എടത്വാ: തെരഞ്ഞെടുപ്പ് നേട്ടത്തിനായി കുട്ടനാട്ടില്‍ അഗ്നിശമന സേനാ യൂണിറ്റ് തുടങ്ങിയത് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ. അഗ്‌നിശമനസേനാംഗങ്ങള്‍ക്കു കടുത്തദുരിതമാണ് ഇതിനാല്‍ അനുഭവിക്കുന്നത്. വൈദ്യുതി പോലുമില്ലാതെയാണു ജീവനക്കാര്‍ ടെന്റില്‍ കഴിയുന്നത്.
തകഴിയിലെ നിലംപൊത്താറായ പഴയ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ ഓടുമാറ്റി തകര ഷീറ്റ് ഇട്ടതൊഴിച്ചാല്‍ ഇരുമുറി കെട്ടിടത്തില്‍ മറ്റൊരു നിര്‍മാണവും നടത്താതെയാണ് യൂണിറ്റിന് വിട്ടുനല്‍കിയത്. കെട്ടിടത്തിന്റെ തറ പൊട്ടിപ്പൊളിഞ്ഞ് മണ്ണായി കിടക്കുകയാണ്. പാചകപ്പുരയുടെ കതക് തുണിയിട്ട് മറച്ചിരിക്കുകയാണ്.
കഠിനമായ ചൂട് ഏല്‍ക്കുന്ന തരത്തില്‍ താഴ്ന്ന കെട്ടിടത്തിന് മുകളില്‍ ടിന്‍ഷീറ്റ് ഉപയോഗിച്ചാണ് മേല്‍ക്കൂര മറച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍ അടക്കം 18 ജീവനക്കാരാണ് ഇവിടെ തങ്ങുന്നത്. തകഴി ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താതതിനാല്‍ അനുമതി ലഭിച്ചിട്ടും അഗ്‌നിശമനസേന യൂണിറ്റ് പ്രവര്‍ത്തനം നിലച്ചുകിടക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു.
അഗ്‌നിശമനസേനയുടെ മൂന്ന് ഫയര്‍ എന്‍ജിന്‍ തുറന്ന സ്ഥലത്താണ് പാര്‍ക്കുചെയ്യുന്നത്. വാഹനം കയറ്റിയിടാനോ രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കാനോ പോലും സ്ഥലമില്ല. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് കയറിക്കിടക്കാന്‍ കൂരയെങ്കിലും സര്‍ക്കാര്‍ ശരിയാക്കണമെന്നാണ് ആവശ്യമുയരുന്നത്.
















