കുട്ടനാട്: കുട്ടനാട്ടില്‍ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കയറ്റിയിറക്ക് ചെലവുകള്‍ കര്‍ഷകരെ വലയ്‌ക്കുന്നു. ചെലവുകള്‍ വര്‍ഷം തോറും വര്‍ധിക്കുമ്പോഴും ഹാന്‍ഡ്‌ലിങ് ചാര്‍ജിനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന തുച്ഛമായ തുക വര്‍ദ്ധിപ്പാക്കാന്‍ തയ്യാറാകുന്നില്ല. കയറ്റിയിറക്ക് കൂലിയിനത്തില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഒരു ക്വിന്റല്‍ നെല്ലിനു 150 രൂപവരെ ചെലവാകുന്നുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ഹാന്‍ഡ്‌ലിങ് ചാര്‍ജിനത്തില്‍ ഒരു ക്വിന്റല്‍ നെല്ലിന് 12 രൂപ മാത്രമാണ് സഹായം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ തത്ക്കാലം 25 രൂപയും, പിന്നീട് 50 രൂപയുമാക്കി വര്‍ധിപ്പിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നു, പക്ഷെ നടപ്പായില്ലെന്ന് മാത്രം.
കുട്ടനാട് കാര്‍ഷിക മേഖലാ സമിതി (ഐആര്‍സി) നിശ്ചയിച്ചിരിക്കുന്ന പ്രകാരം കളങ്ങളില്‍നിന്നും ചാക്കില്‍ നിറച്ച് തൂക്കി നെല്ല് ലോറിയില്‍ കയറ്റുന്നതിനു 90 രൂപയാണ് ക്വിന്റലിനു കൂലി. ഇത് 50 മീറ്റര്‍വരെ ദൂരപരിധിയില്‍ മാത്രമാണ്. അധികമായിവരുന്ന ഒരോ 25 മീറ്ററിനും അഞ്ചുരൂപ വീതം അധികമായി നല്കണം.
എന്നാല്‍ പലയിടങ്ങളിലും തൊഴിലാളികള്‍ ഇതിലും അധിക കൂലി കര്‍ഷകരില്‍നിന്നും ഈടാക്കുന്നതായി പരാതിയുണ്ട്. ഒരു ക്വിന്റല്‍ നെല്ല് വള്ളത്തില്‍ കയറ്റുന്നതിനു 30 രൂപയാണു ചെലവ്. നെല്ല് തൂക്കുന്നതിനായി ചാക്കുകളില്‍ നിറയ്‌ക്കുന്നതിനായി ക്വിന്റലൊന്നിന് 30 രൂപ ചെലവാകുന്നു.
തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ഇപ്പോള്‍ പ്രധാനമായും ഈ ജോലികള്‍ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ഇതിന്റെ ചെലവുകള്‍ വഹിക്കാന്‍ നടപടിയുണ്ടായാല്‍ തങ്ങള്‍ക്ക് അത്രയും ചെലവുകള്‍ ലാഭിക്കാമെന്ന് കര്‍ഷകര്‍ പറയുന്നു.
















