ശാസ്ത്രസാങ്കേതിക പുരോഗതി പരമോന്നതിയിലെത്തിനില്ക്കുന്നുവെങ്കിലും ശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ശാസ്ത്രത്തിന്റെ ഉത്ഭവം എന്നുമുതല്ക്കാണ് എന്ന സമസ്യയുടെ ഉത്തരത്തിന് സമന്വയീ സ്വഭാവമില്ലെങ്കിലും അത് മനുഷ്യോല്പ്പത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് നിസ്സംശയം പറയാം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടും പ്രതികൂല പരിതസ്ഥിതികളോട് പ്രതികരിക്കുന്നതിനുവേണ്ടിയും തനിക്കു ജീവിക്കണമെന്ന അദമ്യമായ അഭിവാഞ്ജയും ഒക്കെ പലതരം കണ്ടുപിടിത്തങ്ങളിലേക്കു നയിച്ചു. തീയുണ്ടാക്കാനുള്ള വിദ്യ, കല്ലും എല്ലും കൂര്‍പ്പിച്ച് ആയുധങ്ങളുണ്ടാക്കാനുള്ള വിദ്യ, ഭക്ഷണം വേവിക്കാനുള്ള വിദ്യ, തെറ്റാലിയും കുന്തവും തുടര്‍ന്ന് അമ്പും വില്ലുമുണ്ടാക്കാനുള്ള വിദ്യ അങ്ങനെ പോകുന്നു ആദിമനുഷ്യന്റെ കണ്ടുപിടുത്തങ്ങളുടെ കലവറ.
ജീവിക്കാനുള്ള വ്യഗ്രതകൊണ്ട് വികസിപ്പിച്ച കണ്ടുപിടുത്തങ്ങള്‍ പിന്നീട് നിരീക്ഷണത്തിലേക്കു നയിച്ചു. അങ്ങനെ കളിമണ്പാത്രങ്ങളുണ്ടാക്കാനും ചക്രമുണ്ടാക്കാനും പ്രേരകമായി. തുടര്‍ന്ന് നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, എന്തുകൊണ്ട്, എങ്ങനെ എന്ന ചോദ്യം ഉയര്‍ത്തിപ്പിടിച്ച് ചിന്തിക്കുവാനും തുടങ്ങി. ഒപ്പം ശാസ്ത്രം വളരാനും തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ നിരീക്ഷണം- ചിന്തിക്കല്‍-കണ്ടുപിടുത്തം-പരീക്ഷണം-നിരീക്ഷണം-പുതിയ കണ്ടുപിടുത്തം, ഇപ്രകാരമുള്ള ഒരു ചംക്രമണ പ്രക്രിയ ശാസ്ത്രവളര്‍ച്ചയില്‍ നമുക്കു കാണാന്‍ കഴിയും.
ശാസ്ത്രദര്‍ശനം വളര്‍ന്നപ്പോള്‍ ശാസ്ത്രം പല വിഭാഗങ്ങളായി, ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിങ്ങനെ നിരീക്ഷണങ്ങളില്‍ നിജപ്പെടുത്തിയ പ്രാചീനശാസ്ത്രത്തില്നിന്ന് അന്ധവിശ്വാസങ്ങളെയും മറ്റും നിഷ്കാസനം ചെയ്ത് പരീക്ഷണത്തിലധിഷ്ഠിതമായ ആധുനികശാസ്ത്രത്തിന് വഴിതെളിച്ചു. ശാസ്ത്രത്തില്‍നിന്ന് സാങ്കേതികവിദ്യയും അതില്‍നിന്ന് വികസനവും സാക്ഷാല്‍ക്കരിച്ചു. ആധുനികശാസ്ത്ര വികസനത്തില്‍ ഗ്രീക്ക്, സിന്ധുനദീതട സംസ്കാരങ്ങളുടെ സംഭാവനകള്‍ ഏറെ വലുതാണ്. മൃഗശക്തി ഉപയോഗിച്ചു വലിക്കുന്ന വണ്ടിയില്‍നിന്നും യന്ത്രശക്തി ഉപയോഗിച്ചു പായുന്ന കാറുകള്‍, ബസ്സുകള്‍, തീവണ്ടികള്‍, വിമാനങ്ങള്‍, സൂപ്പര്‍സോണിക് ജറ്റ്വിമാനങ്ങള് എന്നിവയിലേക്കുള്ള ക്രമാനുഗതമായ പ്രയാണം; ചന്ദ്രനിലും ചൊവ്വയിലും വരെ പോയി മടങ്ങിവരാനുള്ള ബഹിരാകാശ ഷട്ടിലുകള്‍ വരെ വികസിച്ചുനില്‍ക്കുന്നു.
വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റം നിമിത്തം വിജ്ഞാനം വിരല്‍ത്തുമ്പിലാക്കാനും ഉലകംതന്നെ ഉള്ളംകൈയിലൊതുക്കാനും മനുഷ്യനു കഴിഞ്ഞിരിക്കുന്നു. ഈവിധമുള്ള ശാസ്ത്ര-സാങ്കേതിക-മാനവപുരോഗതിക്ക് എത്രയെത്ര ശാസ്ത്രജ്ഞന്മാരോട് നാം കടപ്പെട്ടിരിക്കുന്നു? ഗലീലിയോ, ഐസക് ന്യൂട്ടണ്‍, ആര്‍ക്കിമിഡീസ്, തോമസ് ആല്‍വാ എഡിസണ്, ഡാവിഞ്ചി, മൈക്കല്‍ ഫാരഡേ, ഐന്സ്റ്റൈന്….ഇങ്ങനെ അനന്തമായി നീളുന്ന ഒട്ടേറെ ശാസ്ത്രജ്ഞന്മാരുടെ പട്ടിക. വൈദ്യശാസ്ത്രരംഗത്ത് ലൂയിപാസ്റ്റര്‍, റോണ്ട്ജന് എന്നിവരുടെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. പരീക്ഷണത്തിനിടെ ആയിരം പ്രാവശ്യം പരാജയപ്പെട്ടെങ്കിലും ആവേശത്തോടെ മുന്നേറി വൈദ്യുതബള്‍ബ് കണ്ടുപിടിച്ച എഡിസന്റെ പേരില്‍ ആയിരത്തോളം കണ്ടുപിടുത്തങ്ങളും അത്രത്തോളം പേറ്റന്റുകളുമുള്ളതിലതിശയിക്കാനില്ല.
ബൗദ്ധികസ്വത്തവകാശത്തിന്റെ പ്രസക്തി
ശാസ്ത്രചരിത്രം പരിശോധിച്ചാല്‍ ഉപജ്ഞാതാവ് അല്ലെങ്കില്‍ ശാസ്ത്രജ്ഞന് എന്ന വ്യക്തിയുടെ സംഭാവനകളാണ് കണ്ടുപിടുത്തം എന്ന് മനസിലാക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തന്റെ ബൗദ്ധികമണ്ഡലത്തില്‍ ക്രിയാക്തമകമായ ചിന്തകള്‍ മനനംചെയ്ത് മഥനം ചെയ്തുകൊണ്ട് ഉരുത്തിരിഞ്ഞുവരുന്നതാണ് കണ്ടുപിടുത്തങ്ങള്‍. ഫലഭൂയിഷ്ടമായ ഭൂമിയില്‍ കളമൊരുക്കി, ഉഴുതുമറിച്ച് വെള്ളവും വളവും ചേര്‍ത്ത് വിത്തുനട്ട് വേണ്ടതുപോലെ പരിപോഷിപ്പിച്ചാല്‍ അതില്‍നിന്നും സ്വാദിഷ്ടമായ പഴങ്ങളും മറ്റും വിളയിച്ചെടുക്കുന്നതുപോലത്തെ പ്രക്രിയയാണിത്. നല്ല വിളവ് ലഭിക്കാന്‍ ഫലഭൂയിഷ്ടമായ ഭൂസ്വത്ത് വേണമല്ലോ. അതുപോലെ സമ്പുഷ്ടമായ ബൗദ്ധികസ്വത്തുണ്ടെങ്കിലേ കണ്ടുപിടുത്തങ്ങളും കലാസാഹിത്യസൃഷ്ടികളും നൂതന ആശയങ്ങളും ജനിക്കുകയുള്ളൂ. ഇവിടെയാണ് ബൗദ്ധികസ്വത്തിന്റെയും ബൗദ്ധികസ്വത്തവകാശത്തിന്റെയും പ്രസക്തി.
സാങ്കേതിക-സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഇന്ധനമായി വിവരങ്ങളും അറിവുകളും മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ശാസ്ത്രസാങ്കേതിക മേഖലയുടെ മേധാശക്തിയും ഒത്തുചേരുമ്പോള്‍ ബൗദ്ധികസ്വത്തും കൂടിക്കൂടിവരികയാണ്. വേറൊരു രീതിക്കു നോക്കിയാല്‍ വ്യാവസായിക വളര്‍ച്ചക്കടിസ്ഥാനം പുതിയ ഉല്‍പ്പന്നങ്ങളും കണ്ടുപിടുത്തങ്ങളുമാണ്. കൂടാതെ സമൂഹത്തിന്റെ ഉന്നതിക്കും ജീവിതശൈലി മെച്ചപ്പെടാനുമൊക്കെ അവ കാരണമായിത്തീരുന്നു. അതായത്, ബൗദ്ധികസ്വത്തിന്റെ വളര്‍ച്ച വ്യാവസായിക-സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക വളര്‍ച്ചയുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് വ്യക്തം. കാര്യമിങ്ങനെയൊക്കെയാണെങ്കിലും ഏറെ അബദ്ധചിന്തകളും തെറ്റിദ്ധാരണകളും അനാവശ്യപ്രചാരണങ്ങളും ഒക്കെ ഉണ്ടാക്കിയ വിഷയമാണ് ബൗദ്ധികസ്വത്താവകാശങ്ങള്. ലോകവ്യാപാര സംഘടനയുടെ കീഴിലുള്ള ട്രിപ്സിന്റെ നിര്‍വ്വചനമനുസരിച്ച് ഏഴുതരം ബൗദ്ധികസ്വത്തവകാശങ്ങളാണുള്ളത്. പേറ്റന്റുകള്‍, പകര്‍പ്പവകാശം, വ്യാപാരമുദ്ര, വ്യാവസായിക രൂപകല്പനകള്, ഭൗമശാസ്ത്രസൂചകങ്ങള്, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന്റെ രൂപഘടനകള്‍, വ്യാപാരരഹസ്യങ്ങള്‍ എന്നിവയാണ് അവ.
