എരുമേലി: വേനല്‍ക്കാലത്തും മഴക്കാലത്തും ദുര്‍ഗന്ധത്തിലൂടെ ദുരിതം സമ്മാനിച്ചിരുന്ന എരുമേലി ഗ്രാമപഞ്ചായത്ത് വക പ്രൈവറ്റ് ബസ്സ്റ്റാന്റ് നവീകരണം തുടങ്ങി. വ്യാപകമായ ജനകീയ പ്രതിഷേധമാണ് ബസ് സ്റ്റാന്റ് നവീകരണത്തിന് വഴിതെളിച്ചത്.
അരനൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള ബസ് സ്റ്റാന്റില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പല തവണ കോണ്‍ക്രീറ്റിംഗും, ടാറിംഗും നടത്തിയിട്ടുണ്ടെങ്കിലും മഴക്കാലആരംഭിക്കുന്നതോടെ തകര്‍ച്ചയാണ് ഫലം. ഇതിനിടെയാണ് 17 ലക്ഷം രൂപ ചിലവഴിച്ച് ഓണ്‍ഫണ്ട് പദ്ധതിയിലുള്‍പ്പെടുത്തി ബസ് സ്റ്റാന്റ് ഒന്നാം ഘട്ടം കോണ്‍ക്രീറ്റിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്റ്റാന്റിനു പുറകിലത്തെ മലിനജലമൊഴുകുന്നതിന് ഓടകെട്ടി തിരിക്കുക, സ്റ്റാന്റിലെ കെട്ടിടത്തിനു മുകളില്‍ റൂഫിംഗ് അടക്കമുള്ള കാര്യങ്ങള്‍ രണ്ടാം ഘട്ട പദ്ധതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍ ശൗചാലയത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതിസന്ധി തുടരുകയുമാണ്.
ബസ് സ്റ്റാന്റിലെ ശൗചാലയം മാത്രം ലക്ഷങ്ങള്‍ ചിലവഴിച്ച് പലതവണ നന്നാക്കിയെങ്കിലും ഒറ്റ ദിവസനത്തിനുള്ളില്‍ തകരാറാകുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ബസ് സ്റ്റാന്റിലെ ശൗചാലയം കേടാകുന്നതിനു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് പലതവണ പരാതി ഉയര്‍ന്നിട്ടും അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടുമില്ല. മാര്‍ച്ചില്‍ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാകുന്ന ബസ് സ്റ്റാന്റ് എത്രനാള്‍ നില്‍ക്കുമെന്ന ചോദ്യമാണ് നാട്ടുകാരും യാത്രക്കാരും ഉയര്‍ത്തുന്നത്.
















