മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പത്രത്തിലെ ചരമകോളത്തില്‍ ഒരുവാര്‍ത്ത കണ്ടു. എനിക്ക് പരിചിതനായ ബാബുവേട്ടന്റെ മരണവാര്‍ത്തയായിരുന്നു അത്. നാലുവരിയില്‍ ഒതുങ്ങുന്ന ചരമവാര്‍ത്ത. സംസ്കാരം കഴിഞ്ഞിരുന്നു. ഞാനുടനെ എന്റെ സുഹൃത്തായ സിനിമാ സംവിധായകന് എബ്രഹാം ലിങ്കണെ വിളിച്ചു. വിവരം അറിയിച്ചു. ‘സംസ്കാരം കഴിഞ്ഞല്ലോ. ഇനിയിപ്പോ ഒരു കാര്യവുമില്ലല്ലോ’. ‘ഇല്ല’ ഞാനും പറഞ്ഞു.
എബ്രഹാം ലിങ്കണാണ് എന്നെ ബാബുവേട്ടനുമായി പരിചയപ്പെടുത്തിയത്. രണ്ടായിരത്തിലോ മറ്റൊ ആണ്. എറണാകുളത്തെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അമ്പത് അമ്പത്തിയഞ്ച് വയസ് പ്രായം. അധികം പൊക്കമില്ല. തടിച്ചിട്ടാണ്. ഖദറാണ് വേഷം. ചിരിച്ചും എളിമയോടും കൂടിയ സംസാരം. ലിങ്കണ് ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്തി. ‘ഇത് ബാബുവേട്ടന്…’ബാബുച്ചേട്ടന് ഒരു ഗാനാധിഷ്ഠിതമായ ഒരു ഡോക്യുമെന്ററി ചെയ്യണം. പഴയഗായകന് എച്ച് . മെഹബൂബിനെപ്പറ്റി. ഞാന്‍ അത് എഴുതണം. ലിങ്കണ് സംവിധാനം ചെയ്യണം. ബാബുച്ചേട്ടന് പ്രൊഡ്യൂസര്‍. ഞാന്‍ സമ്മതിച്ചു.
പിറ്റേന്ന് തുടങ്ങി ഞാന്‍ ഹോട്ടല്‍ മുറിയിലായി. എഴുത്തും മെഹബുബിനെ കുറിച്ചുള്ള അന്വേഷണവും. അതിനിടെ കൊച്ചിക്കാരായ കുറച്ചുപേരെ കണ്ടു. മെഹബൂബിനെ അടുത്തറിയാവുന്നവര്‍. മെഹബൂബിന്റെ പാട്ടുമാത്രം പാടി ഗാനമേളകളില്‍ നടക്കുന്ന അസീസ് എന്നിങ്ങനെ കുറച്ചുപേര്‍.
‘കുറച്ച് അഡ്വാന്‍സ് വാങ്ങിത്തരണം’. ഞാന്‍ ലിങ്കണോട് പറഞ്ഞു. ലിങ്കണ് ബാബുച്ചേട്ടനോട് ഞങ്ങള്‍ രണ്ടുപേരുടേയും അഡ്വാന്‍സിന്റെ കാര്യം പറഞ്ഞു. ബാബുച്ചേട്ടന് എളിമയോടെ ചിരിച്ചു. ‘തരാം. രണ്ട് ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ നിന്നും പണം എത്തും’. വൈരത്തിന്റെ ബിസിനസുണ്ട്. അതിന്റെ ആളാണ് എത്തേണ്ടതുപോലും.
‘നടക്കുന്ന പ്രൊജക്ടാണോ ലിങ്കണ്’?. ഞാന്‍ ലിങ്കണോട് സ്വകാര്യമായി ചോദിച്ചു. ‘നടക്കേണ്ടതാണ്. പണ്ടൊരു സിനിമയുടെ പ്രൊഡ്യുസറൊക്കെയായിരുന്ന ആളാണ’. അങ്ങനെയാണ് ലിങ്കണ് കുറച്ചുകൂടി ആളെക്കുറിച്ചുള്ള വിവരം തന്നത്. ‘സംഭവം’ എന്ന സിനിമയുടെ സഹനിര്മാതാവായിരുന്നുവത്രെ ബാബു ചേട്ടന്. അതുകൊണ്ട് സംഭവം ബാബു എന്നാണുപോലും അറിയപ്പെടുന്നത്. അവിവാഹിതനാണ്.
കോണ്‍ഗ്രസിലെ നേതാക്കന്മാരില് പ്രമുഖരുമായാണ് ബന്ധം. സംഭവം സിനിമയുടെ പ്രൊഡ്യൂസര്‍ മഹീന്ദ്രനെക്കുറിച്ച് എനിക്കറിയാം. അദ്ദേഹം ഒരുനാള്‍ കൊല്ലപ്പെടുകയും ചെയ്തു.ആ കൊലപാതകം, മറ്റുചില കൊലപാതകങ്ങള്‍ എന്നിവ ചേര്‍ത്ത് ഖണ്ഡശ്ശയായി ഞാനൊരു പംക്തി ചെയ്തിട്ടുള്ളതുമാണ്. അതിലൊന്നും ഈ ബാബുവിന്റെ പേര് പരാമര്‍ശിച്ചു കണ്ടില്ല.
‘ശരിക്കും സംഭവം സിനിമയുടെ സഹനിര്മാതാവാണോ? സംശയം മറച്ചുവയ്ക്കാതെ ഞാന്‍ ലിങ്കണോട് ചോദിച്ചു.’ ‘എന്നാണ് എന്റെ അറിവ്. അത് ബാബുച്ചേട്ടന് പറഞ്ഞുള്ള അറിവാണ്’.
പിന്നീടുള്ള ദിവസങ്ങളില്‍ സംസാരിച്ചപ്പോള്‍ ബാബുച്ചേട്ടനും ഇത് സ്ഥിരീകരിച്ചുപറഞ്ഞു. കൂടാതെ വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, എ.കെ. ആന്റണി തുടങ്ങിയവരുമായുള്ള ബന്ധത്തെക്കുറിച്ചും. രണ്ട് ദിവസം കഴിഞ്ഞു. സാമ്പത്തിക കാര്യത്തിന് നീക്കുപോക്കു കാണുന്നില്ല. കാര്യം അത്ര സുഗമമല്ല എന്നെനിക്ക് തോന്നിത്തുടങ്ങി. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ശരിയാകും എന്നാണ് സംഭവം ബാബു പറയുന്നത്. ‘ഏതായാലും രണ്ട് ദിവസം കഴിഞ്ഞ് വിളിക്കൂ. അപ്പോ വരാം’. ഞാന്‍ ഹോട്ടലിലെ റൂം വിട്ടു.
രണ്ട് ദിവസമല്ല. ഒരാഴ്ച കഴിഞ്ഞു. വിളിയില്ല. ലിങ്കണും വിവരമൊന്നുമില്ല. ഞങ്ങള്‍ ഹോട്ടല്‍ വരെ ചെന്നു. മാനേജര്‍ പറഞ്ഞു. ‘സംഭവം ബാബു പോയി. കുറച്ചു രൂപ കടം പറഞ്ഞിട്ടാ പോയത്’. ഞാനും ലിങ്കണും പരസ്പരം ഒന്നുനോക്കി തിരിച്ചുപോന്നു.
അഞ്ചോ ആറോ മാസത്തിനുശേഷം ബാബുവിന്റെ വിളി വന്നു. ഇത്തവണ ഹറാമയിന് ഹോട്ടലില്‍ നിന്ന്. ചെന്നു കണ്ടു. ഒരു ചളിപ്പും ഇല്ല. പഴയ വിനയം, നിഷ്കളങ്കത. ‘ആ പ്രൊജക്ടിന് ചില പ്രോബ്ലം വന്നു. ഏതായാലും വെണ്ണലയുടെ…നോവല്‍ മെഗാസീരിയലാക്കാം. വേറെ ആളുകളാണ് പ്രൊ്ഡ്യൂസര്മാര്. പ്രൊഡ്യൂസര്‍മാരെ കാണിച്ചുതന്നു. മലയോര പ്രദേശത്തെ രണ്ട് യുവ അഭിഭാഷകര്‍. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
പഴയ അനുഭവങ്ങള്‍ ഓര്ത്തുനില്ക്കെ മുന്‍കൂറായി ബാബുചേട്ടന് പറഞ്ഞു. ‘ മൂന്ന് ദിവസത്തിനകം അഡ്വാന്‍സ് ഒകെ. ഇന്നുതന്നെ നമുക്കിരിക്കാം’.
റൂമിലായി ജീവിതം. മൂന്ന് ദിവസം കഴിഞ്ഞു. അഞ്ചുദിവസമായി. പറഞ്ഞതൊന്നും നടക്കുന്നില്ല. ഞാന്‍ രഹസ്യമായി അന്വേഷിച്ചു. എനിക്കുള്ള അഡ്വാന്‍സ് അവര്‍ മൂന്നാം ദിവസം തന്നെ ബാബുവിന്റെ കൈയില്‍ കൊടുത്തിരുന്നുവത്രെ!
അറിഞ്ഞതായി ഭാവിക്കാതെ ഞാന്‍ ബാബു ചേട്ടനോട് ചോദിച്ചു.
‘കാര്യങ്ങള്‍ എന്തായി?’. ‘ഒരാഴ്ചകൂടി സമയം വേണമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്’. ‘ ഒരു കാര്യം പറയാനുണ്ട് വന്നേ’… ഞാന്‍ ബാബു ചേട്ടനെ മുറിയിലേക്ക് വിളിച്ചുകയറ്റി. വാതില്‍ അകത്തുനിന്നും പൂട്ടുകയും ചെയ്തു. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു. കൈയോങ്ങി ഞാന്‍ പറഞ്ഞു.
‘സത്യം പറഞ്ഞോ. അല്ലെങ്കില്‍ തന്നെ ഞാന്‍ ശരിയാക്കിയേ വിടൂ’. ബാബു ചേട്ടന്റെ കണ്ണുനിറഞ്ഞു. തൊഴുതുപിടിച്ചു പറഞ്ഞു. ‘ശരിയാ…വെണ്ണലയ്ക്ക് അവര്‍ അഡ്വാന്‍സ് ഏല്‍പ്പിച്ചതാ. ഞാനതെടുത്ത് മറിച്ചു. പത്ത് പതിനഞ്ച് ദിവസത്തിനകം പണം വരും. തരാം. അതുവരെ എഴുത്ത് തുടരട്ടെ. അല്ലെങ്കില്‍ എഴുതുന്നുവെന്ന് പറഞ്ഞ് ഇവിടെ നില്ക്ക്…ക്ഷമിക്ക്…എന്നെ ഒന്നും ചെയ്യല്ലേ…’
ഞാന്‍ കൈവിട്ടു. കാര്യം എനിക്ക് മനസ്സിലായി. എന്റെ പേരും പറഞ്ഞ് പതിനഞ്ച് ദിവസം കൂടി ആ പ്രൊഡ്യൂസര്‍മാരുടെ ചെലവില്‍ ആള്‍ക്ക് കഴിയണം. ഞാന്‍ ഒരു കരു. പെട്ടിയും എടുത്ത് ഞാന്‍ സ്ഥലം വിട്ടു.
വര്‍ഷങ്ങള്‍ കഴിഞ്ഞൊരു വൈകുന്നേരം. സീരിയലിന്റെ വര്‍ക്കുമായി ഞാന്‍ തിരുവനന്തപുരത്ത് നടക്കാനിറങ്ങിയപ്പോള്‍ പിന്നില്‍ നിന്നൊരു വിളി-‘വെണ്ണലേ…പരിചിത ശബ്ദം. തിരിഞ്ഞുനോക്കി. ബാബുച്ചേട്ടന്. നിറചിരിയോടെ…നീട്ടിവലിച്ച് പതിവും പടിതൊഴുത് നമസ്കാരം’.
‘ഞാന്‍ ബിപി കയറി ഇവിടെ ഒരാശുപത്രിയിലായിരുന്നു. വിവരം അറിഞ്ഞ് വയലാര്‍ രവി വന്നു. പിന്നെ പണമെല്ലാം അടച്ചത് അവരാണ്.’ശരി…നമുക്ക് വൈകാതെ കാണാം. വേറൊരു ഐഡിയ ഉണ്ട്’. ഞാനെന്തുപറയാന്‍. നമസ്കാരം പറഞ്ഞ് പിരിഞ്ഞു.
മാസങ്ങള്‍ക്കുശേഷം ഞാന്‍ ബാബുചേട്ടനെ കണ്ടു. മാമംഗലത്ത് വച്ച്. ഏതോ ഒരു സമ്പന്നന്റെ വീട്ടില്‍ താമസിക്കുകയാണെന്നും ഒരു പുതിയ പ്രൊജക്ട് ചെയ്യണമെന്നും അതെഴുതാനായി ചെല്ലണമെന്നും നീട്ടിവലിച്ച നമസ്കാരത്തിനിടയില്‍ ആള് പറഞ്ഞു.
പ്രത്യേകിച്ച് ഒരു ദുശ്ശീലവും ഇല്ലാതിരുന്ന മനുഷ്യന്. നല്ല കുടുംബത്തില്‍ പിറന്നയാള്‍. ഒത്തിരിവല്യ കാര്യങ്ങള്‍ പറഞ്ഞ് ലോഡ്ജുകള്‍ മാറിമാറി താമസിച്ച് ജീവിച്ചയാള്‍. അതിനുവേണ്ടി പ്രൊഡ്യുസര്‍ ചമഞ്ഞ് കളി നടത്തിയ മനുഷ്യന്. സംഭവം ബാബു ഒരു സംഭവം അല്ലാതെ മരിച്ചു. മര്യാദക്കാരുടെ മനസ്സിലാകെ ഇത്തരം കാര്യങ്ങള്‍ ഒരു സംഭവമായിത്തന്നെ നില്‍ക്കുകയാണ്. ഇത് ഒരൊറ്റപ്പെട്ട വ്യക്തിയാണെന്ന് തോന്നുന്നില്ല. ഇങ്ങനെ എത്രയോപേര്‍.
തിരുവനന്തപുരത്ത് ഒരു മെഗാസീരിയല്‍ എഴുതിക്കൊണ്ടിരുന്ന കാലം. ആ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്ന നടനാണ് കാലടി ജയന്. ജയന് ചേട്ടന് പുതിയൊരു പ്രൊജക്ട് സ്വന്തമായി ചെയ്യാനൊരു മോഹം. എഴുതാനായി എന്നെ വിളിച്ചു. അരിസ്റ്റോ ജങ്ഷനിലെ ഒരു ലോഡ്ജാണ് വാസസ്ഥലമായി തിരഞ്ഞെടുത്തത്. അവിടെ എത്തുമ്പോള്‍ പ്രൊജക്ട് ഡയറക്ട് ചെയ്യാനുള്ള ആളും അവിടെ ഉണ്ടായിരുന്നു. കറുത്ത് തടിച്ച് ഉയരമേറിയ ആള്. ഷെബീര്‍. ക്യാമറാമാന് കൂടിയാണ്. പണ്ട് ഒരു മെഗാസീരിയല്‍ ചെയ്യുകയും അതിന്റെ പ്രൊഡ്യൂസര്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതുമൂലം സീരിയല്‍ നിര്‍ത്തിവയ്ക്കുകകൂടി ചെയ്തതാണ്. നന്നായി ഉറുദു സംസാരിക്കും. കച്ച് വംശജനാണ്. ഷെബീറിന്റെ ബന്ധുവോ സുഹൃത്തോ ദൂരദര്ശന് ഡയറക്ടറായി വരുന്നത്രെ. ദല്‍ഹിയില്‍ നിന്നാണ് വരവ്. അപ്പോഴേക്കും അപ്രൂവല്‍ വാങ്ങിയെടുക്കാം.
നാല് ദിവസം അവിടെ തങ്ങി. കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ഒരു ധാരണയായി. തിരിച്ചുപോന്നു. എന്തോ ആ പ്രൊജക്ട് നടന്നില്ല.
പക്ഷേ, വീണ്ടും തിരുവനന്തപുരത്തേക്ക് എന്നെ വിളിച്ചു. അത് പുതിയ സീരിയലിന് വേണ്ടിയായിരുന്നു. ഷെബീര്‍ വഴിയാണ് വിളി. ഷെബീറിന്റെ കൂടെ അപ്പോള്‍ സന്തതസഹചാരിയെപ്പോലൊരു യുവാവും ഉണ്ട്. കോഴിക്കോട്ടുകാരന്. അഭിനയമോഹിയാണ്. പയ്യനുമായി പരിചയപ്പെട്ടു. അക്കാലത്ത് ജീവന് ടിവി സംപ്രേഷണം ചെയ്തിരുന്ന എന്റെ ഒരു സീരിയലില്‍ വേഷം നല്‍കുകയും ചെയ്തു.