വികസനത്തിന്റെയും അളവുകോല്‍
നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു ഉപജ്ഞാതാവിന് തന്റെ കണ്ടുപിടുത്തത്തിന്റെ നിര്‍മ്മാണം, ഉപയോഗം, ഉല്പാദനം, വിപണനം എന്നിവക്കായി ഒരു രാജ്യം നല്കുന്ന സമ്പൂര്‍ണ അവകാശവും അംഗീകാരവുമാണ് പേറ്റന്റ്. ഉപജ്ഞാതാവിന്റെ സമ്മതം കൂടാതെ പ്രസ്തുത ഉല്‍പ്പന്നം മറ്റാരും നിര്‍മ്മിക്കുകയോ ഉപയോഗിക്കുകയോ വ്യാവസായികാടിസ്ഥാനത്തില്‍ വിപണനം ചെയ്യുകയോ ഇല്ലെന്ന ഉറപ്പുകൂടി ഉപജ്ഞാതാവിന് പേറ്റന്റ് വഴി ലഭിക്കുന്നു. ഇങ്ങനെ ബൗദ്ധികസ്വത്തിന്മേലുള്ള ചൂഷണം ഒഴിവാക്കി മറിച്ച് ഉപജ്ഞാതാവിന് സംരക്ഷണം നല്കി സാമ്പത്തികനേട്ടം ഉറപ്പാക്കാന്‍ പേറ്റന്റിന് കഴിയും. ഇങ്ങനെയെല്ലാം ബൗദ്ധിക മണ്ഡലത്തിലെ ക്രിയാത്മകതയില്‍ ഉരുത്തിരിഞ്ഞുവരുന്ന കണ്ടുപിടിത്തങ്ങള്‍ക്ക് പ്രോത്സാഹനവും പ്രചോദനവും പേറ്റന്റ് നല്കുന്നു. മറ്റുള്ള ബൗദ്ധികസ്വത്തവകാശങ്ങളും അങ്ങനെതന്നെ. അതുകൊണ്ട് കണ്ടുപിടുത്തത്തിനും അതുവഴിയുള്ള ശാസ്ത്രസാങ്കേതിക വികസനത്തിനും ആക്കംകൂട്ടാന്‍ ബൗദ്ധികസ്വത്തവകാശത്തിനു കഴിയും.
ബൗദ്ധികസ്വത്തുക്കളുടെ എണ്ണവും വ്യാപ്തിയും ഒരു രാഷ്ട്രത്തിന്റെ വികസനത്തിന്റെപോലും അളവുകോലായി ചിത്രീകരിക്കപ്പെടുന്നു. പല രാജ്യങ്ങളും (വിശിഷ്യാ വികസിതരാജ്യങ്ങള്‍) ബൗദ്ധികസ്വത്തുക്കളുടെ എണ്ണംവെച്ചുകൊണ്ട് മത്സരിക്കുന്നതായി കാണാം. ഭാരതത്തിന്റെ ഏതാണ്ട് അഞ്ചിലൊന്നുമാത്രം ജനസംഖ്യയുള്ള അമേരിക്കയിലെ പേറ്റന്റുകളുടെ എണ്ണം ഭാരതത്തിനേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്. ഏതാണ്ട് ഒന്നരലക്ഷത്തിലേറെ. ജപ്പാനും ചൈനയും ഇക്കാര്യത്തില്‍ അമേരിക്കയെ പിന്തള്ളിയിരിക്കയാണ്. ഏതായാലും ബൗദ്ധികസ്വത്താവകാശങ്ങളുടെ സംരക്ഷണവും പ്രാധാന്യവും ശാസ്ത്രസാങ്കേതിക വികസനരംഗത്തെ ത്വരിതപ്പെടുത്തുമെന്നും പുതിയ പുതിയ നിരവധി കണ്ടുപിടിത്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും സാരം.
(ലേഖകന്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ജോയിന്റ് ഡയറക്ടറും കേരള പേറ്റന്റ് സേവനകേന്ദ്രത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസറുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: