കുന്നത്തൂര്‍. നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സീറ്റിനായി പരിശ്രമിക്കുന്ന ആര്‍എസ്പി (എല്‍) നേതാവ് കോവൂര്‍ കുഞ്ഞുമോന് പുതിയ വെല്ലുവിളിയായി പോസ്റ്റര്‍ പ്രചരണം. ശൂരനാട്, ചക്കുവള്ളി ഭാഗങ്ങളിലാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. സേവ് എല്‍ഡിഎഫ് ഫോറം എന്ന പേരിലാണ് പോസ്‌റര്‍ ഇറക്കിയിട്ടുള്ളത്.
എല്‍ഡിഎഫിനെ അധപതിച്ച തറവാടെന്നും തൊഴിലാളി വര്‍ഗത്തെ ദുഷിച്ചവര്‍ എന്നും അധിക്ഷേപിച്ച കരിങ്കാലി കുഞ്ഞുമോന് ശൂരനാട് വോട്ടില്ല എന്നാണ് പോസ്‌ററുകളില്‍ എഴുതിയിട്ടുള്ളത്. കഴിഞ്ഞദിവസം സിപിഐ യോഗത്തില്‍ കുഞ്ഞുമോനെതിരെ രൂക്ഷമായ വിമര്‍ശനം ആണ് ഉയര്‍ന്നത്. കുന്നത്തൂര്‍ സീറ്റ് കുഞ്ഞുമോന് നല്‍കാനുള്ള സിപിഎം നീക്കതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉണ്ടായതു. സിപിഎമ്മിലെ ഒരുവിഭാഗവും കുഞ്ഞുമോനെതിരെ രംഗത്തുണ്ട്. ആര്‍എസ്പി (എല്‍) ക്ക് വെറും നാല്‍പ്പത് പേരുടെ അംഗബലം മാത്രമേ കുന്നത്തൂരില്‍ ഉള്ളു എന്നാണ് സിപിഎം സര്‍വ്വേ കണ്ടെത്തല്‍ എന്നും ഒരു വിഭാഗം നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. കുഞ്ഞുമോനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ തുടക്കമാണ് പോസ്‌റര്‍ പ്രചരണം എന്നാണ് വിലയിരുത്തല്‍. കുഞ്ഞുമോനെതിരെ നേരത്തെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും പൊടി തട്ടിയെടുക്കാന്‍ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. പോസ്‌റര്‍ പ്രചരണം എല്‍ഡിഎഫില്‍ തര്‍ക്കങ്ങള്‍ക്കും വഴിമരുന്നിട്ടു കഴിഞ്ഞു.
















