ഈരാറ്റുപേട്ട: പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനോപകാര പദ്ധതിയായ മുദ്രാ ബാങ്ക് പദ്ധതിയെ അട്ടിമറിക്കാന്‍ ബാങ്കുകള്‍ ഗൂഢനീക്കം നടത്തുന്നു.
പരമ്പരാഗത, ചെറുകിട തൊഴില്‍ സംരംഭങ്ങളുടെ സ്വഭാവം അനുസരിച്ച് വായ്‌പ നല്‍കി സാധാരണ ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള നാഷണലൈസ്ഡ് ബാങ്കുകള്‍ക്കാണ് ഗവണ്‍മെന്റ് വായ്‌പ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിജെപി ഇതര രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ യൂണിയനുകളുടെ തീരുമാനമനുസരിച്ചാണ് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയെ മരവിപ്പിച്ച് നിര്‍ത്താന്‍ ബാങ്ക് അധികൃതര്‍ ഗൂഢാലോചന നടത്തുന്നതെന്ന സംശയം ബല പ്പെട്ടു.
രാജ്യമൊട്ടാകെ ദൃശ്യ-പത്രമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയ പദ്ധതിയെ സംബന്ധിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലാണ് പല ബാങ്ക് മേധാവികളും ജനങ്ങളോട് പറയുന്നത്. പദ്ധതിയെക്കുറിച്ച് അറിഞ്ഞ് വായ്‌പയ്‌ക്കുള്ള അപേക്ഷയുമായി ചെല്ലുന്ന സാധാരണക്കാരെ പറഞ്ഞു പറ്റിച്ച് തിരിച്ചു വിടുന്ന ഉദ്യോഗസ്ഥരുടെ നടപടിയെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
















