തുറവൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വൈദ്യുതി ലൈന്‍ മാറ്റിക്കിട്ടിയതിന്റെ ആശ്വാസവുമായി പ്രസന്ന സുരേഷും കുടുംബവും. സര്‍ക്കാര്‍ ഐഎവൈ പദ്ധതിപ്രകാരം അനുവദിച്ച വീട് നിര്‍മ്മിക്കുന്നതിന് തടസമായിയിരുന്ന വൈദ്യുതി ലൈന്‍ മാറ്റുന്നതിനായി പട്ടികജാതി വിഭാഗത്തില്‍പെട്ട വയലാര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ മാളിയേക്കല്‍ നികര്‍ത്തില്‍ പ്രസന്ന സുരേഷ് ഒരു വര്‍ഷം മുമ്പാണ് പട്ടണക്കാട് സെക്ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയത്.
മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അധികൃതരെത്തി എസ്റ്റിമേറ്റ് തയാറാക്കി പോസ്റ്റ് മാറ്റുന്നതിനുള്ള ചെലവിലേക്കായി നാല്പതിനായിരം രൂപ കെട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ജില്ല കളക്ടര്‍ക്ക് അപേക്ഷ നല്‍കി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും മറ്റൊരു എഞ്ചിനീയര്‍ എസ്റ്റിമേറ്റെടുത്തതിനെത്തുടര്‍ന്ന് ഏഴായിരത്തി നാനുറ്റി എണ്‍പത്തിനാലു രൂപ മാത്രമാണ് ചെലവിനായി അടക്കാന്‍ നിര്‍ദ്ദേശിച്ചത്.
പണമടച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസത്തിനുളളില്‍ ലൈന്‍ മാറ്റുകയും ചെയ്തു. ലൈന്‍ മാറ്റുന്നതിനായി നേരിട്ട കാലതാമസം വീടുപണിക്കായി ഇറക്കിയ കമ്പി ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ തുരുമ്പെടുത്ത് നശിച്ചതായി ഇവര്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥമൂലം വന്‍നഷ്ടമാണ് പട്ടികജാതി കുടുംബത്തിനുണ്ടായത്.
















