അരൂര്‍: ആഡംബര കാറില്‍ ഒരു കിലോ കഞ്ചാവുമായി ബിടെക്ക് ബിരുദധാരി പിടിയില്‍. പ്ലസ്ടൂ വിദ്യാര്‍ത്ഥിയെ പിന്‍തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മൊത്തവില്‍പന നടത്തുന്ന ആലുവ ചെങ്ങമനാട് കക്കരുവിളാകം വീട്ടില്‍ സനില്‍ (31) പിടിയിലായത്.
ഇയാളുടെ ഷവര്‍ലെറ്റ് ബീറ്റ് കെ.എല്‍. 63 ഡി 213 നമ്പര്‍ കാറില്‍ കഞ്ചാവ് കടത്തുമ്പോഴാണ് അറസ്റ്റിലായത്. പ്ലസ്ടൂ വിദ്യാര്‍ത്ഥിയില്‍ തുടങ്ങി ആറാമത്തേ കണ്ണിയാണ് സനില്‍. അരൂര്‍ പോലീസിന്റെ ഓപ്പറേഷന്‍ മുക്തിയുടെ ഭാഗമായി നടത്തിവന്ന പരിശോധനയില്‍ ഇയാളില്‍നിന്ന് ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. പിടിയിലാകുമ്പോള്‍ കുടുംബവും ഇയാളോടൊപ്പമുണ്ടായിരുന്നു.
വളരെനാള്‍ വിദേശത്ത് ജോലിചെയ്ത് പണമുണ്ടാക്കിയശേഷം നാട്ടില്‍ വന്ന് തുടങ്ങിയതാണ് കഞ്ചാവ് ബിസിനസെന്നും, ഇയാളുടെ പിന്നില്‍ വന്‍ മയക്കുമരുന്ന് ലോബി ഉള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ആലുവയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ടൂര്‍ പോകുമ്പോള്‍ ഉപയോഗിക്കുന്നതിനായി രണ്ടു കിലോ കഞ്ചാവ് നല്‍കിയിട്ടുള്ളതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.
എറണാകുളം, ആലപ്പുഴ പ്രദേശത്തെ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വാഹനപരിശോധനയിലാണ് കഞ്ചാവ് സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ജില്ലാ പോലീസ് മേധാവി അശോക് കുമാറിന്റെ നിര്‍ദ്ദേശാനുസരണം നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി ഡി. മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
















