ചേര്‍ത്തല: മകളെ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കാന്‍ ബാങ്കുവായ്‌പയെടുത്തപ്പോള്‍ ഫല്‍ഗുണന്‍ കരുതിയില്ല, അതു തന്റെ മരണക്കയറാകുമെന്ന്. തന്റെ പഠനത്തിനായി അച്ഛന്റെ ജീവന്‍ ബലികൊടുക്കേണ്ടിവന്നതില്‍ മകള്‍ ഷിന്റുവിന് ദുഃഖം അടക്കാനായില്ല. പഠനാവശ്യത്തിനുള്ള വായ്‌പയ്‌ക്കായി ജാമ്യം നിന്നതിന്റെ പേരില്‍ പിതാവിനെ നഷ്ടപ്പെടുത്തിയ വിധിയെ പഴിക്കുവാനേ കഴിയുമായിരുന്നുള്ളൂ.
കൂലിപണി ചെയ്ത് നിത്യവൃത്തി കഴിയുന്ന കുടുംബത്തില്‍ നിന്ന് ആതുരസേവന രംഗത്തേക്ക് മകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഒന്‍പതു വര്‍ഷത്തോളം മുമ്പ് ബാങ്കില്‍ നിന്നു വിദ്യാഭ്യാസ വായ്‌പ തരപ്പെടുത്തുമ്പോള്‍ ഫല്‍ഗുണനന്‍ മനസില്‍ കണ്ട സ്വപ്‌നങ്ങള്‍ പക്ഷേ യാഥാര്‍ഥ്യമായില്ല. വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാത്തിന്റെ പേരിലുണ്ടായ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ ചേര്‍ത്തല ചെങ്ങണ്ട ചുങ്കത്ത് ഫുല്‍ഗുണന്റെ വേര്‍പാടിന് നാടിനെയും കണ്ണീരിലാഴ്‌ത്തി.
വിജയകരമായി പഠനം പൂര്‍ത്തിയാക്കിയെങ്കിലും നഴ്‌സിങ് മേഖലയിലെ തുഛമായ ശമ്പളവും വിദ്യാഭ്യാസ വായ്‌പയുടെ ഭീമമായ പലിശയും പ്രതിബന്ധമായി. വിവാഹം കഴി!ഞ്ഞതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി നോക്കിയിരുന്നത്. വായ്‌പാ ബാധ്യത തീര്‍ക്കുവാന്‍ പലതവണയായി 18000 രൂപ മാത്രമേ അടയ്‌ക്കുവാന്‍ കഴിഞ്ഞൊള്ളൂ. ഇതിനിടെ പലിശ പെരുകിവന്നു. ഏതാനും മാസം മുമ്പ് നടന്ന അദാലത്തില്‍ ഷിന്റയുടെ സഹോദരന്‍ പങ്കെടുത്തെങ്കിലും പണം അടയ്‌ക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ബാങ്കുകാര്‍ റവന്യവകുപ്പ് മുഖേന ജപ്തി നടപടി തുടങ്ങിയത്. നേരത്തെ ചായക്കടയിലെ തൊഴിലാളിയായിരുന്ന ഫല്‍ഗുണന്‍ കുറേനാളുകളായി കൂലിപണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. വ്യാഴാഴ്ചയാണ് അദാലത്തിനുള്ള കത്ത് ബാങ്കില്‍ നിന്ന് ലഭിച്ചത്. ഇത് ലഭിച്ചതുമുതല്‍ അസ്വസ്തനായിരുന്നതായി വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ് വീടിന് പുറത്തേക്ക് ഇറങ്ങിയ ഫല്‍ഗുണന് ചായയുമായി വാസന്തി എത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്ന മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യചെയ്ത ഫല്‍ഗുണന്റെ കുടുംബത്തിന് അടിയന്തിരമായി സഹായം എത്തിക്കണമെന്ന് പി.തിലോത്തമന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ബാങ്കിന്റെ നടപടിയില്‍ ബിഡിജെഎസ് ചേര്‍ത്തല നിയോജകമണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. കണ്‍വീനര്‍ നിഷീദ് തറയില്‍ അധ്യക്ഷത വഹിച്ചു.
















