ഓമല്ലൂര്‍ : സര്‍വ്വീസ് സഹകരണബാങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37355276.94 രൂപയുടെ നഷ്ടമുണ്ടായതായി സിംഗിള്‍ കണ്‍കറന്റ് ഓഡിറ്റ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ രവീന്ദ്രവര്‍മ്മ അംബാനിലയത്തിന് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഓഡിറ്റ് വിഭാഗത്തില്‍ നിന്നും ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.
ഭീമമായ നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. അറ്റാദായ നഷ്ടം 16,58,37,438 രൂപയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ രീതിയില്‍ ബാങ്കില്‍ നിന്നും ക്രമവിരുദ്ധമായി പിന്‍വലിച്ച 71,69,951 രൂപ ഉത്തരവാദിത്വപ്പെട്ട ജീവനക്കാരില്‍ നിന്നും സഹകരണവകുപ്പ് 94/8 പ്രകാരം തുകയുടെ ഇരട്ടി ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.
എസ്.ബി. അക്കൗണ്ടുകളില്‍ പേഴ്സണല്‍ ലഡ്ജറിലും ഡേ ബുക്കിലും വ്യത്യസ്തമായ തുക രേഖപ്പെടുത്തി പണാപഹരണം നടത്തുക, പൈസ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ അടച്ച തുക ഭാഗീകകമായി മാത്രം ഡേബുക്കിലും ക്യാഷ് ബുക്കിലും വരവ് വെച്ച് ബാക്കി തുക അപഹരിക്കുക, പണം നിക്ഷേപിച്ചവര്‍ അറിയാതെ അവരുടെ അക്കൗണ്ടില്‍ നിന്നും അപഹരിക്കുക, അഡ്ജസ്റ്റ്മെന്റ് സ്ലിപ്പോ വൗച്ചറോ ഇല്ലാതെ നാള്‍വഴിയിലും ഉപനാള്വഴിയിലും വ്യാജരേഖപ്പെടുത്തലുകള്‍ നടത്തി തുക അപഹരിക്കുക തുടങ്ങിയ രീതികളാണ് ബാങ്കില്‍ അവലംബിച്ച് വന്നിരുന്നത്. 2008-2009 ല്‍ 1 കോടി 49 ലക്ഷവും, 2009-2010 ല്‍ 2 കോടി 60 ലക്ഷവും, 2010-2011 ല്‍ 9 കോടി 79 ലക്ഷവും, 2011-2012 ല്‍ 12 കോടി 80 ലക്ഷവും ആയിരുന്നു ബാങ്കിന്റെ അറ്റാദായ നഷ്ടം. അന്വേഷണ വിധേയമായി 2 ജീവനക്കാരെ സസ്പെന്റ് ചെയ്തിരിക്കുകയാണ്.
ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ പല ജീവനക്കാരുടെയും പങ്ക് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പേര് എടുത്ത് സൂചിപ്പിക്കുന്നുണ്ട്. ബാങ്കിലെ കണക്കുകളിലും രജിസ്റ്ററുകളിലും ധാരാളം വെട്ടിത്തിരുത്തലുകളും തെറ്റുകളും കാണുന്നതായും ആയത് വകുപ്പ് 94(4) പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
1962 ല്‍ ആരംഭിച്ച ബാങ്ക് 1996-97 കാലയളവ് വരെ നന്നായി പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുകകയും അഴിമതി ആരോപണത്തെ തുടര്‍ന്ന് 2013 ഡിസംബറില്‍ ല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ഉണ്ടായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും സി.പി.എം. വിജയിച്ചു. അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ഇപ്പോള്‍ ബാങ്ക് പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: