കുന്നത്തൂര്‍: ശൂരനാട് വടക്ക് വില്ലേജ് ഓഫീസിന്റെ മതില്‍ ഏത് നിമിഷവും നിലപൊത്താവുന്ന അവസ്ഥയിലായിട്ടും അധികൃതര്‍ക്ക് മൗനം.
കരിങ്കല്‍ കൊണ്ട് നിര്‍മ്മിച്ച മതിലിന്റെ ഗേറ്റിനോട് ചേര്‍ന്ന’ഭാഗമാണ് ഏത് നിമിഷവൂം വീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. നിരവധി ആളുകള്‍ ദിവസവും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന ഓഫീസാണിത്. അതിനാല്‍ തന്നെ അപകട ഭീഷണി വലുതാണ്. ഗേറ്റിനോട് ചേര്‍ന്ന് മതിലിന്റെ ഭാഗം പൂര്‍ണമായും പൊളിഞ്ഞ് രണ്ടായിട്ടാണ് നില്‍ക്കുന്നത്. പ്രധാന പാതയോട് ചേര്‍ന്നു നില്‍ക്കുന്ന മതില്‍ റോഡിലേക്ക് തകര്‍ന്നുവീണാല്‍ വലിയ അപകടത്തിനിടയാക്കും.
വില്ലേജ് ഓഫീസ് കെട്ടിടവും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. കാലവര്‍ഷത്തിന് മുന്‍പ് ഇവ പരിഹരിക്കണമെന്നാണ് ജീവനക്കാരുടെയും ആവശ്യം. അപകട ഭീഷണിയില്‍ നില്‍ക്കുന്ന മതില്‍ പൊളിച്ച് നീക്കുകയോ പുതുക്കി പണിയുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാരും പറയുന്നു.
