പല പ്രൊജക്ടുകളുമായി ഞാനും ഷെബീറും യുവാവും തമ്മില്‍ കണ്ടിരുന്നുവെങ്കിലും ഒന്നുംതന്നെ ഫലവത്തായില്ല. പിന്നീട് തമ്മില്‍ കാണുന്നത് എറണാകുളം മസ്ക്കറ്റ് ഹോട്ടലില്‍ വച്ചാണ്. ഷെബീറും പതിവ് യുവാവും ഉണ്ട്. എവിടുന്നെങ്കിലും കുറച്ച് പണം ഞാന്‍ സംഘടിപ്പിച്ച് നല്‍കണം. തിരുവനന്തപുരത്തെത്തിക്കഴിഞ്ഞാല് എനിക്ക് തിരിച്ചുതരും. കാര്യം അത്ര പന്തിയായി എനിക്ക് തോന്നിയില്ല. തിരുവനന്തപുരത്തേക്ക് തിരിച്ചുപോകാനുള്ള പണം തിരിച്ചുനല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഞാന്‍ കൊടുത്തുവിട്ടു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. ഉടന്‍ തിരുവനന്തപുരത്ത് എത്തണം. വിഴിഞ്ഞത്ത് ഷെബീറും പ്രൊഡ്യൂസറും കാത്തുനില്ക്കുന്നു.
ഒരു സിനിമ ചെയ്യണം. ഞാന്‍ തിരുവനന്തപുരത്ത് എത്തി. ആ രാത്രി വിഴിഞ്ഞം കടല്‍ത്തീരത്തിനടുത്ത് ഒഴിഞ്ഞ ഒരു സ്ഥലത്തെ ഒറ്റമുറിവീട്ടിലായിരുന്നു എനിക്ക് താമസം ഏര്‍പ്പാടാക്കിയിരുന്നത്. ഭയപ്പെടുത്തുന്ന ഏകാന്തത. ഇടയ്ക്കിടെ കടലിന്റെ അലറല്‍. വെള്ളം ഇറങ്ങുന്ന സമയത്ത് കടലിന്റെ കുറേ ദൂരം നടന്നുപോകാവുന്ന വിധത്തില്‍ പാറകള്‍. കുറെ നടന്നെത്തിയാല്‍ ഇരിക്കാവുന്ന വലിയ പാറക്കൂട്ടം. ചിലര്‍ അവിടേക്ക് പോകാറുണ്ടെന്നും അവിടെ വലിയ നിലാവെട്ടത്തിലിരുന്ന് മദ്യപിക്കാറുണ്ടെന്നും കേട്ടു. ആരൊക്കയോ മരിച്ചിട്ടും ഉണ്ടത്രേ!
പിറ്റേന്ന് പുലര്‍ച്ചതന്നെ ആ ഭയാനകമായ നിശബ്ദതയില്‍ നിന്നും ഞാന്‍ രക്ഷപെട്ടു. കോവളം ബീച്ചിലെ ഒരു റിസോര്‍ട്ടിലേക്കായി താമയം. ഒരു ഫുള്‍ ബോട്ടില്‍ മദ്യം ഒറ്റ ഇരുപ്പില്‍ കഴിക്കുന്ന ആളാണ് ഷെബീര്‍. കൂടെ കുറേ ബീഫ് വറുത്തതും കഴിയുമെങ്കില്‍ പൊറോട്ടയും വേണമെന്നുമാത്രം.
ഒരു ദിവസം പ്രൊഡ്യൂസര്‍ വന്നു കാര്യങ്ങള്‍ സംസാരിച്ചുപോയി. പേപ്പറും റൈറ്റിംഗ് പാഡും പേനയുമെല്ലാം എത്തി. ഭക്ഷണവും കൃത്യസമയത്ത് വരും. വൈകുന്നേരമാകുമ്പോള്‍ ഷെബീര്‍ വരും. കൈയില്‍ ഒരു സഞ്ചി. അതില്‍ എന്തോ ഉണ്ട്. കുറച്ചുനേരം ഇരുന്ന് സംസാരിച്ചിട്ട് തിരിച്ചുപോകും. സഞ്ചിയും കൂടെ എടുക്കും. എഴുത്തൊന്നും ആരംഭിച്ചിട്ടില്ല. ആഴ്ച ഒന്നായി. വെറുതെ ബീച്ചും കണ്ടുള്ള ഇരുപ്പ്. ഒരു ദിവസം ഷെബീര്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു. ‘ ഇങ്ങനെ ലേറ്റായാലോ. വര്‍ക്ക് തുടങ്ങണ്ടെ. പ്രൊഡ്യൂസറേയും കാണാനില്ലല്ലോ?’
