ജ്ഞാനരൂപത്തെ ഉള്ളില്‍ കണ്ടാരാധിക്കുന്നതാകുന്നു ദൈവാരാധന. ഈ വാസ്തവത്തെ സ്ഥാപിച്ചാകുന്നു ദൈവം ഹൃദയസ്ഥിതനാകുന്നു എന്ന് അനുഭവസ്ഥര്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളില്‍ കാണുന്നത്. ഹിന്ദുക്കള്‍ രാവിലെയും വൈകിട്ടും നാമം ചൊല്ലുന്നു. എല്ലാം ഉണ്ടായി വരാന്‍ കാരണമായ വസ്തുവാകുന്നു നാമം. ആളുകള്‍ ക്രിസ്തു, കൃഷ്ണന്‍, രാമന്‍, നബി, ബുദ്ധന്‍ തുടങ്ങിയവരുടെ നാമങ്ങള്‍ ചൊല്ലി സ്തുതിക്കുന്നു. ഇവര്‍ എല്ലാം ലോകരക്ഷാര്‍ത്ഥം മാറി മാറി ഉദിച്ച ഏകസൂര്യനാണ്. ആത്മാക്കള്‍ക്കു പ്രകാശം കൊടുത്തിട്ടു അവര്‍ കടന്നു പോയി. ഇന്നു ഒരുവന്‍ പ്രകാശിക്കുന്നു എങ്കില്‍ ഈ പ്രകാശവും അതു തന്നെയാണ്. നാമം എന്നത് ഉള്ളില്‍ നില്‍ക്കുന്ന ആത്മാവ് അല്ലെങ്കില്‍ അറിവാണ്. എല്ലാ വസ്തുക്കളും ഗുണങ്ങളും ആത്മാവില്‍ നിന്നും ഉണ്ടായി. അതിനാല്‍ സര്‍വ്വ ഗുണങ്ങളും ആത്മാവില്‍ ലയിക്കും. നിയമം എന്നു പറയുന്നത് ഈ അറിവിനെ പാലിക്കുന്നതാണ്. സ്ഥാപനം ഈ അറിവിന്റെ പ്രവൃത്തിയാല്‍ ആത്മാവില്‍ ഉണ്ടാകുന്ന ആനന്ദമാകുന്നു.
















