വൈക്കം: കയ്യേറ്റവും മാലിന്യനിക്ഷേപവും വര്‍ദ്ധിച്ചുവന്നിട്ടും വേമ്പനാട്ടുകായല്‍ സംരക്ഷണത്തിനുള്ള നടപടികള്‍ ഇനിയുമകലെ. ടൂറിസത്തിന്റെ പേരില്‍ ദിനംപ്രതി ഹൗസ് ബോട്ടുകളുടെ എണ്ണം പെരുകുകയാണ്. കായലില്‍ തണ്ണീര്‍മുക്കം ബണ്ട് മുതല്‍ പൂത്തോട്ടവരെ മണലൂറ്റ് നിര്‍ബാധം നടക്കുന്നുണ്ട്. സന്നദ്ധ-യുവജന സംഘടനകള്‍ കായല്‍ സംരക്ഷണം തങ്ങളുടെ പ്രചരണ ആയുധമാക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. കായല്‍ മൂന്നിലൊന്നായി ചുരുങ്ങിയിട്ടും, സമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ പേടിപ്പെടുത്തുന്ന കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ കായല്‍ സംരക്ഷണം ആവശ്യപ്പെട്ട് പ്രക്ഷോ‘ങ്ങളും, പ്രസ്താവനകളും ഉയരുന്നത് പതിവ് കാഴ്ചയാണ്. കായലില്‍ നിന്നുള്ള മണല്‍ ഖനനം മത്സ്യ സമ്പത്തിനേയും കറുത്ത കക്കായുടെ പ്രജനനത്തേയും ഗുരുതരമായി ബാധിക്കും. ബണ്ടിന്റെ തെക്കുവടക്ക്ഭാഗങ്ങളിലായി 50,000 ത്തോളം മത്സ്യത്തൊഴിലാളികളുണ്ട്. 14 സൊസൈറ്റികളിലായി കക്കാ തൊഴിലാളികള്‍ പണിയെടുക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലിലുള്ളതെന്ന് ഈ മേഖലയില്‍ പഠനം നടത്തിയിട്ടുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. 72 ഇനം പക്ഷികളുള്ളതില്‍ ഏതാണ്ട് 40എണ്ണം ദേശാടന പക്ഷികളാണ്. ഇവയെല്ലാം കായലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ച് ജീവിക്കുന്നു. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍, ഞണ്ട്, കരിമീന്‍ എന്നിവ അതിന്റെ ജീവിത ചക്രം പൂര്‍ത്തീകരിക്കുന്നത് വേമ്പനാട്ടുകായലിലാണ്. കായലിനെ ആശ്രയിച്ച് കോവിലകത്തുംകടവ്, മുറിഞ്ഞപുഴ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നീ രണ്ട് അറിയപ്പെടുന്ന മത്സ്യ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കടല്‍ മത്സ്യങ്ങള്‍ ഈ മാര്‍ക്കറ്റുകളില്‍ വിപണനത്തിന് എത്തുന്നുണ്ടെങ്കിലും കായല്‍ മത്സ്യങ്ങളാണ് മാര്‍ക്കറ്റിന്റെ സമ്പത്ത്. വേമ്പനാട്ടു കാലയിന് കുറുകെ സ്ഥാപിച്ചിട്ടുള്ള ബണ്ട് കയ്യേറ്റത്തിലൂടെ തകരാനും സാധ്യതയുണ്ട്. ബണ്ട് തകര്‍ന്നാല്‍ യാത്രാ ക്ലേശത്തോടൊപ്പം കുട്ടനാട്ടിലെ കൃഷിയും തകരും. തീരദേശ പരിപാലന നിയമപ്രകാരം വേമ്പനാട്ടുകായലിനും ഇതിന്റെ തീരത്തുനിന്നും 300മീറ്റര്‍ പരിധിയില്‍ യാതൊരു തരത്തിലുള്ള ഖനനമോ നിര്‍മ്മാണ പ്രവര്‍ത്തനമോ നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍ ഇതിനെ കാറ്റില്‍ പറത്തി നിര്‍മ്മാണജോലികള്‍ തകൃതിയാണ്. ടൂറിസത്തെ മുന്‍നിര്‍ത്തിയാണ് കായല്‍ കയ്യേറ്റത്തെ പലരും മറക്കുന്നത്. പ്രതികരിക്കേണ്ടവര് ഒന്നുമറിയാത്ത ഭാവത്തിലാണ്.
















