കോട്ടയം: ചങ്ങനാശ്ശേരി എംഎല്‍എ സി.എഫ്. തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആവശ്യം. കോട്ടയം മെഡിക്കല്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. സി.പി. മാത്യു പത്രസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 35 വര്‍ഷം എംഎല്‍എ ആയിരുന്ന സി.എഫ്. തോമസ് ഇനിയെങ്കിലും സീറ്റൊഴിഞ്ഞുകൊടുക്കണം. ജില്ലയിലെ പല നിയോജകമണ്ഡലങ്ങളെക്കാള്‍ വികസനത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ് ചങ്ങനാശ്ശേരി. നിയമസഭയില്‍ സ്വന്തം നിയോജകമണ്ഡലങ്ങള്‍ക്കുവേണ്ടി ഇടപെടലുകള്‍ നടത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇതുമൂലം സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട നിരവധി സ്ഥാപനങ്ങള്‍, സ്ഥാനങ്ങള്‍ എന്നിവയെല്ലാം ചങ്ങനാശ്ശേരിക്ക് നഷ്ടമായി.
ചങ്ങനാശ്ശേരിയുടെ രാഷ്‌ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായ സി.എഫ്. തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസാണ് ചങ്ങനാശ്ശേരിയെ പ്രതിനിധീകരിക്കാന്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയെന്നും ഡോ. സി.പി. മാത്യു അഭിപ്രായപ്പെട്ടു.
















