ആലപ്പുഴ: ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയോഗം കളക്ടര്‍ ആര്‍. ഗിരിജയുടെ ആധ്യക്ഷ്യത്തില്‍ ചേര്‍ന്നു. കിഴക്കന്‍ മേഖലാ വിജിലന്‍സ് ആന്‍ഡ് ആന്റീ കറപ്ഷന്‍ എസ്പി അലക്‌സ് എം. വര്‍ക്കി സന്നിഹിതനായി. സമിതിക്ക് ലഭിച്ച എട്ടു പരാതികള്‍ ചര്‍ച്ച ചെയ്തു. സമയബന്ധിതമായി പരാതികള്‍ തീര്‍പ്പാക്കുന്നതും സര്‍ക്കാര്‍ സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതും അഴിമതി തടയുന്നതിന്റെ ഭാഗമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കഞ്ഞിക്കുഴിയില്‍ അനധികൃതമായി നികത്തിയ നിലംപൂര്‍വസ്ഥിതിയിലാക്കാനുള്ള ഉത്തരവ് നല്‍കിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ നിലംനികത്താനുള്ള അനുമതി നികത്തിയതിന് ശേഷമാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു.
വര്‍ക്‌ഷോപ്പിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും സബ് എന്‍ജിനീയറും കൈക്കൂലി വാങ്ങിയതായ പരാതിയില്‍ കെഎസ്ഇബിയോട് വകുപ്പുതല നടപടിയുടെ വിശദാംശങ്ങള്‍ ആരായാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എഡിഎം ജെ.ഗിരിജ, വിജിലന്‍സ് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
