‘ഒരുമാസം വരെ വെണ്ണല എന്തെങ്കിലുമൊക്കെ എഴുത്. വേണമെങ്കില്‍ ഒരു നോവലിന്റെ വര്‍ക്ക് തന്നെയായിക്കോ. എന്നിട്ടാകാം ബാക്കി കാര്യങ്ങള്‍’. ഷെബീര്‍ പറഞ്ഞു.
ഇതിലെന്തോ പ്രശ്നമുണ്ട്. എനിക്ക് തോന്നി. തിരുവനന്തപുരത്തുള്ള എന്റെ സുഹൃത്തുക്കള്‍ വഴി ഞാന്‍ അന്വേഷിച്ചു. കാര്യം പഴയതു തന്നെ!. ഞാന്‍ എഴുതുന്നുവെന്ന് പ്രൊഡ്യൂസറെ ധരിപ്പിച്ച് ഷെബീര്‍ സ്വന്തം ജീവിതം നയിക്കുകയാണ്. സഞ്ചിയില്‍ എനിക്ക് എന്നും പറഞ്ഞ് ദിവസവും ഓരോ ഫുള്‍ ബോട്ടില്‍ മദ്യമാണ് വാങ്ങുന്നത്. എല്ലാം പ്രൊഡ്യൂസറുടെ ചെലവില്‍. എന്നെ ചട്ടുകമാക്കിയുള്ള ജീവിതം!.
കാര്യം മനസ്സിലാക്കി പിറ്റേന്നുതന്നെ വീട്ടില്‍ ഒരു അത്യാവശ്യമുണ്ട് എന്ന് പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു.
മാസങ്ങള്‍ക്കുശേഷം കോഴിക്കോട് എത്തിയ ഞാന്‍ ഷെബീറിന്റെ സന്തത സഹചാരിയായിരുന്ന യുവാവിനെ കണ്ടു. അയാളോട് ഷെബീര്‍ എത്രയോ ലക്ഷം വാങ്ങിയിരുന്നുവത്രെ!. അത് തിരിച്ചുകിട്ടാനായി കൂടിയതാണുപോലും. ഒന്നോ രണ്ടോ വര്‍ഷം കൂടെ നടന്നിട്ടും ലഭിക്കാതായപ്പോള്‍ തിരിച്ചയാള് നാട്ടിലേക്കുതന്നെ പോന്നു.
പണ്ട് ഷെബീറിനൊപ്പം ചേര്‍ന്ന് ചെയ്ത ഒരു ടെലിഐറ്റം ശരിയാക്കി എടുക്കാന്‍ കഴിയ്വോ എന്നുനോക്കി രണ്ടുദിവസം അയാളുടെ അതിഥിയായി ഞാന്‍ കോഴിക്കോട്ടു തങ്ങി. ഇന്ന് ആ യുവാവ് ഒരു പുസ്തകവില്പനശാല നടത്തി ജീവിക്കുന്നു. ഷെബീര്‍ എവിടെയാണെന്നറിയില്ല.
ഒരു സംഭവം ബാബു മാത്രമല്ല, ഒട്ടേറെ സംഭവം ബാബുമാര്‍ മറ്റുള്ളവരെ കരുവാക്കി ആഷ്പോഷായി ജീവിക്കുന്നു. എത്രകാലം?. കഴിയുന്നിടത്തോളം എന്നുവേണമെങ്കില്‍ ഉത്തരം. അല്ല; ഇതിനും പേര് ജീവിതമെന്നുതന്നെയാളോ?!
പുതുചൊല്ല്
ജീവിതത്തിനെന്തു വില?!
ജീവിക്കാനെന്താ വില?!
പ്രതികരിക്കാൻ ഇവിടെ എഴുതുക: