പത്തനംതിട്ട: ദേശ ദ്രോഹികള്‍ക്കെതിരേ ദേശ സ്നേഹികള്‍ ഒരുമിക്കേണ്ട സമയമായെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ രാഷ്ട്ര രക്ഷാവേദി സംഘടിപ്പിച്ച ദേശ ഭക്തസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തേയും ദേശീയ മാനബിന്ദുക്കളേയും അപഹസിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇതിനെ എതിര്‍ക്കുന്നതിന് പകരം രാഷ്ട്രീയ ലാഭത്തിനായി പലരും അനുകൂലിക്കുകയാണ്. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി രാഷ്ട്രബോധമുള്ള ജനതയായി നമ്മള് മാറണം. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കാലങ്ങളായി ദേശ വിരുദ്ദ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇടതുപക്ഷക്കാരായ പ്രൊഫസര്‍മാരുടെ നേതൃത്വത്തിലാണ് ഇവിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടപ്പാക്കുന്നത്. നമ്മുടെ ദേശീയ പതാക അവിടെ ഉയര്‍ത്താന്‍പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ തകര്‍ക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുമടക്കം പണം പലഗ്രൂപ്പുകള്ക്കും എത്തുന്നുണ്ട്. ഇക്കൂട്ടരാണ് ഭാരതത്തിന്റെ ചെറുഗ്രാമങ്ങളില്പോലുമുണ്ടാകുന്ന നിസ്സാര പ്രശ്നങ്ങള്‍ പര്‍വ്വതീകരിച്ച് പ്രചരണം നടത്തി ജനങ്ങള്‍ക്കിടയില്‍ അരക്ഷിതബോധം വളര്‍ത്തുന്നത്. ഇസ്ലാമിക തീവ്രവാദികളും നക്സലൈറ്റുകളും അടങ്ങുന്ന ഗ്രൂപ്പുകളുടെ പിടിയിലാണ് ഇന്ന് ഈ സര്‍വ്വകലാശാല. ദേശ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പരസ്യമായ ദേശ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലു കഴിയുന്നില്ല. കോണ്‍ഗ്രസും സിപിഎമ്മും ദേശദ്രോഹികള്ക്കൊപ്പമാണ് നിലകൊള്ളുന്നത്. ഇന്ന് ഭാരതം നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയിട്ടും ദേശ സ്നേഹികള്‍ കൈയുംകെട്ടിയിരുന്നിട്ട് കാര്യമില്ല. സജീവമായി രാഷ്ട്ര നന്മയ്ക്കായി രംഗത്തെത്തേണ്ട സമയമാണിതെന്നും ഇത്തരം ദേശഭക്തസംഗമങ്ങള് സംഘടിപ്പിക്കാന്‍ യുവജനങ്ങള്‍ താല്പര്യം കാട്ടുന്നതും ഏറെ ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. ടി.ന്.ബാലചന്ദ്രന് അദ്ധ്യക്ഷതവഹിച്ചു. വി.എന്‍.ഉണ്ണി, ടി.വി.അഭിലാഷ്, കെ.ജി.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: