെയാണ് ദര്‍ശിക്കുവാന്‍ കഴിയുക.
ആറാട്ടുപുഴ ശാസ്താവിന്റെ പൂരം പുറപ്പാടുമായി സന്ധ്യയോടെ പഞ്ചാരിമേളം പത്തുനാഴികയും കൊട്ടിത്തീര്‍ന്നാല്‍ ആറാട്ടുപുഴപാടം നിറയുവാന്‍ തുടങ്ങും. ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ആറാട്ടുപുഴ പൂരത്തിനുള്ളത്. ഇരുപത്തിമൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ പൂരത്തില്‍ പങ്കാളിയാവാന്‍ വന്നുചേരും. പൂത്തിന്റെ നായകന്‍ തൃപ്രയാര്‍തേവരാണ്. അങ്ങുദൂരെനിന്ന് പോലീസിന്റെ അകമ്പടിയോടെയാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിയെത്തുക.
പ്രജാപതിയായ തേവര്‍വന്നു ചേര്‍ന്നാല്‍ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവും ഊരകത്തമ്മ തിരുവടിയും വലതുവശത്ത് ചേര്‍പ്പുഭഗവതിയും നില്‍ക്കും. എഴുപതോളം ആനകള്‍ നിരക്കുമ്പോള്‍ ജനം ഭക്തിയോടെ പ്രദക്ഷിണം വയ്‌ക്കും. മുപ്പത്തിമുക്കോടി ദേവതകളേയും തൊഴുന്ന അനുഭവമാണ് ഈ പൂരത്തിനുള്ള ധന്യത. നാടായ നാട്ടില്‍നിന്നെല്ലാം ആനയും അമ്പാരിയുമായി ദേവതയുമായി നാട്ടുകാര്‍നടന്ന് തന്നെയാണ് പാടത്ത് വന്നുചേരുന്നത്. പുലര്‍ച്ചയോടെ മന്ദാരക്കടവിലെ ആറാട്ടുമുങ്ങിയശേഷം ദേവീദേവന്മാര്‍ പരസ്പരം യാത്ര പറഞ്ഞ് പിരിയുമ്പോള്‍ വരുംകൊല്ലത്തെ പൂര പ്രഖ്യാപനവും അധികാരപ്പെട്ടവര്‍നടത്തും.
















