ഏറ്റുമാനൂര്‍: എന്‍ഡിഎ സഖ്യത്തിനു വേണ്ടി കേരളം പാകമായിരിക്കുന്നുവെന്നും മാറ്റത്തിനു വേണ്ടി തയ്യാറായിരിക്കുന്ന അവസരം വേണ്ടവണ്ണം വിനിയോഗിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍.
ഏറ്റുമാനൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയില്‍ ജനം കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നു. ഒരിക്കല്‍ ബിജെപി യെ ദൂരെ നിന്നു മാത്രം നോക്കിക്കണ്ടിരുന്നവര്‍ ഇപ്പോള്‍ അടുത്തേക്കും അകത്തേക്ക് വരാന്‍ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ബിഡി ജെ എസ് കണ്‍വീനര്‍ അഡ്വ. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















