കോട്ടയം: ബാര്‍കോഴ കേസ്സില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതാവ് പി.സി. ജോസഫ് വിജിലന്‍സ് കോടതിയെ സ്വാധീനിച്ചതായി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ് ആരോപിച്ചു. കോട്ടയത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ്സില്‍ വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ തുടരന്വേഷണം ഉണ്ടാവുമെന്ന് പി.സി. ജോസഫും ഫ്രാന്‍സിസ് ജോര്‍ജ്ജും പൊതുവേദിയില്‍ പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന്റെ ഗതിവിഗതികളില്‍ ന്യായാധിപന്റെ സമീപവാസിയായ പി.സി. ജോസഫിനുള്ള പങ്കാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്നും പ്രിന്‍സി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തുടര്‍‘ഭരണത്തില്‍ ‘ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പാര്‍ട്ടിവിട്ട് പുറത്തുപോയിട്ടുള്ളത്. യുഡിഎഫിന് ഒപ്പംനിന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷത്തിന് ഒത്താശ ചെയ്തവരാണ് ഇക്കൂട്ടര്‍. ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ എല്ലാം സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തിമൂലമുള്ളതാണ്. ചങ്ങനാശ്ശേരി അടക്കമുള്ള മൂന്ന് മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുമായി സീറ്റ് ധാരണയില്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം.
കേരള കോണ്‍ഗ്രസ്സിനെയും കെ.എം. മാണിയെയും നിരന്തരമായി അപമാനിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ കണ്ണിലെ തിമിരം അസൂയയുടേതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം സ്ഥാനമാനങ്ങള്‍ രാജിവയ്‌ക്കുന്നതിന് പിന്നില്‍ തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയല്ലെന്ന തിരിച്ചറിവാണ്. ആദര്‍ശം പ്രസംഗിക്കുന്ന പാര്‍ട്ടിനേതാക്കള്‍ സാധാരണ പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച് മാതൃക കാട്ടണമെന്നും പ്രിന്‍സ് പറഞ്ഞു. കെ.എം.മാണിയേയും പി.ജെ. ജോസഫിനെയും ഇടതുപാളയത്തില്‍ എത്തിക്കാന്‍ പലകുറി ശ്രമിച്ച് പരാജിതരായ ഇടതുനേതാക്കള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നത് ചന്തുമേനോന്റെ കഥയെ അനുസ്മരിക്കുന്നതാണ്. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ തോഴിയാണെങ്കിലും മതിയെന്ന സൂര്യനമ്പൂതിരിപ്പാടിന്റെ വേഷമാണ് ഇടതുമുന്നണിയുടേത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സാജന്‍ തൊടുക, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















