അരൂര്‍: അരൂര്‍ പള്ളി ബസ് സ്റ്റോപ്പില്‍ അപകടങ്ങള്‍ കുറയ്‌ക്കാന്‍ പുതിയതായി നിര്‍മിച്ച ബസ്്‌വേ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പൊടിയും ചെളിയും മൂലം ഇവിടെ ബസ്സ് കാത്തുനില്‍ക്കുന്നവരും സമീപത്തെ കച്ചവടക്കാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
എരമല്ലൂര്‍ മുതല്‍ അരൂര്‍ പള്ളിവരെയുള്ള ബസ് സ്റ്റോപ്പുകളില്‍ ബസ്സ്‌വേ ഇല്ലാത്തതിനാല്‍ ദേശീയപാതയിലാണ് ബസ് നിര്‍ത്തിയിരുന്നത്. ഇതുമൂലം അപകടങ്ങള്‍ പെരുകുന്നതിനെ തുടര്‍ന്നാണ് കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം അരൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ബസ് വേ നിര്‍മിച്ചത്. എന്നാല്‍ ഇവിടം ടാര്‍ ചെയ്യാത്തതു മൂലം യാത്രക്കാര്‍ വലയുകയാണ്.
ദേശീയപാതയില്‍ എല്ലാ ഭാഗത്തു ബസ് വേ നിര്‍മിച്ചിട്ടുണ്ടെങ്കിലും അരൂരിലേത് ബസ് സ്റ്റോപ്പുമായി ബന്ധമില്ലാത്ത നിലയിലാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈആവശ്യം ഉന്നയിച്ച് ദേശീയപാത അധികൃതര്‍ക്ക് അടക്കം പരാതി നല്‍കാനുള്ള ഒരുക്കത്തിലാവിവിധ സംഘടനകള്‍. ബസ് വേ നിര്‍മിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ടാറിങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കാത്തത് മേഖലയോട് അധികാരികള്‍ കാട്ടുന്ന അവഗണനയുടെ ഭാഗമാണെന്നാണ് നാട്ടുകാരുടെ പരാതി.
കൊച്ചിയുടെ ഉപ നഗരമായി വളരുന്ന അരൂരിന്റെ പുരോഗതിക്ക് സഹായകമാകുന്ന റോഡു വികസനമടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















